2014-05-05 16:46:54

ബാല സംരക്ഷണ കമ്മീഷന്‍റെ പ്രഥമ സമ്മേളനം


05 മെയ് 2014, വത്തിക്കാൻ
ബാല സംരക്ഷത്തിനുവേണ്ടി ഫ്രാൻസിസ് പാപ്പ രൂപീകരിച്ച പൊന്തിഫിക്കൽ കമ്മീഷന്‍റെ പ്രഥമ സമ്മേളനം മെയ് 1 മുതൽ 3 വരെ വത്തിക്കാനിൽ നടന്നു. പേപ്പൽ വസതിയായ സാന്താ മാർത്തായിലായിരുന്നു സമ്മേളനം. കമ്മീഷന്‍റെ നിയമാവലിയും കർമ്മശൈലിയും രൂപപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ്, മാർപാപ്പയുടെ ഉപദേശക സമിതിയായ എട്ടംഗ കർദിനാൾ സംഘത്തിലെ അംഗവും, ബോസ്റ്റന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ, കര്‍‍ദ്ദിനാള്‍ ഷോൺ ഓ’മാലിയുടെ നേതൃത്വത്തിൽ കമ്മീഷന്‍റെ പ്രഥമ യോഗം നടന്നത്.
ലോകത്തിന്‍റെ ഇതര ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി കമ്മീഷൻ വിപുലീകരിക്കുന്നതിനെക്കുറിച്ചും കമ്മീഷന്‍റെ പ്രവർത്തന ശൈലിയെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തുവെന്ന് പൊന്തിഫിക്കൽ കമ്മീഷന്‍റെ ഔദ്യോഗിക പ്രസ്താവന വ്യക്തമാക്കി. പരിശുദ്ധ സിംഹാസനത്തിലെ ഇതര കാര്യാലയങ്ങളുമായും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, സുരക്ഷാ വിഭാഗമായ ജെൻഡർമേരി എന്നിവയുമായും കമ്മീഷൻ ചർച്ച നടത്തി. പ്രാദേശിക തലത്തിൽ നടപ്പിലാക്കാവുന്ന ബാല സുരക്ഷാ നടപടികളെക്കുറിച്ചാണ് കമ്മീഷൻ മുഖ്യമായും പഠിച്ചുകൊണ്ടിരിക്കുന്നത്. ബാല സുരക്ഷ ഉറപ്പുവരുത്താൻ പരിശീലന പരിപാടികൾ, ബോധവത്കരണ ക്ലാസുകൾ, വിദ്യാഭ്യാസ പദ്ധതികൾ, പീഡനം തടയാനുള്ള പ്രതിരോധ നടപടികൾ എന്നിവയ്ക്കു പുറമേ, ബാല പീഡനത്തിനെതിരേ സുതാര്യമായ നിയമനടപടികളും പെരുമാറ്റച്ചട്ടങ്ങളും കമ്മീഷൻ നിർദേശിക്കുന്നുണ്ട്.
അതേസമയം, വ്യക്തിഗത കേസുകൾ കൈകാര്യം ചെയ്യുകയല്ല കമ്മീഷന്‍റെ കർത്തവ്യമെന്നും, സഭയിൽ ലൈംഗിക പീഡനം തടയാനും, പീഡനത്തിനിരയായവർക്ക് നീതി ലഭ്യമാക്കാനും പൊതുവായ നടപടികളും പെരുമാറ്റച്ചട്ടങ്ങളും രൂപീകരിക്കാൻ നിർദേശം നൽകുകയാണ് കമ്മീഷന്‍റെ ഉത്തരവാദിത്വമെന്നും കമ്മീഷന്‍റെ പ്രസ്താവന വിശദീകരിച്ചു.
കത്തോലിക്കാ ദേവാലയങ്ങളിലും, വിദ്യാലയങ്ങളിലും, മറ്റെല്ലാ സ്ഥാപനങ്ങളിലും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ടിയുള്ള ഈ സംരംഭത്തിന് സന്മനസുള്ള എല്ലാവരും പ്രാർത്ഥനയും പിന്തുണയും നൽകണമെന്നും ബാല സംരക്ഷണ കമ്മീഷൻ അഭ്യർത്ഥിച്ചു.


മാർച്ച് 22നാണ് ബാല സംരക്ഷണത്തിനുവേണ്ടിയുള്ള പുതിയ പൊന്തിഫിക്കൽ കമ്മീഷൻ ഔദ്യോഗികമായി മാർപാപ്പ സ്ഥാപിച്ചത്. മാർപാപ്പയുടെ ഉപദേശക സമിതിയായ എട്ടംഗ കർദിനാൾ സംഘത്തിലെ അംഗവും, ബോസ്റ്റന്‍ അതിരൂപതാ മെത്രാപ്പോലീത്തയുമായ, കര്‍‍ദ്ദിനാള്‍ ഷോൺ ഓ’മാലിക്കു പുറമേ, ഫ്രഞ്ച് മനശാസ്ത്രജ്ഞ കാതറിൻ ബൊനെ, പീഡനത്തിന് ഇരയായ ഐറിഷ് വനിത മാരി കൊളിൻസ്, മാനസികാരോഗ്യ വിദഗ്ദനായ ബ്രിട്ടീഷ് പ്രൊഫസർ ഷൈല ഹോളിൻസ്, ഇറ്റാലിയൻ ജഡ്ജി ക്ലൗദിയോ പാപാലേ, പോളണ്ടിലെ മുൻ പ്രധാന മന്ത്രിയും വത്തിക്കാനിലെ പോളിഷ് അംബാസിഡറുമായ ഡോ.ഹന്ന സുഷോക്ക, കർദിനാൾ ഹോർഹെ ബെർഗോളിയോയുടെ സഹകാരിയും പൂർവ്വവിദ്യാർത്ഥിയുമായ അർജന്‍റീനിയൻ ദൈവശാസ്ത്രജ്ഞനും ഈശോസഭാംഗവുമായ ഫാ.ഉംബെർത്തോ മിഗ്വേൽ യാനെസ്, റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയുടെ മനഃശ്ശാസ്ത്ര വിഭാഗത്തിന്‍റെ തലവന്‍, ഫാദര്‍ ഹാന്‍സ് സോള്‍നർ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.








All the contents on this site are copyrighted ©.