2014-05-03 09:25:04

ജീവിതപടവുകളിലേയ്ക്ക് കടന്നുവരുന്ന
ഉത്ഥിതന്‍റെ സ്നേഹപാശം


RealAudioMP3
വിശുദ്ധ യോഹന്നാന്‍ 21, 1-14
യേശു തിബേരിയൂസ് കടല്‍ത്തീരത്തുവച്ച് ശിഷ്യന്മാര്‍ക്കു വീണ്ടും തന്നെത്തന്നെ വെളിപ്പെടുത്തി. അവിടുന്ന് വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. ശിമോയണ്‍ പത്രോസ്, ദിദിമോസ് എന്നു വിളിക്കപ്പെടുന്ന തോമസ്, ഗലീലിയിലെ കാനായില്‍നിന്നുമുള്ള നഥാനിയേല്‍, സെബദിയുടെ പുത്രന്മാര്‍ എന്നിവരും വേറെ രണ്ടുശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു. ശിമയോന്‍ പത്രോസ് പറഞ്ഞു. ഞാന്‍ മീന്‍ പിടിക്കാന്‍ പോകുകയാണ്. അവര്‍ പറഞ്ഞു. ഞങ്ങളും വരുന്നു. അവര്‍പോയി വള്ളത്തില്‍ കയറി. എന്നാല്‍
ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല.

ഉഷസ്സായപ്പോള്‍ ക്രിസ്തു കടല്‍ക്കരയില്‍ വന്നുനിന്നു. എന്നാല്‍, അതു ക്രിസ്തുവാണെന്നു ശിഷ്യനമാര്‍ അറിഞ്ഞില്ല. യേശു അവരോടു ചോദിച്ചു. കഞ്ഞുങ്ങളേ, നിങ്ങളുടെ അടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല, എന്നവര്‍ ഉത്തരം പറഞ്ഞു. അവിടുന്നു പറഞ്ഞു. വള്ളത്തിന്‍റെ വലത്തുവശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും. അവര്‍ വലയിട്ടു. അപ്പോള്‍ വലയില്‍ അകപ്പെട്ട മത്സ്യത്തിന്‍റെ ആധിക്യം നിമിത്തം അതു വലിച്ചു കയറ്റാന്‍ അവര്‍ക്കു കഴിഞ്ഞില്ല. യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു. അതു കര്‍ത്താവാണ്.
അതു കര്‍ത്താവാണെന്നു കേട്ടപ്പോള്‍ ശിമയോന്‍ പത്രോസ് താന്‍ നഗ്നനായിരുന്നതുകൊണ്ട് പുറങ്കുപ്പായം എടുത്തു ധരിച്ചിട്ട്, കടലിലേയ്ക്കു ചാടി. എന്നാല്‍ മറ്റു ശിഷ്യന്മാര്‍ മീന്‍ നിറഞ്ഞ വലയും വലിച്ചുകൊണ്ടു വള്ളത്തില്‍ത്തന്നെ വന്നു. അവര്‍ കരയില്‍നിന്ന് ഏകദേശം ഇരുന്നൂറു മുഴത്തിലധികം അകലെയല്ലായിരുന്നു. കരയ്ക്കിറങ്ങിയപ്പോള്‍ തീ കൂട്ടിയിരിക്കുന്നതും അതില്‍ മീനും അപ്പവും വച്ചിരിക്കുന്നതും, അവര്‍ കണ്ടു. യേശു പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. ഉടനെ ശിമയോന്‍ പത്രോസ് വള്ളത്തില്‍ കയറി വലിയ മത്സ്യങ്ങള്‍കൊണ്ടു നിറഞ്ഞ വല വലിച്ചു കരയ്ക്കു കയറ്റി. അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു. ഇത്രയധികം ഉണ്ടായിരുന്നിട്ടും വല കീറിയില്ല.
യേശു പറഞ്ഞു. വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്മാരിലാരും അവിടുത്തോട് നീ ആരാണ് എന്നു ചോദിക്കുവാന്‍ മുതിര്‍ന്നില്ല. അതു കര്‍ത്താവാണെന്ന് അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന് അപ്പമെടുത്ത് അവര്‍ക്കു കൊടുത്തു. അതുപോലെതന്നെ മത്സ്യവും. ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടശേഷം ശിഷ്യന്മാര്‍ക്കു പ്രത്യാക്ഷപ്പെടുന്നത് ഇതു മൂന്നാം പ്രാവശ്യമാണ്.

