2014-04-09 19:21:30

കുടയേറ്റത്തിന്‍റെ
കദനംതിങ്ങുന്ന കുരിശ്


9 ഏപ്രില്‍ 2014, വത്തിക്കാന്‍
കുടിയേറ്റത്തിന്‍റെ ദുരന്തകഥകള്‍ പറയുന്ന കുരിശ് പാപ്പ ആശീര്‍വ്വദിച്ചു നല്കി. ആഫ്രിക്കാ ഭൂഖണ്ഡത്തിലുനിന്നും ഇറ്റലിയിലേയ്ക്കും യൂറോപ്പിലേയ്ക്കുമുള്ള അനധികൃത കുടിയേറ്റക്കാരുടെ ദുരത്തില്‍പ്പെട്ട് തകര്‍ന്ന ബോട്ടുകളില്‍നിന്നും എടുത്ത മരംകൊണ്ടു നിര്‍മ്മിച്ച 6 അടി വലുപ്പമുള്ള കുരിശാണ് ഏപ്രില്‍ 9ാ-ാം തിയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തില്‍ പാപ്പാ ആശീര്‍വ്വദിച്ചു നല്കിയത്.

ലീബിയ പോലുള്ള ആഫ്രിക്കന്‍ തീരങ്ങളില്‍നിന്നും അനധികൃതമായി യൂറോപ്പിലേയ്ക്ക് കുടിയേറവെ മെഡിറ്ററേനിയന്‍ തിരകളില്‍ ജീവന്‍പൊലിഞ്ഞ ഹതഭാഗ്യരായ നൂറുകണക്കിന് കുടിയേറ്റക്കാരെയാണ് ഈ കുരിശ് അനുസ്മരിപ്പിക്കുന്നതെന്ന് സംഘാടകര്‍ക്കുവേണ്ടി ഫ്രാന്‍ങ്കോ തൂച്ചി പ്രസ്താവിച്ചു.

കുടിയേറ്റയാതനയുടെ ‘കുരിശിന്‍റെവഴി’ ഇറ്റലി മുഴുവന്‍ നടക്കുമെന്ന്, അതിന്‍റെ സംഘാടകരായ മിലാന്‍ കേന്ദ്രീകരിച്ചുള്ള കലാ-സാംസ്ക്കാരിക സംഘടന അറിയിച്ചു. ജീവിത കദനത്തിന്‍റെ കഥ പറയുന്ന കുരിശ് ഇറ്റലിയിലെ ഇടവകകളിലൂടെ സഞ്ചരിച്ച് മിലാനില്‍ അവസാനിക്കുന്ന വിധത്തിലാണ് ‘കുരിശിന്‍റെവഴി’ സംവിധാനം ചെയ്തരിക്കുന്നതെന്ന്, സംഘാടകര്‍ക്കുവേണ്ടി ഫ്രാന്‍ങ്കോ തൂച്ചി വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’യെ അറിയിച്ചു.

2013 ജൂലൈ 8-ാം തിയതി പാപ്പാ ഫ്രാന്‍സിസ് ലാംമ്പദൂസാ ദ്വീപ് സന്ദര്‍ശിച്ച്, അവിടുത്തെ ജനങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുകയും ദുരന്തത്തിലെപ്പെട്ട് മരണമടഞ്ഞവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. യുദ്ധത്തിന്‍റെയും ദാരിദ്ര്യത്തിന്‍റെയും കാലാവസ്ഥയുടെയും കെടുതികളില്‍പ്പെട്ട് ഉപജീവനം തേടിയെത്തുന്നവരെ കൈവെടിയരുതെന്നും, തിരിച്ചയക്കരുതെന്നും, പാപ്പാ പലവട്ടം ഇറ്റാലിയന്‍ ജനതയോടും അധികൃതരോടും അഭ്യര്‍ത്ഥിച്ചിണ്ട്.








All the contents on this site are copyrighted ©.