2014-04-11 16:39:12

ബാലാവകാശ സംരക്ഷണത്തിന് പാപ്പായുടെ പിന്തുണ


11 ഏപ്രിൽ 2014, വത്തിക്കാൻ
കുട്ടികളേയും യുവജനങ്ങളേയും പരീക്ഷണ വസ്തുക്കളാക്കരുതെന്ന് മാർപാപ്പ.
ബാലാവകാശ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കത്തോലിക്കാ സന്നദ്ധ സംഘടനയുടെ (BICE, Bureau International Catholique de l’Enfance) പ്രതിനിധികളുമായി വെള്ളിയാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മാർപാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ചില വൈദികർ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്, തദവസരത്തിൽ മാർപാപ്പ പരസ്യമായി മാപ്പപേക്ഷിക്കുകയും ചെയ്തു. കത്തോലിക്കാ സഭയിലെ വൈദികരുടെ അംഗസംഖ്യ പരിഗണിക്കുമ്പോൾ, വളരെ കുറച്ചുപേർ മാത്രമേ ഈ തെറ്റ് ചെയ്തിട്ടുള്ളുവെങ്കിലും, അതുമൂലമുണ്ടായ വ്യക്തിപരവും ധാർമ്മികവുമായ മുറിവ് ആഴമുള്ളതാണെന്ന് പാപ്പ സമ്മതിച്ചു. ഈ പ്രശ്നപരിഹാരത്തിൽനിന്ന് സഭ ഒരടി പോലും പിന്നോട്ടു പോകില്ലെന്നും, തെറ്റുചെയ്തവർക്കെതിരേ കർശനനടപടികൾ സ്വീകരിക്കുമെന്നും മാർപാപ്പ ഉറപ്പുനൽകി.

‘മാതാപിതാക്കളുടെ’ സ്നേഹപരിലാളനങ്ങളേറ്റുവാങ്ങി, വൈകാരിക പക്വതയിൽ വളരാൻ അനുകൂലമായ കുടുംബസാഹചര്യം കുട്ടികൾക്കുണ്ടായിരിക്കേണ്ടതും ബാലാവകാശ സംരക്ഷണത്തിന് അനിവാര്യമാണ്. അതോടൊപ്പം, മക്കൾക്ക് ധാർമ്മികവും മതപരവുമായ വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾക്കുള്ള അവകാശവും സംരക്ഷിക്കപ്പെടണം.
വിദ്യാഭ്യാസ മേഖലയിലെ പരീക്ഷണങ്ങളെ വിമർശിച്ച പാപ്പ, ഇരുപതാം നൂറ്റാണ്ടിലെ അതിക്രൂരമായ സ്വേച്ഛാധിപത്യ പാഠങ്ങൾ മൂലമുണ്ടായ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ലെന്നും, ഇക്കാലത്തും പല ഭാവത്തിലും രൂപത്തിലും അവ തെളിഞ്ഞു വരുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. അതിൽ നിന്നും വ്യത്യസ്തമായി, കുട്ടികളെ മനുഷ്യത്വമുള്ളവരായി വളർത്തുകയും, അപരനെ ആദരിക്കാനും സമകാലിക സംസ്ക്കാരവും മാധ്യമലോകവും ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അവയോട് ക്രിയാത്മകമായി പ്രതികരിക്കാനും കുട്ടികളെ സജ്ജരാക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ പദ്ധതികൾ ആവിഷ്ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് ബാലാവകാശ സംരക്ഷണ പ്രവർത്തകരെ പാപ്പ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.