‘അമരം’ എന്ന സിനിമയുടെ കഥാതന്തു ഓര്‍ക്കുകയാണ്. ഭരതന്‍ സംവിധാനംചെയ്ത പടത്തിന്‍റെ തിരക്കഥ ലോഹിതദാസിന്‍റേതാണ്. മകള്‍ രാധയ്ക്കുവേണ്ടി എല്ലാം കരുതിയ
അച്ഛന്‍, അച്ചൂട്ടി. സ്വയം ജീവിക്കാന്‍ മറന്നുപോയ മനുഷ്യന്‍. ഭാര്യ മരിച്ചുപോയിരുന്നെങ്കിലും, മകളെയോര്‍ത്ത് മറ്റൊരു വിവാഹം ഒഴിവാക്കി. മകള്‍ക്ക് കിട്ടേണ്ട സ്നേഹം നഷ്ടപ്പെടില്ലേ എന്ന ഭയമായിരുന്നു. അക്ഷരാഭ്യാസമില്ലാത്ത അച്ഛന്‍ തന്‍റെ മകള്‍ ഡോക്ടറായി കാണാന്‍ ആഗ്രഹിച്ചു. അവളെ പഠിപ്പിച്ചു. എന്നാല്‍, അച്ഛന്‍റെ മോഹങ്ങളെല്ലാം തകര്‍ത്തുകൊണ്ട് പഠനം പൂര്‍ത്തിയാക്കുംമുന്‍പേ പുന്നാരമകള്‍ മുക്കുവപയ്യനെ പ്രേമിച്ചു. അച്ചുവേട്ടന്‍റെ സ്വപ്നങ്ങളെല്ലാം തകര്‍ന്നപോലെ... മകള്‍തന്നെ ചതിച്ചു എന്നാണ് അയാള്‍ ധരിച്ചത്.
മകളുടെ കാമുകനെ കുറെദിവസം കാണാതായപ്പോള്‍ അച്ചുവേട്ടന്‍ അയാളെ വകവരുത്തിയെന്ന് ചലരെങ്കിലും പറഞ്ഞുപരത്തി. എന്നാല്‍ അവനെ ഒരുദിവസം കടല്‍ച്ചുഴിയില്‍നിന്നും രക്ഷിച്ച അച്ചുവേട്ടന്‍ തന്‍റെ നിഷ്ക്കളങ്കതയും വിശ്വസ്തതയും തെളിയിക്കുന്നുണ്ട്. എങ്കിലും കടലിന്‍റെ പ്രിയപ്പെട്ടവന്‍ ‘കടലമ്മ ചതിക്കില്ല,’ എന്നു നിനച്ച് പ്രതികൂല കാലാവസ്ഥയില്‍ ആഴക്കടലിലേയ്ക്ക് ഒരുനാള്‍ വള്ളമിറക്കി. തിരമുറിച്ച് ആഴങ്ങളിലേയ്ക്കു പോകുന്ന പിതൃത്വം....! അച്ചുവേട്ടന്‍റ ജീവിതസ്വപ്നങ്ങളെല്ലാം അങ്ങനെ കടല്‍തന്നെ തട്ടിക്കളഞ്ഞു.

ഇതുപോലൊരു സ്വപ്നഭംഗത്തിലാണ് പത്രോസും കൂട്ടരും. ‘ഞാന്‍ മീന്‍ പിടിക്കാന്‍‍ പോവുകയാണ്,’ എന്ന വചനത്തില്‍ ‘കടലമ്മ ചതിക്കില്ല,’ എന്ന വിശ്വാസമാണ് പത്രോസിന്. എന്നാല്‍ ‘ആ രാവില്‍ അവര്‍ക്കൊന്നും കിട്ടിയില്ല,’ എന്ന വചനത്തില്‍ ശിഷ്യരുടെ സ്വപ്നഭംഗമാണ് നിഴലിക്കുന്നത്. ഗുരുവിന്‍റെ മരണാന്തരം, സ്വന്തം ഭാഗധേയത്തെക്കുറിച്ച് ശിഷ്യന്മാര്‍ തീരുമാനിക്കുന്നു. ഗ്രൂപ്പ് ലീഡറായ പത്രോസ് തീരുമാനം പ്രഖ്യാപിച്ചു – ‘നമുക്ക് മീന്‍പിടിക്കാന്‍ പോകാം.’ നേതാവിന്‍റെ പിന്നില്‍ അണികള്‍ ഉറച്ചുനില്ക്കുന്നു - ഞങ്ങളും നിന്നോടുകൂടെ വരുന്നു. രാത്രി മുഴുവന്‍ അവര്‍ അദ്ധ്വാനിച്ചു. എന്നാല്‍ തെറ്റായ തീരുമാനത്തില്‍ ഒന്നും കിട്ടാത്ത അനുഭവമാണ് ആ രാത്രിയില്‍ അവര്‍ക്കുണ്ടായത്.

