2014-05-02 09:03:00

തെരുവിലെ കുട്ടികള്‍
തെമ്മാടികളല്ല


02 മെയ് 2014, ഡല്‍ഹി
തെരുവിലെ കുട്ടികള്‍ തെമ്മാടികളല്ലെന്ന്, കുട്ടികളുടെ ദേശീയ അവകാശ സംരക്ഷണ കമ്മിഷന്‍ മെംമ്പര്‍, ഫാദര്‍ ജോര്‍ജ്ജ് കൊല്ലശാനി അഭിപ്രായപ്പെട്ടു.

തെരുവില്‍ ജീവിക്കുകയും ഭക്ഷണത്തിനായി എന്തു തൊഴിലും ചെയ്യുന്ന കുട്ടികള്‍ കുറ്റക്കാരോ സാമൂഹ്യദ്രോഹികളോ അല്ലെന്നും, സമൂഹത്തിന്‍റെ ശ്രദ്ധയും പരിലാളനയും കൂടുതല്‍ തേടുന്നവരാണ് അവരെന്നും, അനാഥരും നിരാലംബരുമായ കുട്ടികളെക്കുറിച്ചുള്ള ദേശീയ നയരൂപികരണ കമ്മിഷന്‍ അംഗംകൂടിയ ഫാദര്‍ കൊല്ലശാനി വത്തിക്കാന്‍ റേഡിയോയ്ക്കു ഏപ്രില്‍ 30-നു നല്കിയ പ്രസ്താവനയിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൈപ്പേറിയ ജീവിത സാഹചര്യങ്ങളില്‍ ഉറ്റവരില്‍നിന്നും ഉടയവരില്‍നിന്നും കൈവിട്ടു പോകുന്നവരുമാണ് തെരുവിലെത്തുന്നതും, ചിലപ്പോള്‍ തെരുവിലേയ്ക്ക് എറിയപ്പെടുന്നതുമെന്ന്, മൂന്നു പതിറ്റാണ്ടിലേറെ (1970 – 2014) തെരുവിലെ കുട്ടികളുടെകൂടെ ജീവിക്കുകയും അവര്‍ക്കുവേണ്ടി അഭയകേന്ദ്രങ്ങള്‍ വന്‍നഗരങ്ങളില്‍ തുറക്കുകയും ചെയ്തിട്ടുള്ള സലീഷ്യന്‍ സഭാംഗമായ ഫാദര്‍ കൊല്ലശാനി അഭിപ്രായപ്പെട്ടു.

കുട്ടികളെ കുറ്റവാളികളായി വിധിക്കുന്ന നിയമം (juvenile justice act) ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍നിന്നും എടുത്തു മാറ്റണമെന്നും, നിരാലംബരായ കുട്ടികളുടെ സ്നേഹവും ആത്മവിശ്വാസവും നേടാനായാല്‍ അവരെ ശരിയായ ജീവിതവഴികളിലേയ്ക്ക് തിരിച്ചുവിട്ട്,
നല്ല പൗരന്മാരാക്കി വളര്‍ത്താന്‍ സാധിക്കുമെന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ സലീഷ്യന്‍ സഭാംഗമായ ഫാദര്‍ കൊല്ലശാനി അഭിപ്രായപ്പെട്ടു.









All the contents on this site are copyrighted ©.