2014-04-07 16:18:19

ദൈവത്തിന്‍റെ അളവില്ലാത്ത
സ്നേഹവും കാരുണ്യവും


RealAudioMP3
7 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപ്രില്‍ 6-ാം തിയതി വത്തിക്കാനില്‍ അരങ്ങേറിയ ത്രികാലപ്രാര്‍ത്ഥനയ്ക്ക് ആമുഖമായിട്ട് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശം. തപസ്സുകാലത്തെ അഞ്ചാം ഞായറിന്‍റ സുവിശേഷത്തെ ആധാരമാക്കിയാണ് പാപ്പാ പ്രഭാഷണം നടത്തിയത്. ലാസറിന്‍റെ പുനര്‍ജീവനായിരുന്നു സുവിശേഷ ഭാഗം. പാപ്പായുടെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ :
ക്രിസ്തു പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെയെല്ലാം ഉച്ചസ്ഥായിയാണ് ബഥനിയിലെ സംഭവം. അത്യപൂര്‍വ്വവും ദൈവികവുമായ ഈ അത്ഭുതം ജരൂസലേമിലെ പ്രധാന പുരോഹിതന്മാര്‍ക്ക് അംഗീകരിക്കാനായില്ല. ഇതോടെയാണ് അവര്‍ അവിടുത്തെ വകവരുത്താന്‍ തീരുമാനിക്കുന്നത്, (യോഹ. 11, 53) എന്ന് സുവിശേഷകന്‍ യോഹന്നാന്‍ രേഖപ്പെടുത്തുന്നു. ക്രിസ്തു ബഥനിയില്‍ എത്തിയപ്പോഴേയ്ക്കും ലാസര്‍ മരിച്ചിട്ട് മൂന്നു ദിവസം കഴിഞ്ഞെന്ന് അയാളുടെ സഹോദരിമാര്‍ അറിയിച്ചു. അതിന് അവിടുന്നു നല്കിയ മറുപടിയാണ് മനുഷ്യഹൃദയങ്ങളില്‍ ഇന്നും പ്രതിധ്വനിക്കുന്നത്: “ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും...” (യോഹ. 11, 25). ക്രിസ്തുവില്‍ വിശ്വസിക്കുകയും അവിടുത്തെ കല്പനകള്‍ അനുസരിക്കുകയും ചെയ്യുന്നവരുടെ ജീവിതങ്ങള്‍ മരണാനന്തരം പൂര്‍ണ്ണവും അമര്‍ത്ത്യവുമായ ദൈവിക ജീവനായി രൂപാന്തരപ്പെടും.

മരണാന്തരം ക്രിസ്തു ഭൗമിക ജീവിതത്തിലേയ്ക്കു മടങ്ങിയില്ല. അതുപോലെ ഈ ജീവിതാന്ത്യത്തില്‍ നാമും
ഈ ലോകം വിട്ട് ഉത്ഥിതനായ ക്രിസ്തുവിന്‍റെ തേജോമയമായ ശരീരത്തോട് സാരൂപ്യപ്പെടും. ഭൂമിയില്‍ തന്നോട് ഐക്യപ്പെട്ടു ജീവിക്കുന്നവരെ ജീവിതാന്ത്യത്തില്‍ ഉയിര്‍പ്പിക്കുവാനും, നിത്യജീവിതത്തിലേയ്ക്ക് ആനയിക്കുവാനുമായി, അവിടുത്തെ ഉയിര്‍പ്പിച്ച പരിശുദ്ധാത്മാവിന്‍റെ ശക്തിയോടെ ക്രിസ്തു സ്വര്‍ഗ്ഗീയ പിതാവിന്‍റെ പക്കല്‍ ഇന്നും എന്നും നമുക്കായി കാത്തിരിക്കുന്നു.