‘രാത്രി വരുന്നു. അതിനുമുമ്പു പകല്‍വെളിച്ചത്തില്‍ അദ്ധ്വാനിക്കണം,’ എന്ന് ക്രിസ്തു പഠിപ്പിക്കുന്നുണ്ട് (യോഹ. 11, 9). രാത്രി തിന്മയുടെ മേഖലയാണെന്ന് ഇനിയും അവര്‍ക്ക് മനസ്സിലാക്കാനായിട്ടില്ല. യേശുവിനെ കൂടാതെയുള്ള അദ്ധ്വാനമാണത്. ദൈവത്തെക്കൂടാതെയുള്ള മനുഷ്യന്‍റെ അദ്ധ്വാനം നിഷ്ഫലമാകുന്നമെന്ന സൂചനയാണിവിടെ. നമ്മുടെ തീരുമാനങ്ങള്‍ ദൈവതിരുമനസ്സിന് അനുസരിച്ചായില്ലെങ്കില്‍ പാഴായിപ്പോകുന്നു. ദൈവസഹായമില്ലാതെ രാവും പകലുമുള്ള നമ്മുടെ കഠിനാദ്ധ്വാനം പാഴ്വേലയായി മാറുന്നു.

പിന്നെ ശിഷ്യന്മാര്‍ കരയ്ക്കണഞ്ഞപ്പോള്‍ തീരത്ത് ക്രിസ്തു പ്രാതല്‍ ഒരുക്കിവച്ചതായി കാണുന്നു. മറ്റുള്ളവരാണ് അദ്ധ്വാനിച്ചത്. അവരുടെ അദ്ധ്വാനഫലത്തിലേയ്ക്ക് നിങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുന്നു (യോഹ. 4, 35-38) എന്ന് ക്രിസ്തു പറഞ്ഞത് സത്യമായി പരിണമിക്കുന്നു. ക്രിസ്തു അനശ്വരതയുടെ അപ്പവും മീനും അവര്‍ക്കായി പങ്കുവയ്ക്കുന്നു. ശിഷ്യന്മാര്‍ പിടിച്ച മത്സ്യം അവരുടെ പ്രേഷിതദൗത്യത്തെയാണ് സൂചിപ്പിക്കുന്നത്. ക്രിസ്തു ഒരുക്കിയ പ്രാതല്‍ അവിടുന്ന് ശിഷ്യരെ ഭരമേല്പിക്കുന്ന ഉത്തരവാദിത്തവുമാണ്. രണ്ടും ഒന്നാകുന്ന സുന്ദരമുഹൂര്‍ത്തമാണ് ഉത്ഥിതന്‍ സൃഷ്ടിക്കുന്നത്. ദൈവത്തോടു ചേര്‍ന്നുള്ള മനുഷ്യാദ്ധ്വാനം ഫലമണിയുന്നു.

പിന്നീട്, ക്രിസ്തുവിന്‍റെ, ഉത്ഥിതന്‍റെ നിര്‍ദ്ദേശപ്രകാരം ശിഷ്യന്മാര്‍ പിടിച്ച 153 വലിയ മത്സ്യങ്ങള്‍, അന്ന് നിലവിലുണ്ടായിരുന്ന സഭകളെ സൂചിപ്പിക്കുന്നുവെന്നാണ് ബൈബിള്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നത്. അന്നത്തെ അറിയപ്പെട്ട ലോകത്ത് 150 പ്രവാസിസഭകളും യൂദയാ, സമേറിയ, ഗലീലി എന്നിവിടങ്ങളിലെ മുന്നു വ്യക്തിഗത സഭകളും ഉണ്ടായിരുന്നത്രേ.
അങ്ങനെ ഇവയെല്ലാം ചേര്‍ന്നാണ് സുവിശേഷകന്‍ സൂചിപ്പിക്കുന്ന 153 സഭകളുണ്ടാകുന്നത്. വിവിധ സഭകളുടെ കൂട്ടായ്മയാണ് ഏകസഭ, ആഗോളസഭ. സഭ വലിയ കുടുംബമാണ്. വിവിധതരത്തിലുള്ള മീനുകള്‍ കയറിയിട്ടും വല കീറുന്നില്ല. അതുപോലെ ചെറുസഭകളുടെ കൂട്ടായ്മയാകുന്ന സഭ നശിക്കുന്നില്ല, പിളര്‍ക്കുന്നില്ല. സഭാകൂട്ടായ്മയില്‍ വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളും ആരാധനക്രമ രീതികളും ഉണ്ടെങ്കിലും സത്താപരമായ ഐക്യമുണ്ടെന്ന് വലയുടെ പ്രതിരൂപം വെളിപ്പെടുത്തുകയാണ്.

