2014-05-06 08:19:59

ഫാ. കോച്ചേരി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായി പോരാടി: മാര്‍ ജോര്‍ജ് ആലഞ്ചേരി


05 മെയ് 2014, കൊച്ചി

ദിവ്യരക്ഷക സന്യാസസഭാംഗമായ ഫാ. തോമസ് കോച്ചേരിയുടെ ദേഹവിയോഗത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

മത്സ്യത്തൊഴിലാളികളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശസമരങ്ങള്‍ക്കു വളരെ ശക്തമായ നേതൃത്വം നല്കിയ വൈദികനായിരുന്നു തോമസച്ചന്‍. ദേശീയ-രാജ്യാന്തര തലങ്ങളിലുള്ള മത്സ്യത്തൊഴിലാളി സംഘടനകളുടെ നേതൃതലങ്ങളില്‍ പ്രവര്‍ത്തിച്ച ഫാ. തോമസ് കോച്ചേരി, ഉപജീവനത്തിനായി മത്സ്യബന്ധനം നടത്തുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി ശ്രദ്ധേയങ്ങളായ സമരങ്ങള്‍ നയിക്കുകയും ട്രോളിംഗ് നിരോധനം പോലുള്ള തീരുമാനങ്ങള്‍ ഭരണതലങ്ങളില്‍ എടുപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. മത്സ്യത്തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി. ഗാന്ധിയന്‍ മാതൃകയിലുള്ള നിരാഹാര സമരമുറകളിലൂടെയും നിയമമാര്‍ഗങ്ങളിലൂടെയും ജനകീയ അവകാശങ്ങള്‍ സംരക്ഷിക്കാനാണു തോമസച്ചന്‍ ശ്രമിച്ചത്.

നാല്പത്തിമൂന്നു വര്‍ഷം നീണ്ട തന്‍റെ പൗരോഹിത്യ ജീവിതത്തിലൂടെ തോമസ് കോച്ചേരിയച്ചന്‍ തിരുസഭയ്ക്കും പൊതുസമൂഹത്തിനും വളരെ പ്രത്യേകമായി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നല്കിയ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുന്നവയാണെന്നും കര്‍ദിനാള്‍ അനുശോചനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Source: SMCIM







All the contents on this site are copyrighted ©.