2014-04-16 19:59:32

വിശുദ്ധപദപ്രഖ്യാപനത്തിന്
പ്രത്യേക വാര്‍ത്താവിതരണ പദ്ധതി


16 ഏപ്രില്‍ 2014, വത്തിക്കാന്‍
പാപ്പാമാരുടെ വിശുദ്ധപദപ്രഖ്യാപനവുമായി ബന്ധപ്പെട്ട് പ്രത്യേക വാര്‍ത്താവിതരണ പരിപാടി വത്തിക്കാന്‍ ആരംഭിക്കുന്നു. ഏപ്രില്‍ 22 ചൊവ്വാഴ്ച മുതല്‍, 26 ശനിയാഴ്ചവരെ തിയതികളില്‍ പ്രാദേശിക സമയം രാവിലെ 11.30-നും വൈകുന്നേരം 4 മണിക്കും ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ് എന്നീ ഭാഷകളില്‍ വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാരുടെ വിശുദ്ധപദ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും, അവരെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും വത്തിക്കാന്‍റെ മാധ്യമകേന്ദ്രത്തില്‍നിന്നും അംഗീകൃത വാര്‍ത്താ ഏജെന്‍സികള്‍ക്കും ചാനലുകള്‍ക്കും ലഭ്യമാക്കുമെന്ന് വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.

ലോക മാധ്യമ പ്രവര്‍ത്തകരുടെ അതിപ്രസരം ഈ ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതിനാല്‍, വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളിനോടു ചേര്‍ന്നുള്ള പ്രത്യേക വേദിയായിലായിരിക്കും അനുദിന വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നതെന്നും പ്രസ്താവന വ്യക്തമാക്കി.

ആധുനികയുഗത്തില്‍ സഭയെ നയിച്ച രണ്ടു പുണ്യാത്മാക്കളായ പാപ്പാമാരെ വളരെ അടുത്തറിയുന്ന അവരുടെ സെക്രട്ടറിമാര്‍, സഹപ്രവര്‍ത്തകര്‍, അവരുടെ വ്യക്തിത്വം പഠിച്ചറിഞ്ഞ പോസ്റ്റുലേറ്റര്‍മാര്‍, വിദഗ്ദ്ധന്മാര്‍, പണ്ഡിതന്മാര്‍, അടുത്ത സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരും വാര്‍ത്താസമ്മേളനങ്ങളില്‍ പ്രത്യക്ഷപ്പെടുമെന്ന്, വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.








All the contents on this site are copyrighted ©.