2014-05-06 17:16:47

മനുഷ്യാവകാശ സംരക്ഷണത്തിന് പരിശുദ്ധ സിംഹാസനത്തിന്‍റെ നിലപാടുകൾ സുശക്തം


06 മെയ് 2014, ജനീവ
മനുഷ്യാവകാശ സംരക്ഷണം ലക്ഷ്യമിട്ട്, ‘ക്രൂരപീഢനത്തിനെതിരേ’ (torture) പരിശുദ്ധ സിംഹാസനം അതിശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് യു.എന്നിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് സിൽവാനോ തോമാസി.

യു.എൻ ‘പീഡന വിരുദ്ധ ഉടമ്പടി’ (CAT) അംഗീകരിച്ചിട്ടുള്ള രാജ്യങ്ങൾ അത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഉന്നതതല സമിതിക്കു മുൻപിൽ മെയ് 5ന് പരിശുദ്ധ സിംഹാസനത്തിന്‍റെ റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു ആർച്ചുബിഷപ്പ് തോമാസി. 2002ലാണ് പരിശുദ്ധ സിംഹാസനം ഉടമ്പടിയിൽ ഒപ്പുവച്ചത്. ഉടമ്പടി പാലിക്കാൻ വത്തിക്കാൻ രാഷ്ട്രം സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് ആർച്ചുബിഷപ്പ് തോമാസി ഉന്നതതല സമിതിയോട് വിശദീകരിച്ചു.
അതേസമയം, എല്ലാ കത്തോലിക്കരേയും വത്തിക്കാൻ രാഷ്ട്രത്തിന്‍റെ അധികാര പരിധിയിൽ ഉൾപ്പെടുത്തി, ലോകമെമ്പാടുമുള്ള സഭാംഗങ്ങളുടെ വീഴ്ച്ചകളുടെ പേരിൽ പരിശുദ്ധ സിംഹാസനത്തെ കുറ്റപ്പെടുത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ രാജ്യത്തുമുള്ള കത്തോലിക്കർ അവരവരുടെ രാഷ്ട്ര നിയമങ്ങൾക്കു വിധേയരായാണ് ജീവിക്കുന്നത്. ഉടമ്പടിയിലെ കരാറുകളെക്കുറിച്ചാണ് വിദഗ്ദ സമിതി അന്വേഷിക്കേണ്ടതെന്നും, ഉടമ്പടിയിൽ ഇല്ലാത്ത വിഷയങ്ങളെക്കുറിച്ച് സമിതി ആരായുന്നത് സംശയജനകമാണെന്നും ആർച്ചുബിഷപ്പ് സിൽവാനോ തോമാസി പ്രസ്താവിച്ചു.







All the contents on this site are copyrighted ©.