2014-04-19 11:46:34

‘തിരിച്ചുനടത്തത്തിനുള്ള ഉത്ഥിതന്‍റെ
ആഹ്വാനമാണ് ഈസ്റ്റര്‍’ - മാര്‍ കണ്ണൂക്കാടന്‍


RealAudioMP3

19 ഏപ്രില്‍ 2014, ഇരിങ്ങാലക്കുട
വത്തിക്കാന്‍ റേഡിയോ ശ്രോതാക്കള്‍ക്കേവര്‍ക്കും ഉയിര്‍പ്പു തിരുനാളിന്‍റെ മംഗളങ്ങള്‍ ഏറ്റവും ഹൃദ്യമായി നേരുന്നു! ഈസ്റ്ററിന്‍റ‍െ സമാധാനവും സന്തോഷവും, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും സമൃദ്ധമായി ലഭിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

ക്രൈസ്തവ വിശ്വാസത്തിന്‍റെ അടിസ്ഥാനപ്രമാണവും, ജീവിതത്തിന്‍റെ പ്രതീക്ഷയുമാണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്. പൗലോസ് അപ്പസ്തോലന്‍ കൊറീന്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ 15-ാം അദ്ധ്യായം 14-ാം വാക്യത്തില്‍ ഓര്‍മ്മിപ്പിക്കുന്നു, “മിശിഹാ ഉയര്‍ത്തിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥമാണ്. (1 കൊരി. 15, 14). പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ ഈ തത്വം വിളിച്ചോതുകയാണ്. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനപ്രമാണമാണ് ക്രിസ്തുവിന്‍റെ ഉയര്‍പ്പ്. നമ്മുടെ ജീവിതത്തിന്‍റെ പ്രതീക്ഷയാണ് അവിടുത്തെ ഉയിര്‍പ്പ്. നമ്മുടെ ജീവിതങ്ങളെ വിശ്വാസത്തിന്‍റെ കണ്ണോടെ നോക്കിക്കണ്ടാലെ ഈ ഉത്ഥാനരഹസ്യം ഹൃദിസ്ഥമാക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. ലാസറിന്‍റെ സഹോദരി മറിയത്തോട് ക്രിസ്തു പ്രസ്താവിക്കുന്നുണ്ട്, “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും നിത്യം ജീവിക്കും. നീ വിശ്വസിക്കുന്നുവോ?”(യോഹ 11, 25). മാര്‍ത്ത ഉത്തരംനല്കി. “അങ്ങാണ് വരുവാനിരിക്കുന്ന ലോകത്തിന്‍റെ രക്ഷന്‍.”(യോഹ. 11, 27).