ഉത്ഥിതന്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതെന്നതിന് നല്ല അക്ഷരസാക്ഷൃമാണ് വിശുദ്ധ യോഹന്നാന്‍റെ സുവിശേഷഭാഗം. ക്രിസ്തു ക്രൂശിതനായി. എന്നാല്‍ അവിടുന്ന് ഉയര്‍ത്തെഴുന്നേറ്റു. അവിടുത്തെക്കുറിച്ചുള്ള നിറംപിടിപ്പിച്ചതും യാഥാര്‍ത്ഥ്യവുമായ കഥകള്‍ ഒരുമിച്ച് ഉയര്‍ന്നു പൊങ്ങുമ്പോള്‍, ക്രിസ്തു സ്നേഹിച്ച ശിഷ്യനമാര്‍ക്ക് അവിടുത്തെ സജീവസാന്നിദ്ധ്യം കൈവിട്ടുപോകുന്നു. ഇന്നലെവരെയ്ക്കും ക്രിസ്തു തൊടാവുന്ന ദൂരത്തിലായിരുന്നു, കേള്‍ക്കാവുന്ന അകലത്തിലായിരുന്നു. എന്നാല്‍ ഇന്നാകട്ടെ, അവിടുന്ന് അവര്‍ക്ക് മെല്ലെ ഓര്‍മ്മയായി ചുരുങ്ങുകയാണ്. നിരാശരായി തങ്ങളുടെ പഴയ ജോലികളിലേയ്ക്ക് തിരിച്ചുപോയ ശിഷ്യരുടെ ജീവിതത്തിലേയ്ക്ക് വലിയ നിയോഗങ്ങളുടെ സമൃദ്ധിയുമായിട്ടാണ് ക്രിസ്തു കടന്നുവന്നത്. ‘വരിക ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നരാക്കാം’ എന്ന്. ഇന്നും ഇത് സംഭവിക്കേണ്ടതുണ്ട്. ക്രിസ്തുവിന്‍റെ സാന്നിദ്ധ്യാവബോധം കൈവിട്ടുപോകുമ്പോള്‍ നാം പഴയ വഴികളേയ്ക്ക് മടങ്ങുന്നു. ഉപേക്ഷിച്ച തീരങ്ങളിലേയ്ക്കും, അതേ വഞ്ചിയിലേയ്ക്കും വലയിലേയ്ക്കും നാം തിരിച്ചുപോകുന്നു.

