2014-04-25 16:54:42

ഫാ.അഞ്ചേത്ത ആനന്ദം പങ്കുവയ്ക്കുന്ന സുവിശേഷ പ്രഘോഷണത്തിന് മാതൃക


25 ഏപ്രിൽ 2014, റോം
ദൈവാനുഭവത്തിൽ നിന്ന് ആവിർഭവിക്കുന്ന ആനന്ദം പങ്കുവയ്ക്കുന്നതാണ് സുവിശേഷ പ്രഘോഷണത്തിന്‍റെ കാതലെന്ന് ഫ്രാൻസിസ് മാർപാപ്പ. ബ്രസീലിന്‍റെ അപ്പസ്തോലൻ എന്ന അപരനാമത്തിലറിയപ്പെടുന്ന ഈശോസഭാംഗമായ ഫാ.ഹോസെ ആഞ്ചേത്തയുടെ വിശുദ്ധപദപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലിയിൽ വചനപ്രഘോഷണം നടത്തുകയായിരുന്നു പാപ്പ. ഏപ്രില്‍ 24-ാം വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് റോമിലെ വിശുദ്ധ ഇഗ്നേഷ്യസിന്‍റെ നാമത്തിലുള്ള ദേവാലയത്തിൽ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെട്ട പ.കുർബ്ബാനയിൽ നിരവധി മെത്രാൻമാരും, സന്ന്യസ്തസഭകളുടെ മേലധികാരികളും സഹകാർമ്മികരായിരുന്നു. നവ വിശുദ്ധന്‍റെ ജന്മനാടായ സ്പെയിനിലെ ടെനരിഫേയിലും അദ്ദേഹത്തിന്‍റെ പ്രേഷിത ഭൂമിയായ ബ്രസീലിലും നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും കൃതജ്ഞതാബലിയിൽ പങ്കുകൊണ്ടു.

ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച്ച നൽകുന്ന ആനന്ദം അപരനോട് പങ്കുവയ്ക്കുന്നതാണ് സുവിശേഷപ്രഘോഷണത്തിന്‍റെ കാതൽ. ഈ സുവിശേഷവത്കരണ ശൈലിയുടെ മഹത്തായ മാതൃകയാണ് നവ വിശുദ്ധൻ ഫാ.ഹോസെ ആഞ്ചേത്തയെന്ന് ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിൽ മാർപാപ്പ പ്രസ്താവിച്ചു. ദൈവശാസ്ത്രത്തിലോ തത്വശാസ്ത്രത്തിലോ പാണ്ഡിത്യമുണ്ടായിരുന്നില്ല 19ാം വയസ്സിൽ സുവിശേഷ ദൂതനായി ബ്രസീലിലേക്ക് അയക്കപ്പെട്ട അഞ്ചേത്തയ്ക്ക്. സുവിശേഷത്തിന്‍റെ ആനന്ദം മാത്രമായിരുന്നു ആ യുവാവിന്‍റെ കൈമുതൽ. യേശുക്രിസ്തുവിന്‍റെ സ്നേഹകടാക്ഷം അനുഭവിച്ചറിഞ്ഞ ആഞ്ചേത്തയുടെ ഉള്ളം ആനന്ദാതിരേകത്താൽ നിറഞ്ഞു, അദ്ദേഹം പ്രകാശത്തിന്‍റെ പാത തിരഞ്ഞെടുത്തു. ഈ ആനന്ദം നിർഭയം പങ്കുവയ്ച്ചതാണ് ഫാ.ഹോസെ ആഞ്ചേത്തയുടെ ജീവിത വിശുദ്ധിയുടെ തനിമയെന്ന് മാർപാപ്പ വിശദീകരിച്ചു.








All the contents on this site are copyrighted ©.