ജീവിതത്തില്‍ വിശ്വാസത്തിന്‍റെ ആഴങ്ങളിലേയ്ക്ക് നാം കടന്നാലേ, ജീവിതത്തിന്‍റെ സഹനസന്താപ വേലിയേറ്റങ്ങള്‍ക്കിടയില്‍ നിരാശയില്‍ അകപ്പെടാതെ പ്രതീക്ഷയോടെ പച്ചപ്പ് കാത്തുസൂക്ഷിക്കാനാകൂ എന്നുള്ള കാര്യം വിസ്മിരിക്കരുത്. ഇതാണ് ഈസ്റ്ററിന്‍റെ പൊന്‍പുലരി നമുക്ക് സമ്മാനിക്കുന്നത്. ദിശാ ബോധമേകുന്ന കല്‍വിളക്കുപോലെ നിത്യതയുടെ പൊന്‍വെളിച്ചം നമ്മുടെ ജീവിതങ്ങളില്‍ പ്രസരിക്കണം. ഈ പൊന്‍വെളിച്ചത്തിന്‍റെ പ്രകാശത്തില്‍ ജീവിതത്തെ മനനംചെയ്തു ക്രമീകരിച്ചവരാണ് ഉത്ഥാനാനുഭവത്തിന്‍റെ സാക്ഷികളായിട്ട് നമ്മുടെ മുന്നിലുള്ളത്. “എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!” (യോഹ. 20, 28) എന്ന് ഏറ്റുപറഞ്ഞ മാര്‍ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം നമുക്ക് സുപരിചിതമാണ്. മുറിക്കപ്പെട്ട അപ്പത്തില്‍ യേശുവിനെ തിരിച്ചറിഞ്ഞ എമാവൂസ് ശിഷ്യന്മാരുടെ അനുഭവവും നമ്മുടെ മുമ്പിലുണ്ട്
(ലൂക്ക് 24, 13).
മത്സ്യച്ചാകര ഒരുക്കി ആത്മവിശ്വസം നല്കിയശേഷം, പ്രാതലിനായി ക്ഷണിച്ച് കാത്തിരിക്കുന്നവന്‍റെ മുന്‍പില്‍, “ഇതു കര്‍ത്താവാണ്,” എന്നു പറഞ്ഞ പത്രോശ്ലീഹായുടെയും ശിഷ്യരുടെയുമൊക്കെ അനുഭവം നമ്മുടെ ചിന്തയിലും പ്രാര്‍ത്ഥനയിലും ഉണ്ട്. നമുക്കു ദിശാബോധനം നല്കാന്‍ വിശ്വാസാനുഭവത്തിലേയ്ക്ക് നമ്മെ നയിക്കാന്‍, ഈ ഉത്ഥാനാനുഭവത്തിന് കഴിയട്ടെ എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. വിശ്വസത്തിന്‍റെ ആഴങ്ങളിലേക്ക് നമ്മെ നയിക്കാന്‍‍ ഉത്ഥിതനായ ക്രിസ്തു ഇന്നു നമ്മെ ശക്തിപ്പെടുത്തട്ടെ.

ക്രൈസ്തവ വിശ്വാസത്തിന്‍റെ ആഴങ്ങള്‍ കണ്ടെത്തുവാനും ഉള്‍ക്കൊള്ളുവാനും നമ്മെ ഈസ്റ്റര്‍ ഉദ്ബോധിപ്പിക്കുകയാണ്. അങ്ങനെ അഴങ്ങളെ ഉള്‍ക്കൊള്ളുവാനായിട്ട് കഴിയണമെന്നുണ്ടെങ്കില്‍ നമ്മുടെ മനോഭാവങ്ങളിലും കാഴ്ചപ്പാടുകളിലും ദര്‍ശനങ്ങളിലും സമൂലമായിട്ടുള്ളൊരു പരിവര്‍ത്തനം അനിവാര്യമാണ്. വിശ്വാസം നമ്മുടെ ജീവിതത്തിന്‍റെ ഭാഗമല്ലാതെ വരുമ്പോള്‍, കേവലം ആഘോഷത്തിന്‍റെയും ഭക്തിയുടെയും നിറവില്‍മാത്രം വിശ്വാസത്തെ കാണുവാനും, അങ്ങനെ അതിനെ മാറ്റി നിറുത്തുവാനും ആഗ്രഹിക്കുന്നവരുടെ സംഖ്യ ഇന്നു വര്‍ദ്ധിച്ചുകൊണ്ടിരിക്കുയാണ്. താല്ക്കാലിക നേട്ടങ്ങളുടെ മറവിലും കുടുംബത്തിന്‍റെ നന്മ എന്ന പേരിലും വിശ്വാസത്തിനും ധാര്‍മ്മികതയ്ക്കും നിരയ്ക്കാത്ത വ്യക്തിഗതമായ adjustment-കള്‍ക്ക് തയ്യാറാകുന്ന സംസ്ക്കാരവും ഇന്ന് നമ്മുടെ നാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ ‘മരണസംസ്ക്കാരം’ എന്നൊക്കെ പലപ്പോഴും വിശേഷിപ്പിക്കുന്നുണ്ട്.

