2014-05-05 16:49:24

യൂണിഫോമിന്‍റെ വർണ്ണശബളതയല്ല, വ്യക്തിത്വത്തിന്‍റെ മേന്മയായിരിക്കണം കൂടുതൽ ആകർഷണീയം, സ്വിസ്ഗാർഡുകളോട് പാപ്പ


05 മെയ് 2014, വത്തിക്കാൻ
വർണ്ണ ശബളമായ യൂണിഫോമിനേക്കാൾ, അതു ധരിച്ചിരിക്കുന്ന ആളുടെ വ്യക്തിത്വവും നല്ല പെരുമാറ്റവുമാണ് ജനത്തിന്‍റെ ഹൃദയം കവരേണ്ടതെന്ന് പേപ്പൽ സുരക്ഷാ സൈന്യമായ സ്വിസ്ഗാർഡുകളെ ഫ്രാൻസിസ് പാപ്പ ഉത്ബോധിപ്പിച്ചു. 30 പുതിയ സൈനികരുടെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച്, സ്വിസ്സ് ഗാര്‍ഡുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു പാപ്പ. തിങ്കളാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിലെ ക്ലമന്‍റ് ഹാളിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

സാംസ്ക്കാരിക മഹത്വം വിളിച്ചോതുന്ന എണ്ണമറ്റ ചരിത്രസ്മാരകങ്ങളും സ്മൃതിമണ്ഡപങ്ങളും റോമാ നഗരത്തെ അതിവിശിഷ്ടമാക്കുന്നുണ്ടെങ്കിലും, ഒരു പുരാവസ്തു കേന്ദ്രം എന്നതിലുപരിയായി ലോകമെമ്പാടും നിന്നെത്തുന്ന നാനാജാതി മതസ്ഥരും, വിഭിന്ന ഭാഷക്കാരും, വ്യത്യസ്ഥ സാംസ്ക്കാരിക പാരമ്പര്യമുള്ളവരുമായ തീർത്ഥാടകരുടേയും സഞ്ചാരികളുടേയും
സംഗമഭൂമി കൂടിയാണ് റോം. മാർപാപ്പയെ കാണാനും സെന്‍റ്.പീറ്റേഴ്സ് ബസിലിക്ക സന്ദർശിക്കാനും വത്തിക്കാനിലെത്തുന്നവർക്ക് സമാധാനത്തോടും സന്തോഷത്തോടും ക്രിസ്തീയ സാക്ഷ്യം നൽകാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് സ്വിസ് ഗാർഡുകളെന്ന്, പുതുതായി ചേരുന്ന അംഗങ്ങളെ പാപ്പ ഉത്ബോധിപ്പിച്ചു.

സ്വിസ് സൈനികരുടെ വേഷവിധാനം ലോകപ്രശസ്തമാണ്. യൂണിഫോമിന്‍റെ വർണ്ണശബളതയും രൂപഭംഗിയും സൈനികരുടെ വിശ്വസ്തതയും ആത്മസമർപ്പണവും വെളിപ്പെടുത്തുന്നു. ചുവപ്പും, നീലയും, മഞ്ഞയും നിറങ്ങൾ ഇടകലരുന്ന വേഷവിധാനം
സ്വിസ്ഗാർഡുകൾ യൂണിഫോമായി സ്വീകരിച്ചതിന്‍റെ ശതാബ്ദിവർഷമാണിതെന്നും പാപ്പ തദവസരത്തിൽ അനുസ്മരിച്ചു. അതേസമയം, യൂണിഫോമിനേക്കാൾ പ്രാധാന്യം അതു ധരിച്ച വ്യക്തിക്കാണ്. ആതിഥ്യമര്യാദ, സഹായമനസ്കത, സേവന സന്നദ്ധത എന്നീ പുണ്യങ്ങളുടെ പേരിലാണ് തന്‍റെ സുരക്ഷാ സൈനികർ പ്രകീർത്തിക്കപ്പെടേണ്ടതെന്നും പാപ്പ കൂട്ടിച്ചേർത്തു.

മെയ് 6നാണ് പുതിയ സ്വിസ് ഗാർഡുകളുടെ സത്യപ്രതിജ്ഞാ ചടങ്ങ്. 1527 മെയ് 6ന്, ക്ലെമന്‍റ് ഏഴാമന്‍ മാര്‍പാപ്പയുടെ ജീവന്‍ രക്ഷിക്കാൻ നടത്തിയ സാഹസിക പോരാട്ടത്തിൽ 147 സ്വിസ്സ് സൈനികര്‍ വീരമൃത്യു വരിച്ചതിന്‍റെ ചരിത്രസ്മരണയിലാണ് മെയ് 6ന് പുതിയ സൈനികരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്.








All the contents on this site are copyrighted ©.