2014-04-23 20:44:49

വചനത്തിന്‍റെ വയലേലയിലെ
ആത്മീയ പണിയാളന്‍


23 ഏപ്രില്‍ 2014, റോം
വചനത്തിന്‍റെ പരിപാലനമാണ് സഭാജീവിതമെന്ന്, കര്‍ദ്ദിനാള്‍ ലോറി കാപ്പോവിലാ പ്രസ്താവിച്ചു.

വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാരുടെ ആസന്നമാകുന്ന നാമകരണ നടപടികളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ റേഡിയോയ്ക്ക്
ഏപ്രില്‍ 22-ാം തിയതി നല്കിയ അഭിമുഖത്തിലാണ്, പുണ്യശ്ലോകനായ പാപ്പാ റങ്കോളിയുടെ സെക്രട്ടറിയായിരുന്ന, കര്‍ദ്ദിനാള്‍ കാപ്പോവില ഇങ്ങനെ പ്രസ്താവിച്ചത്.

മഹാദേവാലയങ്ങളുടെയും മ്യൂസിയങ്ങളുടെയും പുരാവസ്തുക്കളുടെയും സംരക്ഷണമല്ല സഭാസേവനം മറിച്ച്, ലോകമാകുന്ന വയലില്‍ വിതയ്ക്കപ്പെട്ട വചനത്തിന്‍റെ വിത്ത് പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുകയാണതെന്ന്, തന്‍റെ ഭരണകാലത്ത് പുണ്യശ്ലേകനായ ജോണ്‍ 23-ാമന്‍ പാപ്പാ ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുള്ളത് അനുസ്മരിച്ചുകൊണ്ടാണ് സഭയിലെ ഏറ്റവും പ്രായംചെന്ന, 98 വയസ്സുകാരന്‍ കര്‍ദ്ദിനാള്‍ കാപ്പോവില ഇങ്ങനെ പ്രസ്താവിച്ചത്.

ലോകമാകുന്ന വയലില്‍ സഭ വിതയ്ക്കുന്ന വചനവിത്തുകള്‍ പരിപാലിച്ചു വളര്‍ത്തിയെടുത്ത,
നന്മയുടെ വിളസമൃദ്ധിയുണ്ടാക്കി ക്രിസ്തുവിന്‍റെ പുതിയ ഈസ്റ്ററും പുതിയ
പെന്തക്കൂസ്തയും വിരിയിക്കുന്നതാണ് യഥാര്‍ത്ഥമായ സഭാപ്രവര്‍ത്തനവും അജപാലനശുശ്രൂഷയുമെന്ന്, സഭാഭരണത്തിന്‍റെ അഞ്ചു വര്‍ഷക്കാലവും
പാപ്പായുടെ സഹകാരിയായിരുന്ന കര്‍ദ്ദിനാള്‍ കാപ്പോവിലാ അഭിമുഖത്തില്‍ വ്യക്തമാക്കി.

റോമാ സ്വദേശിയായ കര്‍ദ്ദിനാള്‍ കാപ്പോവിലാ വെനിസ് രൂപതാവൈദികനായിട്ടാണ്
പ്രേഷിത ജോലി ആരംഭിച്ചത്. വെനീസിന്‍റെ ആര്‍ച്ചുബിഷപ്പായിരുന്നു കര്‍ദ്ദിനാള്‍ റൊങ്കാളി
ഫാദര്‍ കാപ്പോവിലയെ സെക്രട്ടറിയായി വിളിച്ചത് 1958-ലാണ്. പാപ്പായുടെ കാലശേഷം
പോള്‍ ആറാന്‍ പാപ്പാ കാപ്പോവിലയെ ചിയേത്തി-വസ്തോ രൂപതയുടെ മെത്രാനായി നിയോഗിച്ചു.

വിശ്രമജീവിതം നയിക്കുകയായിരുന്ന ബിഷപ്പ് കാപ്പോവീലയെ ഫെബ്രുവരി 2014-ാണ്
പാപ്പാ ഫ്രാന്‍സിസ് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്.








All the contents on this site are copyrighted ©.