എല്ലാറ്റിനോടും വിട്ടുവീഴ്ചയ്ക്കു തയ്യാറായിട്ട്, യാതൊരു തത്വദീക്ഷയുമില്ലാതെ പോകുന്ന
ഒരു കാലഘട്ടത്തിന്‍റെ വിരിമാറിലാണ് ഇന്നു നാം നില്ക്കുന്നത്. ഇനി, വ്യക്തിപരമായിട്ടുള്ള തലങ്ങളുണ്ടെങ്കില്‍, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലും വിശ്വാസത്തിന്‍റെ ആഴങ്ങളെ പ്രതിഫലിപ്പിക്കാന്‍ ഉയര്‍പ്പുതിരുനാള്‍ നമ്മെ ആഹ്വാനംചെയ്യുന്നുണ്ട്. വ്യക്തിഗത താല്പര്യങ്ങളില്‍ സമൂഹത്തില്‍ അന്യംനിന്നുപോകുന്ന മൂല്യങ്ങളും ആദര്‍ശങ്ങളും നമ്മെ ഒത്തിരി നോവിപ്പിക്കുന്നുണ്ട്. ധനാസക്തിയുടെയും അധികാര പ്രവണതയുടെയും ആസക്തിയുടെയും മറവില്‍ നാശോന്മുഖമാകുന്ന ബന്ധങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇഷ്ടപ്രീണനം നടത്തുന്ന രാഷ്ട്രീയ സദാചാരത്തിന്‍റെ കപടമുഖം നാം അനുദിനം കണ്ടുകൊണ്ടിരിക്കുന്നു. നിയമവ്യവസ്ഥിതിയുടെ അവിഹിത കൂട്ടുകെട്ടുകള്‍ നീതിനിഷേധത്തിനു കാരണമാകുന്നുണ്ട് എന്നും നമുക്കറിയാം. അഴിമതിക്കും സ്വാധീനത്തിനും അടിമപ്പെടുന്ന അധികാരകേന്ദ്രങ്ങള്‍ നാം കാണുന്നുമുന്നുണ്ട്. എന്തിനേറെ, ക്രൈസ്തവ കുടുംബങ്ങളില്‍ മിശ്രവിവാഹത്തെയും വിവാഹേതര ബന്ധങ്ങളെയും ഫാഷനായിട്ട് എടുത്ത് അണിയുന്ന ഒരവസ്ഥാവിശേഷവും നാം ദര്‍ശിക്കുന്നുണ്ടല്ലോ. ഇവിടെയാണ് വിശ്വാസത്തിന്‍റെയും ധാര്‍മ്മികതയുടെയും വെളിച്ചത്തില്‍ സമൂലമായിട്ടുള്ളൊരു പരിവര്‍ത്തനം അനിവാര്യമാണ് എന്നു നാം പറയുന്നത്.

നാം ഈ കഴിഞ്ഞ 50 ദിവസം നോമ്പും ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും അനുരഞ്ജനവും, നന്മ പ്രവര്‍ത്തികളുമൊക്കെ നടത്തിയതും ഇപ്രകാരമുള്ളൊരു സമൂല പരിവര്‍ത്തനത്തിനുള്ള ഒരുക്കമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇത് തിരിച്ചു നടത്തത്തിനുള്ള ആഹ്വാനമാണ്. മാറിയ വഴികളില്‍നിന്നും നേരായ വഴികളിലേയ്ക്ക് ഒരു തിരിച്ചുനടത്തം. ലോകരക്ഷകനായ് ക്രിസ്തുവിലേയ്ക്കുള്ള തിരിച്ചുനടത്തം എന്നു പറയുന്നതായിരിക്കും ശരി, ശരിയായിട്ടുള്ളത്.

ആത്മധൈര്യത്തോടും അതുപോലെ തന്നെ പ്രത്യാശയോടുംകൂടെ വിശ്വാസം ഏറ്റുപറയുവാനും ക്രൈസ്തവജീവിതം കരുപ്പിടിപ്പിക്കാവാനുള്ള ഒരു തിരിച്ചു നടത്തമാവട്ടെയിത്. പലപ്പോഴും നാം ചിന്തിച്ചേക്കാം, ചിന്തിച്ചുപോകാം... ഇത് കാര്യം സ്വകാര്യമായിട്ടുള്ള ഒരു കാര്യം മാത്രമാണോ, എന്ന്. എന്നാല്‍ ഇതിന്‍റെ പ്രതിഫലനങ്ങള്‍ നമ്മുടെ ക്രൈസ്തവ കുടുബത്തിലും നമ്മുടെ സമൂഹത്തിലും, സംസ്ക്കാരികവും രാഷ്ട്രീയവുമായിട്ടുള്ള തലങ്ങളിലുമൊക്കെ പ്രകടമാകണം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സമൂഹത്തിലും കുടുബത്തിലും വ്യക്തിപരമായ ജീവിതത്തിലും ഉത്ഥിതനായ ക്രിസ്തുവിനോടൊപ്പം നില്ക്കാന്‍ നാം തീരുമാനിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ഈസ്റ്റര്‍ദിനം അതിനു നമ്മെ സഹായിക്കട്ടെ എന്നാണ് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത്.

