2014-04-18 14:10:59

എബോള പകർച്ചവ്യാധി തടയാൻ കത്തോലിക്കാ സന്നദ്ധ സംഘടനകൾ രംഗത്ത്


18 ഏപ്രിൽ 2014,
പശ്ചിമാഫ്രിക്കൻ രാജ്യങ്ങളെ ഭയാശങ്കയിലാഴ്ത്തുന്ന എബോള വൈറസ് രോഗം പകരുന്നത് തടയാൻ കത്തോലിക്കാ സന്നദ്ധ സംഘടനകൾ രംഗത്ത്. പകർച്ചവ്യാധി തടയാൻ ശ്രമിക്കുന്നതോടൊപ്പം ജനത്തിന്‍റെ അമിതാശങ്ക അകറ്റാനും സന്നദ്ധ സംഘടനകള്‍ ബദ്ധപ്പെടുകയാണെന്ന് കത്തോലിക്കാ സന്നദ്ധ സംഘടന സി.ആർ.എസിന്‍റെ (Catholic Relief Services, CRS) ആരോഗ്യ വകുപ്പ് ഉപദേശക സമിതിയംഗം മെറെഡിത്ത് സ്റ്റാക്കെം വത്തിക്കാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രസ്താവിച്ചു.
എബോളയ്ക്കെതിരേ കുത്തിവെയ്പ്പോ ചികിത്സയോ ലഭ്യമല്ലാത്തതും, രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള അജ്ഞതയും പകർച്ച വ്യാധി തടയുന്നതിനെതിരേ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. 120 ഓളം പേർ എബോളെ വൈറസ് രോഗബാധിതരായി മരണമടഞ്ഞു. ഗിനിയയിലാണ് കൂടുതൽ രോഗബാധിതരുള്ളതെങ്കിലും ലൈബീരിയ, സിയറെ ലിയോൺ എന്നീ രാജ്യങ്ങളിലും എബോള രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലും രോഗം പടരുന്നുണ്ട്. ലൈബീരിയിയൽ എട്ടുപേരും സിയെറ ലിയോണിൽ അഞ്ച് പേരും എബോള പനിബാധിച്ച് മരണമടഞ്ഞതായി ലോകാരാഗ്യ സംഘടന സ്ഥിരീകരിച്ചു. ഗിനിയയിൽ തെക്കൻ വനമേഖലയോട് ചേർന്ന ഭാഗത്താണ് രോഗ ബാധ കൂടുതലായി കണ്ടുവരുന്നത്. പകർച്ചവ്യാധി പിടിപ്പെട്ടവരെ ചികിത്സിക്കാൻ ഗിനിയൻ സർക്കാർ പ്രത്യേക കേന്ദ്രങ്ങൾ തുറന്നു.

കടുത്തപനിയും ക്ഷീണവും തലവേദനയും ഛര്‍ദിയുമാണ് മാരകമായ എബോള ജ്വരത്തിന്‍റെ പ്രാരംഭ രോഗലക്ഷണം. വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുന്നതുമൂലവും ആന്തരികരക്തസ്രാവം മൂലവും രോഗം ബാധിക്കുന്നവരില്‍ 90 ശതമാനത്തോളം പേരും മരണമടയുകയാണ് പതിവ്. രോഗം ബാധിച്ചാല്‍ ഫലപ്രദമായ ചികിത്സയില്ലാത്തതുകൊണ്ട് രോഗബാധ ചെറുക്കുന്നതിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് മെറെഡിത്ത് സ്റ്റാക്കെം വിശദീകരിച്ചു.

ജനങ്ങളാകെ ഭയന്നിരിക്കുകയാണ്. എബോള ജ്വരം ബാധിച്ചു മരിച്ചവരുടെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാൻ പോലും ആളുകൾ തയ്യാറല്ലെന്ന് മെറെഡിത്ത് സ്റ്റാക്കെം പറഞ്ഞു. രോഗാണുക്കളെ നാട്ടിലെത്തിച്ചത് വിദേശികളാണെന്ന് ആരോപിച്ച്, സന്നദ്ധ പ്രവർത്തകരായ ഡോക്ടർമാർക്കെതിരേ നാട്ടുകാർ കൈയ്യേറ്റ ശ്രമം നടത്തിയെന്നും മെറെഡിത്ത് സ്റ്റാക്കെം അഭിമുഖത്തിൽ വെളിപ്പെടുത്തി. പകർച്ച വ്യാധി തടയാൻ ശ്രമിക്കുന്നതോടൊപ്പം ജനത്തിന്‍റെ ഭയവും അമിതാശങ്കയും അകറ്റാൻ ബോധവത്കരണ പരിപാടികളും അനിവാര്യമാണെന്നും ശ്രീമതി സ്റ്റാക്കെം പറഞ്ഞു.








All the contents on this site are copyrighted ©.