2014-05-06 17:16:23

ഫാ. കൈപ്പന്‍പ്ലാക്കല്‍ എല്ലാവര്‍ക്കും മാതൃക: മാര്‍ ആലഞ്ചേരി


06 ഏപ്രിൽ 2014, കോട്ടയം

പാവങ്ങളോടുള്ള പ്രതിബദ്ധതയില്‍ ജീവിച്ച ഫാ. ഏബ്രഹാം കൈപ്പന്‍പ്ളാക്കല്‍ വൈദികര്‍ക്കു മാത്രമല്ല, എല്ലാ ക്രൈസ്തവ സഹോദരീ സഹോദരന്മാര്‍ക്കും മാതൃകയാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

പാവങ്ങളോടുള്ള സ്നേഹത്താല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന വൈദികശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്‍റേത്. ദീര്‍ഘായുഷ്മാനായി 101 വയസുവരെ ജീവിച്ച അച്ചന്‍ പാലായില്‍ സ്ഥാപിച്ച സ്നേഹഗിരി മിഷനറി സന്യാസിനി സഭയും എറണാകുളം-അങ്കമാലി അതിരൂപതയില്‍ സ്ഥാപിച്ച ദൈവദാന്‍ സന്യാസിനിസഭയും സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. ഈ രണ്ടു സഭകളും അനാഥരായ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംരക്ഷണത്തിനാണു പ്രാധാന്യം നല്‍കുന്നത്. ഫാ. കൈപ്പന്‍പ്ളാക്കല്‍ തന്‍റെ സമ്പാദ്യങ്ങള്‍ക്കൊപ്പം മറ്റുള്ളവരുടെ സംഭാവനകള്‍ സ്വീകരിച്ചുമാണ് ഈ ശുശ്രൂഷ ചെയ്യാന്‍ സന്യാസിനികളെ സഹായിച്ചിരുന്നത്. പാവങ്ങളോടുള്ള പ്രതിബദ്ധതയില്‍ ജീവിച്ച അദ്ദേഹം ഈ കാലഘട്ടത്തിലെ ആവശ്യങ്ങള്‍ മനസിലാക്കി ജീവിച്ച വന്ദ്യ വൈദികനാണ്.

പാലാ രൂപതയിലെ അഭിവന്ദ്യ മെത്രാന്മാരും എറണാകുളം-അങ്കമാലി അതിരൂപതയിലെ കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറ മുതലുള്ള സഭാ മേലധ്യക്ഷൻമാരും അച്ചന്‍റെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഈ പുണ്യജീവിതശൈലി ഏവരും മാതൃകയാക്കേണ്ടതുണ്ട്.

പുണ്യശ്ലോകനായ ഈ വൈദികന്‍റെ വിശുദ്ധി സഭയിലും സമൂഹത്തിലും അംഗീകരിക്കപ്പെടാന്‍ ദൈവം ഇടയാക്കട്ടെയെന്നു പ്രാര്‍ഥിക്കുന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

അനാഥരും രോഗികളുമായ അനേകായിരങ്ങള്‍ക്ക് അഭയം നല്‍കിയ ഫാ. ഏബ്രഹാം കൈപ്പന്‍പ്ലാക്കലിന് അന്തിമോപചാരമർപ്പിക്കാൻ സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങൾ എത്തിയിരുന്നു. കൈപ്പന്‍പ്ളാക്കലിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രമുഖരുടെ നിര. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മെത്രാൻമാരായ മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ തോമസ് ചക്യത്ത്, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവർക്കു പുറമേ മന്ത്രി കെ.എം. മാണി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, നഗരസഭ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ തുടങ്ങിയവരും കൈപ്പന്‍പ്ലാക്കലച്ചന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Source: SMCIM







All the contents on this site are copyrighted ©.