ഈസ്റ്ററിന്‍റെ തിരക്കുകള്‍ക്കിടയില്‍ ഒരു ഞായര്‍ തീര്‍ക്കുന്ന ആലസ്യത്തില്‍നിന്നും ഉണര്‍ന്ന് ജീവിത ബന്ധിയായിട്ടുള്ള ഒരു വിശ്വാസ പ്രഘോഷണത്തിന്‍റെ ഒരു തിരുദിനമാണിത് എന്നുള്ളൊരു തിരിച്ചറിവിലേയ്ക്ക് കടന്നുവരുവാന്‍ ഈ ഈസ്റ്റര്‍ നമ്മെ സഹായിക്കട്ടെ!
ക്രൈസ്തവ ജീവിതത്തെ ഒരാഘോഷമായിട്ടു മാറ്റുവാന്‍ ഈ ഈസ്റ്റര്‍ നമ്മെ സഹായിക്കണം, നമ്മുടെ മനോഭാവങ്ങളിലും കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും വീക്ഷണങ്ങളിലും, സമൂലമായൊരു പരിവര്‍ത്തനം സംജാതമായി, ക്രൈസ്തവ ജീവിതത്തെ കൂടുതല്‍ ധന്യമാക്കുവാന്‍ നമുക്ക് കഴിയട്ടെ. അതിന്‍റെ പ്രതിഫലനം നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ മാത്രമല്ല, സമൂഹത്തിലും പ്രതിഫലിപ്പിക്കാന്‍ ഇടയാകട്ടെ. നമുക്ക് ദിശാബോധം നല്കാന്‍ ഈ ഈസ്റ്റര്‍ സഹായിക്കുന്നതോടൊപ്പംതന്നെ നമ്മുടെ ജീവിതം കണ്ട് മറ്റുള്ളവര്‍ക്കും ദിശാബോധം ലഭിക്കാന്‍ ഇടയാകട്ടെ, ഉതകുന്നതാകട്ടെ!

പ്രിയമുള്ള വത്തിക്കാന്‍ റേഡിയോ ശ്രതാക്കളേ, ഉത്ഥിതനായ ക്രിസ്തു വിഭാവനംചെയ്യുന്ന സമാധാനവും സന്തോഷവും നമ്മുടെ ജീവിതങ്ങളില്‍ എന്നും പ്രതിഫലിക്കട്ടെ. അങ്ങനെ തുടര്‍ന്നുള്ള ജീവിതത്തില്‍ ഈസ്റ്റര്‍ വഴികാട്ടിയായി മാറട്ടെ. ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രതീക്ഷ നമ്മുടെ ജീവിതങ്ങളിലെ സഹന സന്താപങ്ങളെ സംയമനത്തോടെ സ്വീകരിക്കുവാനും, അതുവഴി പ്രതീക്ഷയുടെ പച്ചപ്പ് നഷ്ടപ്പെടുത്താതെ ജീവിതത്തെ ക്രമീകരിക്കുവാനും ഇടവരട്ടെ!!

ഒരിക്കല്‍ക്കൂടെ നിങ്ങള്‍ക്കേവര്‍ക്കും ഈസ്റ്ററിന്‍റെ മംഗളങ്ങള്‍ ഏറ്റവും സന്തോഷത്തോടും ഹൃദ്യതയോടുംകൂടെ നേരുന്നു. ഉത്ഥിതനായ ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ!!!

Easter Message by Mar Pauly Kannookadan, Bishop of Irinjalakuda
Transmitted by Vatican Radio on 19/20 April 2014









All the contents on this site are copyrighted ©.