2014-05-02 09:46:06

മാനവീയകത നിറഞ്ഞ
പാപ്പായുടെ സംവേദനശൈലി


2 മെയ് 2014, വത്തിക്കാന്‍
ദൈവികകാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശമാണ്
പാപ്പാ ഫ്രാന്‍സിസിന്‍റെ സംവേദനശൈലിയുടെ കരുത്തും കാതലുമെന്ന്
പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

വത്തിക്കാന്‍ പ്രസ്സ് ഓഫീസില്‍ സന്ദര്‍ശനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരുമായി ഏപ്രില്‍ 30-ാം തിയതി നടത്തിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇങ്ങനെ പ്രസ്താവിച്ചത്.

സുവിശേഷം ഫലവത്തായി സഭ പ്രഘോഷിക്കുന്നത്, ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ജീവിക്കുമ്പോഴാണെന്ന് പാപ്പാ ഫ്രാന്‍സിസ് ആവര്‍ത്തിച്ചു പറയുന്ന വസ്തുതയാണെന്നും, ലാളിത്യമാര്‍ന്ന ജീവിതത്തിലും, തന്‍റെ വാക്കിലും പ്രവര്‍ത്തിയിലുമെല്ലാം ഇത് പാപ്പാ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറല്‍ കൂടിയായ ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

പെസാഹാവ്യാഴാഴ്ച ജയില്‍ വാസികളായ യുവജനങ്ങളുടെ കാലുകഴുകിയതും, തന്‍റെ പൊതുകൂടിക്കാഴ്ചാ വേദികളില്‍ കര്‍ദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും വേദിയോടു ചേര്‍ന്നുതന്നെ രോഗികളെയും പാവങ്ങളെയും അംഗവൈകല്യമുള്ളവരെയും സ്വീകരിക്കുന്നത് പാപ്പായുടെ സ്വതസിദ്ധവും അതിരുകളില്ലാത്ത ക്രിസ്തുസ്നേഹത്തിന്‍റെ സംവേദനശൈലി പ്രകടമാക്കുന്നുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങളും രക്ഷദമാണെന്നു താന്‍ പറയുന്നില്ലെങ്കിലും, നിരന്തരമായ ഹ്രസ്വസന്ദേശങ്ങളുടെ കണ്ണികള്‍ നൂതനമാധ്യമ ശൃംഖലയുടെ സങ്കീര്‍ണ്ണമായ തലങ്ങളില്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവികകാരുണ്യത്തിന്‍റെയും അലകള്‍ ഉയര്‍ത്തുന്നുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി ഉദാഹരിച്ചു.

റോമിലെ സാന്താ ക്രോച്ചെ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച 9-ാമത് ലോക മാധ്യമ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് വത്തിക്കാന്‍റെ പ്രസ്സ് ഓഫീസിലെത്തിയ,
30-ഓളം വരുന്ന മാധ്യമ പ്രവര്‍ത്തകര്‍.

‘സാംസ്ക്കാരിക മാറ്റങ്ങളിലെ ക്രിയാത്മകമായ സംവേദന തന്ത്രങ്ങള്‍,’ എന്ന പ്രമേയവുമായിട്ടാണ് ഇക്കുറി കത്തോലിക്കാ മാധ്യമ പ്രവര്‍ത്തകരുടം ത്രിദിന സമ്മേളനവും പഠനശിബിരവും നടന്നത്. ഏപ്രില്‍ 28-ന് തിങ്കളാഴ്ച ആരംഭിച്ച സംഗമം 30-ാം തിയതി ബുധനാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.