2014-04-20 19:17:42

പുതുസഹസ്രാബ്ദത്തിന്‍റെ
പൂമുഖപ്പുലരിയില്‍ ഒരു സമാധാനദൂതന്‍


20 ഏപ്രില്‍ 2014, വത്തിക്കാന്‍
“ഹൃദയകവാടങ്ങള്‍ ക്രിസ്തുവിനായി മലര്‍ക്കെ തുറക്കുവിന്‍…!” ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സ്ഥാനാരോപിതനായതിനുശേഷം വത്തിക്കാനില്‍ നടത്തിയ പ്രഥമ പ്രഭാഷണത്തിന്‍റെ ആമുഖമായിരുന്നു ഇത്. കരിങ്കല്‍മടയില്‍ ജോലി ചെയ്തും കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ കനത്തഭാരമേറിയും പോളണ്ടിലെ ക്രാക്കോയില്‍ വളര്‍ന്ന കാരോള്‍ വോയ്ത്തീവ കാലത്തിന്‍റെ തികവില്‍ ക്രിസ്തുവിന്‍റെ സഭയുടെ നായകനായി. അത് 1978 ഓക്ടോബര്‍ 16-ാം തിയതിയായിരുന്നു. പത്രോസിന്‍റെ പരമാധികാരം പേറുന്ന 264-ാമത്തെ പത്രോസിന്‍റെ പിന്‍ഗാമി ജോണ്‍ പോള്‍ രണ്ടാമന്‍! ഉത്ഥിതനായ ക്രിസ്തുവിന്‍റെ സ്നേഹഗീതികളുമായി ലോകത്തിന്‍റെ ഒരറ്റംമുതല്‍ മറ്റെ അറ്റംവരെ നീണ്ട അപ്പസ്തോലീക യാത്രകള്‍ നടത്തിയ സ്നേഹദൂതന്‍!

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ രണ്ടു തവണ ഭാരതമണ്ണില്‍ കാലുകുത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. വൈവിധ്യമാര്‍ന്ന ആര്‍ഷസംസ്ക്കാരങ്ങളെയും ജനങ്ങളെയും പാപ്പാ സ്നേഹിച്ചുവെന്നതിന് തെളിവാണ് 10 ദിവസം നീണ്ടുനിന്ന 1986 ഫെബ്രുവരിയിലെ പ്രഥമ സന്ദര്‍ശനം. ഡില്‍ഹിയിലെത്തിയ പാപ്പാ വ്യത്യസ്തമായ കാലവസ്ഥയെയും ഭാഷയുടെയും സംസ്ക്കാരങ്ങളുടെയും മതത്തിന്‍റെ വൈവിദ്ധങ്ങളെ വകവയ്ക്കാതെ ഇന്ത്യയുടെ എല്ലാ പ്രധാന നഗരങ്ങളും സന്ദര്‍ശിച്ചു. രണ്ടു ദിവസം കേരളത്തില്‍ ചിലവഴിച്ച പാപ്പാ, നാടിന്‍റെ പുണ്യാത്മക്കളായ അല്‍ഫോന്‍സാമ്മയെയും ചാവറയച്ചനെയും കോട്ടയത്തുവച്ച് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തിയത് ജനങ്ങളുടെ ആത്മീയതയെ തട്ടിയുണര്‍ത്തിയ മഹാസംഭവമായിരുന്നു.
വീണ്ടും 1999 ലെ ദീപാവലിനാളില്‍ ഡല്‍ഹിയിലെത്തിയ പാപ്പാ ഏഷ്യയിലെ മെത്രാന്മാരുടെ സിഡനു സമ്മേളനത്തിന്‍റെ പഠനങ്ങളും തീരുമാനങ്ങളും Ecclesia in Asia ‘ഏഷ്യയിലെ സഭ’ എന്ന അപ്പസ്തോലിക പ്രബോധനമായി അവിടെവച്ച് പ്രകാശനംചെയ്തു. കമ്യൂണിസ്റ്റ് ചൈന, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ പാപ്പായ്ക്ക് ആതിഥേയത്വം നിഷേധിച്ചപ്പോഴും ഏഷ്യയ്ക്ക് സുവിശേഷവെളിച്ചമേകാന്‍ പാപ്പാ വോയ്ത്തീവ താന്‍ ആദരിക്കുന്ന മഹാത്മായുടെ മണ്ണില്‍നിന്നും ക്രിസ്തുവിന്‍റെ വെളിച്ചം ഏഷ്യയ്ക്ക് പകര്‍ന്നു നല്കുകയായിരുന്നു.


