2014-04-03 19:43:21

എലിസബത്ത് രാജ്ഞി
പാപ്പായെ സന്ദര്‍ശിച്ചു


3 ഏപ്രില്‍ 2014, വത്തിക്കാന്‍
ഏപില്‍ 3-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം 3 മണിക്കാണ് ബ്രിട്ടന്‍റെ ഭരണകര്‍ത്താവും ആഗ്ലിക്കന്‍ സഭയുടെ മേലദ്ധ്യക്ഷയുമായ എലിസബത്ത് രാജ്ഞി വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയത്

പാപ്പാ ഫ്രാന്‍സിസുമായുള്ള രാജ്ഞിയുടെ പ്രഥമ കൂടിക്കാഴ്ചയാണിതെങ്കിലും എലിസബത്തു രാജ്ഞി 1961-ലും 2000-ാമാണ്ടിലും വത്തിക്കാനിലെത്തി വാഴ്ത്തപ്പെട്ടവരായ ജോണ്‍ 23-ാമന്‍, ജോണ്‍പോള്‍ രണ്ടാമന്‍ എന്നീ പാപ്പാമാരുമായി സൗഹൃദകൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 87-വയസ്സുകാരി രാജ്ഞി, ഭര്‍ത്താവ് എഡിന്‍ബര്‍ഗിലെ
പ്രഭു, ഫിലിപ്പ് മൌണ്ട്ബാറ്റണുമായിട്ടാണ് വത്തിക്കാനിലെത്തുന്നത്.

തികച്ചും ഔപചാരികമാണ് സന്ദര്‍ശനമെങ്കിലും വത്തിക്കാനും ഇംഗ്ലണ്ടുമായുള്ള ആനുകാലിക സൗഹൃദബന്ധത്തിന്‍റെയും, ആംഗ്ലിക്കന്‍ സഭയുമായുള്ള ക്രൈസ്തവൈക്യ സംരംഭങ്ങളുടെയും പ്രതീകമാണ് ഈ സന്ദര്‍ശനമെന്ന്, പരിശുദ്ധസിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു. 2010-ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച മുന്‍പാപ്പാ ബനഡിക്ട് എഡിന്‍ബര്‍ഗിലെ Royal Rood House-ല്‍വച്ച് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

15-ാം നൂറ്റാണ്ടില്‍ ഹെന്‍റി എട്ടാമന്‍ രാജാവിന്‍റെ കാലത്താണ് ഇംഗ്ലണ്ടിലെ സഭ കത്തോലിക്കാസഭയും റോമുമായുള്ള ബന്ധവും സാഹോദര്യവും വിച്ഛേദിച്ച് ആംഗ്ലിക്കന്‍ സഭ രൂപീകരിച്ചത്. പാപ്പാ ബനഡിക്ടിന്‍റെ കാലത്തുണ്ടായ സഭൈക്യസംരംഭങ്ങളിലൂടെയും Anglicanorum Coetibus എന്ന അപ്പോസ്തോലിക പ്രബോധനത്തിലൂടെയും കത്തോലിക്കാ സഭയിലേയ്ക്കുള്ള ആംഗ്ലിക്കന്‍ സഭാംഗങ്ങളുടെ സാവകാശമായ തിരിച്ചുവരവിന് വഴിതെളിച്ചിട്ടുണ്ട്.

ആംഗ്ലിക്കന്‍ സഭയുടെ മുന്‍പരമാദ്ധ്യക്ഷന്‍ റോവന്‍ വില്യംസിന് വത്തിക്കുനുമായുണ്ടായുന്ന ചിരകാല സാഹോദര്യബന്ധംപോലെതന്ന‍െ അദ്ദേഹത്തിന്‍റെ പിന്‍ഗാമി, കാന്‍റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വില്‍ബിയുമായും വത്തിക്കാന്‍ നല്ല ബന്ധം പുലര്‍ത്തിപ്പോരുന്നു.









All the contents on this site are copyrighted ©.