2014-04-29 15:47:15

ഐക്യവും സാക്ഷ്യവും ക്രിസ്തീയ സമൂഹങ്ങളുടെ മുഖമുദ്ര: മാർപാപ്പ


29 ഏപ്രിൽ 2014, വത്തിക്കാൻ
യഥാർത്ഥ ക്രിസ്തീയ സമൂഹത്തെ വ്യതിരിക്തമാക്കുന്ന അടയാളങ്ങൾ മാർപാപ്പ വിശദീകരിക്കുന്നു. ചൊവ്വാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിൽ അർപ്പിച്ച പ.കുർബ്ബാനയിൽ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ഐക്യം, ക്രിസ്തു സാക്ഷ്യം, ദാരിദ്ര്യാരൂപി എന്നിവയാണ് ക്രിസ്തുവിൽ പുനർജനിച്ച സമൂഹങ്ങളുടെ പ്രത്യേകതകളെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ആദിമ ക്രൈസ്തവ കൂട്ടായ്മയുടെ ജീവിത രീതി പരാമർശിച്ചുകൊണ്ട്, ‘ഒരേക ഹൃദയവും ഏക മനസുമായി’ സമാധാനത്തിൽ കഴിഞ്ഞ സമൂഹമായിരുന്നു അവർ എന്ന് പാപ്പ അനുസ്മരിച്ചു. പരദൂഷണത്തിനോ, അസൂയയ്ക്കോ, അപഖ്യാതിക്കോ ഒന്നും അവിടെ ഇടമുണ്ടായിരുന്നില്ല. എല്ലാം പരസ്നേഹത്താൽ ആവൃതമായിരുന്നു. ഏതൊരു ക്രിസ്തീയ സമൂഹത്തിനും ഉണ്ടായിരിക്കേണ്ട ഗുണവിശേഷമാണിത്. ക്രൈസ്തവ സമൂഹങ്ങളുടെ ആധികാരികത വിലയിരുത്താൻ സഹായിക്കുന്ന ചില ചോദ്യങ്ങളും പാപ്പ ഉന്നയിച്ചു. അവർ വിനയാന്വിതരും എളിമയുള്ളവരുമാണോ? അതോ, പണത്തിലും അധികാരത്തിലുമാണോ അവരുടെ ശ്രദ്ധ? അവർക്കിടയിൽ അധികാരവടംവലി നടക്കുന്നുണ്ടോ? കലഹങ്ങൾക്കും പരദൂഷണത്തിനും അവിടെ ഇടമുണ്ടോ? ഈ പാതകളിലൂടെ സഞ്ചരിക്കുന്നവർ ക്രിസ്തു മാർഗം പിന്തുടരുന്നില്ല. പിശാചാണ് ഭിന്നതയും വിഭജനവും ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും പാപ്പ മുന്നറിയിപ്പു നൽകി. ഐക്യം, സാക്ഷ്യം, ദാരിദ്ര്യാരൂപി, ദരിദ്രരോടുള്ള ദയാവായ്പ് എന്നിവയാണ് ഏതൊരു ക്രിസ്തീയ സമൂഹത്തിലും പരിലസിക്കേണ്ട പുണ്യങ്ങൾ. എന്നാൽ അതൊരു ദാനമാണെന്നും. പരിശുദ്ധാത്മാവിന്‍റെ സഹായത്തോടെ മാത്രമേ ഈ പുണ്യമാർഗത്തിൽ ചരിക്കാൻ നമുക്ക് സാധിക്കൂവെന്നും പാപ്പ വിശ്വാസികളെ ഓർമ്മിപ്പിച്ചു.








All the contents on this site are copyrighted ©.