പാപ്പായുടെ വ്യക്തിത്വത്തിലെ ഒരിക്കലും മറക്കാനാവാത്ത സംഭവമാണ്, ക്രിസ്തുജയന്തി ജൂബിലി വര്‍ഷത്തില്‍ ശിരസ്സ് കുരിശില്‍ മുട്ടിച്ചുകൊണ്ടുള്ള പരസ്യകുമ്പസാരം. എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ mea culpa, mea culpa, mea maxima culpa… നൂറ്റാണ്ടുകളായി മാനുഷികതയില്‍ സഭയ്ക്കു വന്നുപോയ പാളിച്ചകള്‍കളൊക്കെയും, അതിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വവും സ്വയം ഏറ്റെടുത്ത് തന്നെത്തന്നെ പാപ്പാ താഴ്ത്തിയപ്പോള്‍, ആ പുണ്യാത്മാവിലെ ക്രിസ്തുസാന്നിദ്ധ്യത്തിന്‍റെ പ്രഭ കുറെക്കൂടി ലോകത്തിനു വെളിപ്പെട്ടു കിട്ടുകയാണുണ്ടായത്. തെറ്റിപ്പോയെന്ന് പറയാനുള്ള എളിമയും നന്മയും ലോകത്തിന് ഇല്ലാത്തൊരു കാലത്ത്, ഹൃദയത്തില്‍നിന്നുള്ള പാപ്പായുടെ ഏറ്റുപറച്ചില്‍ ക്രിസ്തുവിന്‍റെ സഭയുടെ ക്ഷതങ്ങള്‍ക്കുമീതെ സൗഖ്യലേപനമായി ഇന്നും തെളിഞ്ഞുനില്ക്കുന്നു.

അപ്പസ്തോല കാലത്തിനുശേഷം സിനഗോഗു സന്ദര്‍ശിച്ച ആദ്യത്തെ സഭാതലവനാണ് ജോണ്‍ പോള്‍ രണ്ടാമന്‍. റോമിലെ പുരാതനമായ ‘തേംപിയെ മജോരെ’ സിനഗോഗ് പാപ്പാ 1986-ല്‍ സന്ദര്‍ശിച്ചു. സിനഗോഗിലെ പ്രധാനപുരോഹിതനെ ‘ജ്യോഷ്ഠസഹോദരാ’ എന്നു വിളിച്ച് ആലിംഗനംചെയ്തപ്പോള്‍ നോക്കിനിന്നവര്‍ കരയാതിരിക്കുവാന്‍ പണിപ്പെട്ടു. പിന്നീട് യഹൂദര്‍ക്കേറ്റം പുണ്യപ്പെട്ട സങ്കടമതിലും അദ്ദേഹം വിശുദ്ധനാടു സന്ദര്‍ശനത്തിനിടെ നടത്തുകയും ലോകത്തിനുവേണ്ടി വിലപിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്തു.

മുസ്ലീം പ്രാര്‍ത്ഥനാലയത്തിലും പാപ്പായുടെ സന്ദര്‍ശനത്തിന്‍റെ ഊഴമുണ്ടായിരുന്നു. 2001-ല്‍ ഡമാസ്ക്കസിലെ ഉമയൂദ് മദ്രസ സന്ദര്‍ശിച്ച പാപ്പാ, അവിടെ ദൈവികകാരുണ്യത്തെക്കുറിച്ച് പ്രസംഗിച്ചു. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും തീര്‍ത്ഥാടകനായിരുന്നു പാപ്പാ. ഏതു രാജ്യത്തുചെന്നാലും ആദ്യം പ്രണമിച്ച് അവിടുത്തെ മണ്ണു ചുംബിക്കുന്നത് ഹൃദയസ്പര്‍ശിയായ മറ്റൊരു കാഴ്ചയായിരുന്നു. മണ്ണില്‍നിന്നും മനുഷ്യരില്‍നിന്നും അകന്നുപോയതിനെ മണ്ണിലേയ്ക്കും മനുഷ്യനിലേയ്ക്കും അടുപ്പിച്ച്, പിന്നെ അവരെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുവാന്‍ 27 വര്‍ഷക്കാലം (1978–2005) നിരന്തരമായി നടത്തിയ സുവിശേഷ തീര്‍ത്ഥാടനങ്ങള്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ ലോകത്തിന് ഒരാശിര്‍വ്വാദമാക്കി മാറ്റി.

