2014-04-04 17:36:24

ഹൃദ്യവും രാജകീയവുമായ
കൂടിക്കാഴ്ച


4 ഏപ്രില്‍ 2014, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസുമായുള്ള എലിസബത്ത് രാജ്ഞിയുടെ കൂടിക്കാഴ്ച ഹൃദ്യമായിരുന്നെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു. ഏപ്രില്‍ 3-ാം തിയതി വ്യാഴാഴ്ച സായാഹ്നത്തില്‍ ബ്രിട്ടിഷ് രാജ്ഞിയും പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം റോമില്‍ നല്കിയ പ്രസ്താവനയിലാണ് ഫാദര്‍ ലൊമ്പാര്‍ഡി വിശദാംസങ്ങള്‍ വെളിപ്പെടുത്തിയത്.

ഭര്‍ത്താവ്, എഡിന്‍ബേര്‍ഗിലെ പ്രഭു, ഫിലിപ്പ് മൗണ്ട്ബാറ്റണുമായി വത്തിക്കാനിലെത്തിയ എലിസബത്ത് രാജ്ഞിയെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി, വെസ്റ്റ്മിനിസ്റ്ററിന്‍റെ മുന്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ കോര്‍മാക് മര്‍ഫി എന്നിവര്‍ചേര്‍ന്ന് സ്വീകരിച്ച് ആനയിച്ചു. തുടര്‍ന്ന് പാപ്പായുമായുള്ള സൗഹൃദസംഭാഷണത്തിനും കൂടിക്കാഴ്ചയ്ക്കും ശേഷം സമ്മാനങ്ങള്‍ കൈമാറി. ബ്രിട്ടിഷ് തോട്ടങ്ങളില്‍നിന്നുമുള്ള വിശിഷ്ടമായ ഭോജ്യവസ്തുക്കള്‍ രാജ്ഞി പാപ്പായ്ക്ക് സമ്മാനിച്ചപ്പോള്‍, വെസ്റ്റ്മിനിസ്റ്റര്‍ ആബിയുടെ സ്ഥാപകനും ബ്രിട്ടിണിലെ സഭയുടെ ആത്മീയ പിതാവുമായിരുന്ന രാജകുടുംബാംഗം, വിശുദ്ധ എഡ്വേവര്‍ഡിന്‍റെ
ലോഹനിര്‍മ്മിതമായ അര്‍ദ്ധകായ പ്രതിമയാണ് പാപ്പാ രാജ്ഞിക്കു സമ്മാനിച്ചത്.

ഭര്‍ത്താവ് മൗണ്ട്ബാറ്റന്‍ പ്രഭുവിനും രാജ്ഞിയുടെ ചെറുമകന്‍ കേംബ്രിഡ്ജിലെ ജോര്‍ജ്ജ് രാജകുമാരനും പ്രത്യേക സമ്മാനങ്ങള്‍ നല്കാന്‍ പാപ്പാ മറന്നില്ല.

രാജ്ഞിയും സംഘവും പ്രാദേശിക സമയം വൈകുന്നേരം നാലുമണിയോടെ വത്തിക്കാനില്‍നിന്നും യാത്രതിരിച്ചെന്നും, ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയിലൂടെ അറിയിച്ചു.








All the contents on this site are copyrighted ©.