ലാറസിന്‍റെ കുഴിമാടത്തിലെത്തി കണ്ണുനീര്‍പൊഴിച്ച ക്രിസ്തു ഉറക്കെ വിളിച്ചു പറഞ്ഞു, “ലാസറേ, പുറത്തു വരിക!” അപ്പോള്‍ മരിച്ചവന്‍ പുറത്തുവന്നു. അവന്‍റെ കൈകാലുകള്‍ നാടകള്‍കൊണ്ട് ബന്ധിക്കപ്പെട്ടും, മുഖം തുണികൊണ്ട് ആവരണംചെയ്യപ്പെട്ടുമിരുന്നു (യോഹ. 11, 43-44). ലാസറിനുവേണ്ടി ബഥനിയില്‍ ക്രിസ്തു ഉയര്‍ത്തിയ വിളി ഇന്നും പ്രതിധ്വനിക്കുന്നു, കാരണം നാമോരോരുത്തരും മരണത്തിന് ആധീനരാണ്. ‘ജീവന്‍ നല്കുവാനും അതു സമൃദ്ധമായി നല്കുവാനും’ (യോഹ. 10, 10) വന്ന ജീവനാഥനായ ക്രിസ്തുവാണ് നമ്മെ വിളിക്കുന്നത്. തന്നിഷ്ടത്തില്‍ നമുക്കു ചുറ്റും, നാംതന്നെ കെട്ടി ഉയര്‍ത്തുന്ന തിന്മയുടെയും മരണത്തിന്‍റെയും കുടീരങ്ങള്‍ക്ക് ക്രിസ്തു കീഴ്പ്പെടുന്നില്ല. നമ്മുടെ പാപങ്ങളാലും കുറവുകളാലും കെട്ടിയ ശവക്കോട്ടയില്‍നിന്നും പുറത്തുകടക്കാനാണ് ക്രിസ്തു വീണ്ടും വീണ്ടും നമ്മെ വിളിക്കുന്നത്, ക്ഷണിക്കുന്നത്. വ്യാജവും സ്വാര്‍ത്ഥവും മന്ദവുമായ ജീവിതശൈലിയുടെ മരണക്കെണിയില്‍നിന്നും രക്ഷപ്പെടാന്‍ ക്രിസ്തു നമ്മെ നിരന്തരമായി വിളിക്കുകയാണ്. അഹന്തയുടെ ബാന്ധവം അഴിച്ച് ക്രിസ്തുവിന്‍റെ വിളിക്ക് കാതോര്‍ക്കാം. അവിടുത്തെ വിളി കേള്‍ക്കുകയും പ്രമാണങ്ങള്‍ അനുസരിക്കുകയും ചെയ്യുന്ന നിമിഷം, മര്‍ത്ത്യജീവന്‍റെ ഉത്ഥാന മുഹൂര്‍ത്തമാണത്. പിന്നെ നാം അവിടുത്തെ നവജീവിനിലേയ്ക്കും പ്രകാശത്തിലേയ്ക്കും പ്രവേശിക്കുകയായി. ആ നിമിഷം നമ്മുടെ വ്യാജവ്യക്തിത്വത്തിന്‍റെ മുഖക്കച്ച അഴിഞ്ഞു വീഴും. അപ്പോള്‍ ദൈവത്തിന്‍റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട നിങ്ങളുടെയും എന്‍റെയും സാക്ഷാത്തായ പ്രതീരൂപങ്ങള്‍ വെളിപ്പെടുത്തപ്പെടും.

മാനസാന്തരത്തിന്‍റെയും നവജിവന്‍റെയും കലവറയില്ലാത്ത കൃപാദാനമാണ് ദൈവത്തില്‍നിന്നും അനുദിനം നമുക്കു ലഭിക്കുന്നത്. അതിനുള്ള പ്രത്യക്ഷ അടയാളമാണ് ലാസറിന്‍റെ പുനര്‍ജീവന്‍. “നമ്മില്‍ വര്‍ഷിക്കപ്പെടുന്ന ദൈവിക കാരുണ്യത്തിന് അതിരുകളില്ല!” ഈ ഭാഗം ജനങ്ങളെക്കൊണ്ട് പാപ്പാ ഏറ്റുപറയിപ്പിച്ചു. നമ്മില്‍ വര്‍ഷിക്കപ്പെടുന്ന ദൈവിക കാരുണ്യത്തിന് അതിരുകളില്ല! ജീവല്‍പ്രകാശമായ ക്രിസ്തുവില്‍നിന്നും നമ്മെ അകറ്റുന്ന, നമ്മെ പാപത്തിന്‍റെ ഇരുട്ടിലാക്കുന്ന കല്ലറയുടെ കല്ലെടുത്ത് മാറ്റുവാനും, ബന്ധനങ്ങള്‍ അഴിച്ച് നമ്മെ സ്വതന്ത്രരാക്കുവാനും, നവജീവന്‍ നല്കുവാനും ദൈവം നമ്മെ ഇന്നും വിളിക്കുന്നു. തപസ്സുകാലത്ത് ആ വിളിക്ക് നമുക്ക് കാതോര്‍ക്കാം, എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചു.











All the contents on this site are copyrighted ©.