2014-05-01 20:30:27

സുവിശേഷത്തനിമയുള്ള മാധ്യമമാണ്
‘ശാലോ’മെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍


1 മെയ് 2014, റോം
ആദരപൂര്‍വ്വം മനുഷ്യര്‍ക്ക് ലഭ്യമാകേണ്ട ക്രിസ്തുസാക്ഷൃമാണ് സുവിശേഷമെന്ന്, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ബോധിപ്പിച്ചു. മെയ് 1-ാം തിയതി വ്യാഴാഴ്ച റോമിലെ സെന്‍റ് പോള്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന ശാലോ ദ്വൈവാരിക യൂറോപ്പ് പതിപ്പിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. റോമിലെ ഡമാഷീന്‍ കോളെജിന്‍റെ റെക്ടര്‍, ഫാദര്‍ വര്‍ഗ്ഗീസ് കുരിശുതറയ്ക്ക് ആദ്യപ്രതി നല്കിക്കൊണ്ടാണ് സണ്ടേ ശാലോം ദ്വൈവാരികയുടെ യൂറോപ്പ് എഡിഷന്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ പ്രകാശനംചെയ്തത്.

ശാലോം ഇന്ന് വലിയ പ്രസ്ഥാനമായിക്കഴിഞ്ഞു. അച്ചടി മാധ്യമ മേഖലയില്‍ നിലവാരംകൊണ്ടും ഉള്ളടക്കംകൊണ്ടും സുവിശേഷത്തനിമ തെളിയിച്ച കേരളത്തിലെ ശ്രദ്ധേയമായ ഉദ്യാമങ്ങളാണ് ശാലോം വാരികയും, മാസികയും ശാലോം ടെലിവിഷനും...അത് മലയാളത്തില്‍ മാത്രമല്ല ഇതരഭാഷകളിലും. ആധുനിക ദൃശ്യശ്രാവ്യ മാധ്യമങ്ങളുടെ വര്‍ണ്ണപ്പൊലിമയുടെ ലോകത്തേയ്ക്കും ശാലോം എത്തിപ്പിടിച്ചുകൊണ്ടാണ്, ഇന്ന് റോമാ നഗരത്തിലും അതിന്‍റെ ശാഖ, പ്രത്യേകിച്ച് weekly-യുടെ European Edition ആരംഭിക്കുന്നതെന്നും, ബിഷപ്പ് കളത്തിപ്പറമ്പില്‍ ആമുഖമായി പ്രസ്താവിച്ചു.

സുവിശേഷ സന്ദേശം അടിച്ചേല്പിക്കേണ്ട ഒന്നല്ല, മറിച്ച് മനുഷ്യന്‍റെ ഇന്നത്തെ ബദ്ധപ്പെട്ട ജീവിതപരിസരങ്ങളില്‍ ക്ഷമയോടും ആദരവോടും ലഭ്യമാകേണ്ട ക്രിസ്തു സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സാക്ഷൃമാണെന്ന്, തൊഴിലാളി മദ്ധ്യാസ്ഥനായ വിശുദ്ധ യൗസേപ്പിന്‍റെ ജീവിതം ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് കളത്തിപ്പറമ്പില്‍ ഉദ്ബോധിപ്പിച്ചു.

ഇന്നത്തെ തലമുറയുടെ ആശകളും പ്രത്യാശകളും മനസ്സിലാക്കി, പാപത്തില്‍നിന്നും മരണത്തില്‍നിന്നും നമ്മെ രക്ഷിക്കുവാന്‍ മനുഷ്യാവതാരംചെയ്ത ദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ചും അവിടുത്തെ സുവിശേഷത്തെക്കുറിച്ചും ജനങ്ങളോട് പ്രഘോഷിക്കുവാന്‍ കേരളത്തിലെ ശാലോം മീഡിയ സ്വീകരിച്ചിരിക്കുന്ന നവമായ പദ്ധതിയോട് സഹകരിക്കണമെന്നും വത്തിക്കാന്‍റെ പ്രവാസികാര്യങ്ങളുടെ കാര്യാലയത്തിന്‍റെ സെക്രട്ടറി, ബിഷപ്പ് കളത്തിപ്പറമ്പില്‍ ആഹ്വാനംചെയ്തു.