വിത്തിലും വൃക്ഷത്തിലും ജീവന്‍ ജീവന്‍തന്നെയെന്ന് പ്രഖ്യാപിച്ച പാപ്പായെ യാഥാസ്ഥിതികനായിട്ട് ചിലരെങ്കിലും മുദ്രകുത്തി. ജീവിതത്തിന്‍റെ ഗുണമേന്മ മാത്രം നോക്കി, അല്ലെങ്കില്‍ എനിക്കെന്തുകിട്ടും എന്ന ലാഭേഛയോടെ മാത്രമുള്ള കമ്പോള സങ്കല്‍പ്പങ്ങളെയും സംസ്കാരത്തെയും നിഷേധിച്ചതുകൊണ്ടാവാം പാപ്പാ വോയ്ത്തീവയെ യാഥാസ്ഥിതികനായി ചിലര്‍ അങ്ങനെ നോക്കിക്കണ്ടത്. എന്നിട്ടും ഈ യാഥാസ്ഥിതികനെ തേടിയാണ് ഏറ്റവും കൂടുതല്‍ യുവജനങ്ങള്‍ വത്തിക്കാനിലെത്തിയത്. 1985 ഐക്യരാഷ്ട്ര സംഘടന യൂവജന വര്‍ഷമായി പ്രഖ്യാപിച്ചു. അതില്‍ സന്തുഷ്ടനായ പാപ്പാ പിന്നീട് ലോകരാഷ്ട്രങ്ങളുടെ ഉദ്യമത്തിന് പിന്‍തുണ പ്രഖ്യാപിച്ചുകൊണ്ട് ആഗോള യുവജനസംഗമം വത്തിക്കാനില്‍ വിളിച്ചുകൂട്ടി. തുടര്‍ന്ന് മൂന്നു വര്‍ഷത്തിലൊരിക്കല്‍ പാപ്പായുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള യുവജനങ്ങള്‍ മുന്‍കൂറായി നിശ്ചയിച്ച ആതിഥേയ രാജ്യത്തു സമ്മേളിക്കുന്ന പതിവ് ഇന്ന് ലോകശ്രദ്ധ ആകര്‍ഷിക്കുന്ന മഹാമേളയും, യുവലോകത്തിന് ആത്മീയവും ധാര്‍മ്മികവുമായ ഉണര്‍വ്വുപകരുന്ന യുവജന സംരംഭമായും (World Youth Day Celelbration) വളര്‍ന്നുനില്ക്കുന്നു.

