2014-05-02 10:25:24

ശ്രീലങ്കയിലെ മെത്രാന്മാരുടെ
‘ആദ് ലീമിന’ തുടക്കമായി


2 മെയ് 2014, വത്തിക്കാന്‍
ശ്രീലങ്കയിലെ മെത്രാന്മാര്‍ ആദ് ലീമിനാ സന്ദര്‍ശനം ആരംഭിച്ചു. മെയ് 2-ാം തിയതി വെള്ളിയാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസുമായുള്ള ശ്രീലങ്കയിലെ മെത്രാന്മാരുടെ ആദ് ലീമിനാ ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചത്.

ദേശീയ മെത്രാന്‍ സംഘത്തിന്‍റെ തലവനും കൊളംമ്പോ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ മാല്‍ക്കം രഞ്ജിത്തിന്‍റെ നേതൃത്വത്തില്‍ പാപ്പാ ഫ്രാന്‍സിസുമായുള്ള പൊതുവായ കൂടിക്കാഴ്ചയോടെയാണ് രണ്ടു ദിവസം നീണ്ടുനില്ക്കുന്ന ഔദ്യോഗിക സന്ദര്‍ശനത്തിന് വെള്ളിയാഴ്ച തുടക്കമായതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

പുരാതനമായ കൊളംമ്പോ അതിരൂപതയുടെ അജപാലനനേതൃത്വത്തിലുള്ള
11 രൂപതകള്‍ ചേര്‍ന്നതാണ് ശ്രീലങ്കയുടെ മെത്രാന്‍ സംഘം.

16-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിസ്ക്കന്‍ മിഷണറിമാരാണ് ശ്രീലങ്കയില്‍ വിശ്വാസത്തിന്‍റെ
വിളക്കു തെളിച്ചത്. 1545-ല്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറും ലങ്കാദ്വീപിലെത്തി വിശ്വാസ പ്രചരണം നടത്തിയതിന് ചരിത്രരേഖകളുണ്ട്.

ഗോവക്കാരനും ഒറട്ടോറിയന്‍ വൈദികനുമായി വാഴ്ത്തപ്പെട്ട ജോസഫ് വാസാണ് (1651-1711) (ശ്രീലങ്കയുടെ പ്രേഷിതവര്യനായി സഭ അംഗീകരിക്കുന്നത്. ലങ്കിയിലെ ക്രൈസ്തവര്‍ മര്‍ദ്ദനം അനുഭവിച്ച ഡച്ച് മേല്‍ക്കോയ്മയുടെ കാലത്താണ് ഫാദര്‍ ജോസഫ് വാസ് ജനങ്ങള്‍ക്കൊപ്പം ജീവിച്ചുകൊണ്ട് ധീരമായി അജപാലനശുശ്രൂഷ ചെയ്തത്. 1995-ല്‍ ശ്രീലങ്ക സന്ദര്‍ശിച്ച വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പാ ജോസഫ് വാസിനെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുകയുണ്ടായി.









All the contents on this site are copyrighted ©.