2014-04-23 20:33:42

ഭാരതത്തെ സ്നേഹിച്ച
പുണ്യാത്മാക്കള്‍


23 ഏപ്രില്‍ 2014, മുംബൈ
ഭാരതത്തെ സ്നേഹിച്ച പാപ്പാമാരാണ് വിശുദ്ധപദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതെന്ന്
മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു.

ജോണ്‍ 23-ാമന്‍ പാപ്പാ ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും അന്നത്തെ മുമ്പൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ വലേറിയന്‍ ഗ്രേഷ്യസുവഴി
ഭാരതസഭയോട് പ്രത്യേകബന്ധം പുലിര്‍ത്തിയിരുന്നുവെന്ന് മുബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വള്‍ഡ് ചൂണ്ടിക്കാട്ടി.

1962-ല്‍ സൂനഹദോസിനിടെ ഇന്ത്യ-ചൈനയുദ്ധം ആരംഭിച്ചപ്പോള്‍ കര്‍ദ്ദിനാള്‍ വലേറിരയനെ വത്തിക്കാനില്‍നിന്നും നാട്ടിലേയ്ക്ക് പറഞ്ഞയച്ച്, ജനങ്ങളോടുകൂടെ ആയിരിക്കണം
എന്ന് ആവശ്യപ്പെട്ട സംഭവം കര്‍ദ്ദിനാള്‍ ഓസ്വള്‍ഡ് പ്രസ്താവനയില്‍ അനുസ്മരിച്ചു.

ഭാരതത്തിലേയ്ക്ക് രണ്ട് അപ്പസ്തോലിക പര്യടനങ്ങള്‍ ഇന്ത്യയിലേയ്ക്ക് നടത്തിയിട്ടുള്ള
പാപ്പാ വോയ്ത്തീവ ആര്‍ഷഭാരതത്തിന്‍റെ സംസ്ക്കരത്തോടും ജനങ്ങളോടും പ്രത്യേക
മമത ഹൃദയത്തില്‍ സൂക്ഷിച്ച പുണ്യശ്ലോകനും, ഭാരതീയരുടെ മനംകവര്‍ന്ന പാപ്പായുമായിരുന്നെന്ന് ഏഷ്യയിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റുകൂടിയായ
കര്‍ദ്ദിനാള്‍ ഓസ്വള്‍ഡ് പ്രസ്താവിച്ചു.

താന്‍ റോമില്‍ ഏപ്രില്‍ 27-ന് അരങ്ങേറുന്ന നാമകരണനടപടികളില്‍ പങ്കെടുക്കുമെന്നും, ഭാരതത്തിലെ ജനങ്ങളുടെ സമാധാനപൂര്‍ണ്ണമായ രാഷ്ട്രീ സാമൂഹ്യജീവിതത്തിനും നന്മയ്ക്കുംവേണ്ടി ഈ മംഗളകര്‍മ്മത്തിലെ പങ്കാളിത്തം തീര്‍ത്ഥാടനത്തിന്‍റെ
ആത്മീയ നിയോഗമായി സമര്‍പ്പിക്കുമെന്ന്, കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.