ആര്‍ക്കും സംഭവിക്കാവുന്ന ദുരന്തമാണിത്. വലിയ നിയോഗങ്ങളിലേയ്ക്ക് ക്രിസ്തു കൂട്ടിക്കൊണ്ടുവന്നവര്‍ക്ക് അവിടുത്തെ കൈവിരലുകള്‍ വിട്ടുപോകുമ്പോള്‍ തങ്ങള്‍ ഉപേക്ഷിച്ച അതേ വഴികളിലേയ്ക്കും, ചെറിയ കര്‍മ്മങ്ങളിലേയ്ക്കും മനസ്സുകൊണ്ടെങ്കിലും പിന്‍വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെ പ്രതിഫലിക്കുന്നത്. ശിഷ്യന്മാര്‍ തിരിച്ചുപോയ തീരം, തിബേരീയൂസ് കടല്‍ എന്നാണ് ബൈബിള്‍ വിളിക്കുന്നത്.
സുവിശേഷത്തില്‍ കടല്‍ എന്നു വിശേഷിപ്പിക്കുന്ന തെല്ലാംതന്നെ തടാകങ്ങളാണ്. അധികം വലുപ്പമൊന്നുമില്ലാത്ത, എന്നാല്‍ എവിടെ വലയെറിഞ്ഞാലും എന്തെങ്കിലും കിട്ടുന്ന ആ തടാകത്തിലാണ്, പക്ഷെ ശിഷ്യന്മാര്‍ ഏഴുപേര്‍ രാവു മുഴുവന്‍ വലയെറിഞ്ഞിട്ടും ചെറുമീന്‍പോലും കുരുങ്ങാതെ പോയത്. ഏതൊക്കൊയൊ സമൃദ്ധമായ ജീവിതപാഠം പങ്കുവയ്ക്കാന്‍വേണ്ടി അവിടെയുള്ള മത്സ്യങ്ങള്‍പോലും ആ രാവില്‍ ഒളിച്ചുകളിയില്‍ ഏര്‍പ്പെട്ടപോലെ!
ഇവരുടെ പാഴായിപ്പോകുന്ന ജീവിതപടവുകളിലേയ്ക്ക് ഉഷസ്സായപ്പോള്‍ ക്രിസ്തു കടന്നുവരുന്നു. നമ്മുടെ ജീവിതത്തിലേയ്ക്ക് ഉത്ഥിതന്‍ പ്രവേശിക്കുന്നത് ഉഷസ്സായിട്ടാണ്. നമ്മുടെ പാഴായിപ്പോകുന്ന അദ്ധ്വാനങ്ങളിലേയ്ക്കും കണ്ണീരിലേയ്ക്കും വിയര്‍പ്പുകളിലേയ്ക്കും ഇതാ, ക്രിസ്തു വെളിച്ചമായ് കടന്നുവരുന്നത്. മനുഷ്യന്‍റെ വിഫലബോദ്ധ്യങ്ങളിലേയ്ക്കാണ് പുലര്‍കാല സൂര്യനെപ്പോലെ ഉത്ഥിതന്‍ ഉദിച്ചുയരുന്നു.

ജീവിതത്തിലൊരിക്കലെങ്കിലും വിഫലബോധത്തിന്‍റെ, അല്ലെങ്കില്‍ നഷ്ടബോധത്തിന്‍റെ കനല്‍പ്പൊള്ളല്‍ അറിയാത്തവരുണ്ടോ? വിത്തെറിഞ്ഞിട്ട് ഭൂമി നൂറുമേനി തരാതിരിക്കുമ്പോള്‍ മാത്രമല്ല വിഫലബോധം. ഒത്തിരി പ്രാര്‍ത്ഥിച്ചിട്ടും, നമ്മുടെ പ്രാര്‍ത്ഥന ഭൂമി വിഴുങ്ങുകയും ആകാശംതടയുകയും ചെയ്യുമ്പോള്‍... ഒത്തിരി കാത്തിരുന്നിട്ട്, വാതിലുകള്‍ നമുക്കെതിരായി കൊട്ടിയടയ്ക്കപ്പെടുമ്പോള്‍.... ഒത്തിരി സ്നേഹിച്ചിട്ട്, സ്നേഹബന്ധങ്ങള്‍ തകര്‍ന്നുപോകുമ്പോള്‍... ഒത്തിരിപ്പേരുടെ കണ്ണുനീര്‍ തുടച്ചിട്ടും നമ്മുടെ കണ്ണീരൊപ്പാന്‍ ആരുമില്ലാതെ വരുമ്പോള്‍....!! ഇങ്ങനെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന അശാന്തിയുടെയും പാഴായിപ്പോകുന്ന കര്‍മ്മങ്ങളുടെയും എത്രയോ പൊള്ളുന്ന കഥകള്‍ ഓരോ ദിനാന്ത്യത്തിലും നമുക്ക് കുറിച്ചുവയ്ക്കാനുണ്ട്! ഇത്തരം നഷ്ടബോധത്തിന്‍റെ പടവുകളിലേയ്ക്കാണ് ക്രിസ്തു കടന്നുവരുന്നത്. അനുദിനജീവിതത്തിന്‍റെ പുലര്‍കാല വേളയില്‍ ക്രിസ്തു വീണ്ടും നമ്മോടു ചോദിക്കുന്നു, ‘കുഞ്ഞുങ്ങളേ, നിങ്ങള്‍ക്ക് ഒന്നും കിട്ടിയില്ലേ...?’








All the contents on this site are copyrighted ©.