സ്നേഹം നിലനിറുത്തുവാന്‍ വിട്ടുവീഴ്ചകളാവശ്യമാണെന്ന് പാപ്പാ ലോകത്തെ ജീവിതംകൊണ്ടു പഠിപ്പിച്ചു. ശരിയെന്ന് കരുതുന്ന മൂല്യങ്ങളില്‍ ദൃഢമായി നില്‍ക്കുന്നതാണ് ഭൂമിയുടെ ഇഷ്ടവും നന്മയെന്നുമുള്ള ആത്മീയസൂക്തം പാപ്പാ കാലഘട്ടത്തെ പഠിപ്പിച്ചു. തന്‍റെ ഘാതകനെപ്പോലും സ്നേഹിക്കുകയും ക്ഷമിക്കുകയുംചെയ്ത ആര്‍ദ്രമായ മാനസദീപമായി പുണ്യാത്മാവായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ. 1981 മെയ് 13-ാം തിയതി പൊതുകൂടിക്കാഴ്ചയ്ക്ക് വത്തിക്കാനിലെ ചത്വരത്തില്‍ ജനമദ്ധ്യത്തിലൂടെ തുറന്ന ജീപ്പില്‍ സഞ്ചരിച്ച പാപ്പായെ തുര്‍ക്കി സ്വദേശി മഹമ്മദ് അലി അഖ വളരെ അടുത്തുനിന്നും വെടിവച്ചുവീഴ്ത്ത്. നീണ്ട ശസ്ത്രക്രിയയ്ക്കും വൈദ്യസഹായത്തിനുംശേഷം പാപ്പാ അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍നിന്നും മടങ്ങവേ, തന്നെ വധിക്കുവാന്‍ പരിശ്രമിച്ച അഖായെ ജയിലില്‍ സന്ദര്‍ശിച്ച് പാപ്പാ അയാളോടു ക്ഷമിക്കുകയും ആശ്ലേഷിക്കുകയും ചെയ്തു. ഫാത്തിമാ നാഥയുടെ തിരുനാളില്‍ നടന്ന വിധശ്രമത്തില്‍നിന്നും രക്ഷപ്പെട്ടത് പാപ്പാ ദൈവമാതാവിന്‍റെ സംരക്ഷണവും അത്ഭുതവുമായി കണക്കാക്കി. 2000-ാമാണ്ടില്‍ ഫാത്തിമ സന്ദര്‍ശിച്ച പാപ്പാ ഉദരത്തില്‍ പതിച്ച വെടിയുണ്ട ഫാത്തിമാനാഥയുടെ കിരീടത്തില്‍ നന്ദിയായി ചാര്‍ത്തി.

2000-ാമാണ്ട് മഹാജൂബിലി വര്‍ഷത്തില്‍ ഒരു വര്‍ഷക്കാലം നീണ്ടുനിന്നു പരിപാടികളായിരുന്നു വത്തിക്കാനിലും ആഗോളസഭയിലും. ക്രിസ്തുജയന്തി ആഘോഷങ്ങളുടെ അലയടി ക്രൈസ്തവലോകത്ത് നവതരംഗങ്ങള്‍ ഉയര്‍ത്തി. തുടര്‍ന്ന് ക്ഷീണിതനായിക്കണ്ട കഠിനാദ്ധ്വാനിയായ പാപ്പായില്‍ പാര്‍ക്കിന്‍സാന്‍സ് രോഗബാധ വളര്‍ന്നുവരികയായിരുന്നു. അഞ്ചു വര്‍ഷക്കാലം രോഗപീഡകള്‍ ഉണ്ടായെങ്കിലും പതറാതെ അവസാന നിമിഷവരെ ക്രിസ്തുസ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും സ്നേഹഗായകനായും കര്‍മ്മനിരതനായും പാപ്പാ വോയ്ത്തീവ തുടര്‍ന്നു.

2005 ഏപ്രില്‍ 2-ാം തിയതി പകരമില്ലാത്ത മനുഷ്യസ്നേഹിയും, ഉത്ഥിതനായ ക്രിസ്തുവിന്‍റെ സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശവാഹകനുമായ പാപ്പാ വോയിത്തീവ കാലംചെയ്തു. ലോകംകണട അത്യുജ്ജ്വലവും ശ്രേഷ്ഠവുമായ അന്തിമോപചാര ശുശ്രൂഷയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടേത്. 2009-ല്‍ സഭ അദ്ദേഹത്തിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചു. 2011 മെയ് 1-ന് മുന്‍പാപ്പാ ബനഡിക്ട് 16-ാമന്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തി.

2013 ജൂലൈ 2-ാം തിയതി പാപ്പാ ഫ്രാന്‍സിസ് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍റെ മദ്ധ്യസ്ഥ്യത്തില്‍ ലഭിച്ച അത്ഭുതരോഗ ശാന്തി അംഗീകരിച്ചുകൊണ്ട് ഡിക്രി പുറപ്പെടുവിക്കുകയും 2014 ഏപ്രില്‍ 27-ന് വിശുദ്ധപദപ്രഖ്യാപനത്തിനുള്ള ദിവസമായി തീരുമാനിക്കുകയും ചെയ്തു. സ്ഥാനാരോഹണ ദിനമായ ഒക്ടോബര്‍ 22-ാം തിയതിയാണ് പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അനുസ്മരണദിനം.








All the contents on this site are copyrighted ©.