2014-05-03 20:02:58

സുവിശേഷ സേവനത്തിലെ
സുതാര്യതയും സമര്‍പ്പണവും


2 മെയ് 2014, വത്തിക്കാന്‍
വത്തിക്കാന്‍റെ സാമ്പത്തിക കൗണ്‍സില്‍ അംഗങ്ങള്‍ക്ക് പാപ്പാ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :

2014 ഫെബ്രുവരി 24-ന് ഇറക്കിയ സ്വാധികാര പ്രബോധനത്തിലൂടെയാണ്
(motu proprio : Fidelis dispensator et prudens) വത്തിക്കാന്‍റെ സാമ്പത്തിക കാര്യങ്ങള്‍ സുവിശേഷാത്മകമായി ക്രമീകരിക്കുന്നതിനുവേണ്ട പദ്ധതികള്‍ പാപ്പാ ഫ്രാന്‍സിസ് ഒരുക്കിയതും കാര്‍ദ്ദിനാള്‍ പേലിന്‍റെ നേതൃത്വത്തില്‍ പ്രത്യേക കൗണ്‍സില്‍ രൂപീകരിച്ചതും.

സുവിശേഷവത്ക്കരണ ലക്ഷൃങ്ങള്‍ മുന്‍നിര്‍ത്തിയും, വിശിഷ്യാ പാവങ്ങളായവരുടെ സേവനത്തിന് മുന്‍ഗണന നല്കിക്കൊണ്ടും വേണം സഭയുടെ സ്വത്തും സമ്പത്തും സംരക്ഷിക്കുവാനും ഉത്തരവാദിത്വത്തോടെ കൈകാര്യംചെയ്യുവാനുമെന്ന് പ്രഭാഷണത്തില്‍ പാപ്പാ നിഷ്ക്കര്‍ഷിച്ചു. സാമ്പത്തിക ഭരണകാര്യങ്ങളില്‍ കാര്യക്ഷമതയ്ക്കൊപ്പം സുതാര്യതയും നിലനിര്‍ത്തിക്കൊണ്ടു വേണം ഈ ലക്ഷൃം പ്രാപിക്കുവാന്‍. ആഗോളസഭയോടുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ വ്യാപകമായി പ്രതിബദ്ധതയും സുവിശേഷദൗത്യവും കണക്കിലെടുത്തുകൊണ്ടാണ് ഈ ഭരണക്രമീകരണത്തിനും നവീകരണത്തിനുമായുള്ള പദ്ധതിയൊരുക്കുന്നത്. വത്തിക്കാന്‍റെ ഭരണസംവിധാനങ്ങള്‍ (Roman Curia) സഭയ്ക്കും ലോകത്തിനും കാര്യക്ഷമതയുള്ളതും മെച്ചപ്പെട്ടതുമായ ശുശ്രൂഷയാകുന്ന വിധത്തില്‍ ആദ്യംതന്നെ ക്രമപ്പെടുത്തിക്കൊണ്ട്, പത്രോസിന്‍റെ അധികാരത്തിലുള്ള സഭാസേവനം തുടരാനും പ്രേഷിദൗത്യം മുന്നോട്ടുകൊണ്ടുപോകുവാനുമാണ് ആഗ്രഹിക്കുന്നത്. വിശ്വസ്തതയും വിവേകവും ഒരുപോലെ ആവശ്യമുള്ള വളരെ ഗൗരവകരമായ വെല്ലുവിളിയാണിത് Fidelis dispensator et prudensഎന്ന് പാപ്പാ കൂട്ടിച്ചേര്‍ത്തു.

സുവിശേഷ ശുശ്രൂഷയുടെ പാതിയില്‍ സഭയ്ക്ക് നവമായൊരു മനോഭാവം രൂപീകരിക്കാന്‍ അതിന്‍റെ ഭരണഘടനയിലും, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ മേഖലയിലും സാരമായ മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. നവീകരണപദ്ധതിയില്‍ സാമ്പത്തിക കൗണിസിലിന് വലിയ പങ്കാണുള്ളത്. അതുപോലെ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും, അവയുടെ ഘടനകളുടെയും പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടം വഹിക്കേണ്ട ഉത്തരാവാദിത്വം സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയേറ്റിനുണ്ട്.
‘റഗ്ബിക്കാരന്‍റെ പിടിമുറുക്കിയ ശൈലി’യുമായി കാര്‍ക്കശ്യത്തോടെ കൗണിസിലിന്‍റെ ചുക്കാന്‍പിടിക്കുന്ന ഓട്രേലിയക്കാരന്‍ കര്‍ദ്ദിനാള്‍ പേലിനെ വിശേഷിപ്പിച്ചുകൊണ്ട് നര്‍മ്മരസത്തോടെ അദ്ദേഹത്തിന് പ്രത്യേകം നന്ദിപറഞ്ഞു.

വിവിധ രാഷ്ട്രക്കാരായ 8 കര്‍ദ്ദിനാളന്മാരും, ലോകത്തിന്‍റെ നാനാഭാഗത്തുനിന്നുമായുള്ള 7 അല്‍മായരായ സമ്പത്തിക വിദഗ്ദ്ധരും ചേര്‍ന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സാമ്പത്തിക കൗണ്‍സിലിന് ആഗോളസ്വഭാവമുണ്ടെന്നത് ശ്രദ്ധേയമാണ്. ഇന്ത്യയില്‍നിന്നും മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് 8 അംഗ കര്‍ദ്ദിനാള്‍ സംഘത്തില്‍ ഉള്‍പെടുന്നുണ്ട്. കര്‍ദ്ദിനാളന്മാര്‍ക്കൊപ്പം അല്‍മായരും ഒരുമിച്ചിരുന്നുകൊണ്ട് ചര്‍ച്ചചെയ്യുന്നതും തുറവോടെ നവീകരണത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും വിദഗ്ദ്ധാഭിപ്രായങ്ങളും പങ്കുവയ്ക്കുന്നതും സഭാഭരണത്തിന്‍റെ നൂതനശൈലിയാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും, ഇനിയും ചെയ്യേണ്ടതായ കാര്യങ്ങള്‍ക്കും പ്രത്യേകം നന്ദിപറഞ്ഞുകൊണ്ടും, പ്രാര്‍ത്ഥന അഭ്യാര്‍ത്ഥിച്ചുകൊണ്ടുമാണ് ഹ്രസ്വപ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.

ജെര്‍മ്മനിയിലെ മ്യൂനിക്ക്-ഫ്രെയ്സിങ് അതിരൂപതാ മെത്രാപ്പോലീത്ത കാര്‍ദ്ദിനാള്‍ റയ്നാര്‍ഡ് മാര്‍ക്സ് സാമ്പത്തിക കൗണിസിലിന്‍റെ പേരില്‍ പാപ്പായ്ക്കും നന്ദിയര്‍പ്പിച്ചു.








All the contents on this site are copyrighted ©.