നാമിന്ന് Shalome Weeklyയുടെ യൂറോപ്യന്‍ പതിപ്പ് റോം കേന്ദ്രീകരിച്ച് ആരംഭിക്കുമ്പോള്‍ അതിന്‍റെ പിന്നില്‍ ശ്രദ്ധാപൂര്‍വ്വം വളര്‍ത്തേണ്ടത് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിക്കുന്ന സാഹോദര്യത്തിന്‍റെ, വിശ്വസാഹോദര്യത്തിന്‍റെ കാഴ്ചപ്പാടു തന്നെയാണ്. മനുഷ്യര്‍ ദൈവസ്നേഹത്തിന്‍റെ സംവാദകരാണ്. നമ്മുടെ സംവേദനവും സുവിശേഷവത്ക്കരണവും സംപ്രേക്ഷണവുമെല്ലാം മനുഷ്യബന്ധിയായിരിക്കണം. മനുഷ്യര്‍ പരസ്പരം മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും, രക്ഷയ്ക്കും പ്രത്യാശയ്ക്കുമായി കേഴുകയും ചെയ്യുന്ന തിരക്കേറിയ തെരുവുപോലെയാണ് നവയുഗത്തിന്‍റെ ഡിജിറ്റല്‍ ശൃംഖല. ആധുനിക മാധ്യമ സൗകര്യങ്ങള്‍ ഉപയോഗിച്ച് സുവിശേഷസന്ദേശം ഭൂമിയുടെ സകല അതിര്‍ത്തികള്‍വരെയും എത്തിക്കാവുന്നതാണ്, എത്തിക്കേണ്ടതാണ് (നടപടി 1, 8). അതുവഴി വിശ്വസാഹോദര്യവും സ്നേഹവും സമാധാനവും നമുക്ക് ഈ ലോകത്ത് വളര്‍ത്താനാവണം.

ചുറ്റുപാടുകള്‍ എന്തുതന്നെയായാലും, ജനങ്ങളുടെ ജീവിതമേഖലകളിലേയ്ക്ക് സഭ പ്രവേശിച്ചെങ്കില്‍ മാത്രമേ സുവിശേഷം സകലര്‍ക്കും ലഭ്യമാവുകയുള്ളൂ. അതിനാല്‍ നവമായ ഡിജിറ്റല്‍ ശൃംഖലയിലേയ്ക്കും സഭയുടെ വാതിലുകള്‍ തുറക്കണമെന്നതില്‍ സന്ദേഹമില്ല. അങ്ങനെ സകലര്‍ക്കും സാന്ത്വനമാകുന്ന ഗേഹമാണ് സഭയെന്ന് തെളിയിക്കുവാന്‍ നമുക്ക് നവമാധ്യമങ്ങളുടെ പ്രസരണ ഗോപുരങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്താം. സഭയുടെ അങ്ങനെയുള്ളൊരു പ്രതീതൂപം വെളിപ്പെടുത്തുവാനുള്ള ശാലോമിന്‍റെ ഉദ്യമം അഭിനന്ദനാര്‍ഹമാണ്. കേരള സഭയ്ക്കും, ഭാരതത്തിനും അഭിമാനിക്കാവുന്നതുമാണ്. റോമില്‍ ആരംഭിക്കുന്ന സുവിശേഷത്തിന്‍റെ ഈ നവമാധ്യമ ശ്രേണി വളരട്ടെ, നഗരങ്ങളുടെയും രാഷ്ട്രങ്ങളുടെയും അതിരുകള്‍ കടന്ന് ജനങ്ങള്‍ക്ക് ശാന്തിയുടെ സാന്ത്വനമേകട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

ഈ പ്രസ്ഥാനത്തിന്‍റെ പിന്നില്‍ നിശ്ശബ്ദസേവനം ചെയ്യുന്ന ബെന്നി പുന്നത്തറയെയും, അദ്ദേഹത്തിന്‍റെ മാധ്യമ സഹകാരികളെയും സഹപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. അതുപോലെ റോമിലെ ശാലോം യൂണിറ്റിന് നേതൃത്വംനല്കുകയും പ്രാഥമിക ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്ത ശാന്തിമോന്‍ സംഘത്തിനും പ്രത്യേക അനുമോദനങ്ങള്‍. ഈ പ്രസ്ഥാനത്തിന്‍റെ പിള്ളത്തൊട്ടിലില്‍ ആത്മീയ മാര്‍ഗ്ഗിദര്‍ശിയായിരുന്ന ഫാദര്‍ സി. ജെ. വര്‍ക്കിയെയും ഇത്തരുണത്തില്‍ അനുസ്മരിക്കുകയാണ്.
സന്നിഹിതരായിരിക്കുന്നവരെയും, ആഗോളതലത്തിലുള്ള ശാലോമിന്‍റെ പ്രവര്‍ത്തകര്‍ക്കും അനുവാചകര്‍ക്കും പ്രേക്ഷകര്‍ക്കും പ്രേഷിതര്‍ക്കുംവേണ്ടി ദിവ്യബലിയില്‍ ബിഷപ്പ് കളത്തിപ്പറമ്പില്‍ ദിവ്യബലിയില്‍ പ്രത്യേകമായി പ്രാര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.