2014-04-02 20:18:03

പാപ്പായുടെ ശബ്ദത്തിന്‍റെ
ഡിജിറ്റല്‍ രേഖീകരണം പ്രകാശനംചെയ്തു


2 ഏപ്രില്‍ 2014, വത്തിക്കാന്‍
പാപ്പാമാരുടെ ശബ്ദരേഖീകരണത്തിന്‍റെ (voice documentation) ഡിജിറ്റല്‍ ശേഖരം വത്തിക്കാന്‍ റേഡിയോ പ്രകാശനംചെയ്തു. ഏപ്രില്‍ 1-ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാന്‍ റേഡിയോയുടെ മാര്‍ക്കോണി ഹാളില്‍ നടന്ന ചടങ്ങിലാണ് പാപ്പാമാരുടെ പ്രഭാഷണങ്ങളുടെയും പ്രസംഗങ്ങളുടെയും 1931-മുതലുള്ള ശബ്ദരേഖ ഡിജിറ്റല്‍ ശേഖരമായി പ്രകാശനംചെയ്തത്.

ഇന്ന് ആഗോളശൃംഖലയുള്ള വത്തിക്കാന്‍ റേഡിയോ നിലയത്തിന് തുടക്കംകുറിച്ചത് റേഡിയോയുടെ ഉപജ്ഞാതാവായ വില്യം മാര്‍ക്കോണിയുടെ സഹായത്തോടെ ഭാഗ്യസ്മരണാര്‍ഹനായ പതിനൊന്നാം പിയൂസ് പാപ്പായാണ്. 1931- ഫെബ്രുവരി 11-ന് തുടക്കം കുറിച്ച പ്രഥമ പ്രക്ഷേപണത്തിലെ വിശ്വസാഹോദര്യ സന്ദേശം മുതല്‍ ഇന്നുവരെയ്ക്കുമുള്ള എല്ലാ പാപ്പാമാരുടെയും 23,000 വിവിധ പരിപാടികളില്‍ റെക്കോര്‍ഡ്ചെയ്ത 8000-ത്തിലേറെ സന്മാര്‍ഗ്ഗോപദേശങ്ങളുടെയും സദാചാരചിന്തകളുടെയും ശബ്ദരേഖകളുടെ ഡിജിറ്റില്‍ രൂപമാണ് വത്തിക്കാന്‍ റേഡിയോ ലോകത്തിന് ലഭ്യമാക്കുന്നതെന്ന് Digital Archive-ന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.

ഗ്രോമഫോണ്‍ റെക്കോര്‍ഡുകളിലും, മാഗ്നറ്റിക്ക് ടേപ്പുകളിലും, സീഡികളിലുമായി സൂക്ഷിച്ചിരുന്ന ശബ്ദരേഖകളാണ് ആധുനിക സാങ്കേതികതയുടെ ഡിജിറ്റല്‍ ശേഖരമാക്കപ്പെട്ടതെന്ന് വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലുമായ ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

നശിച്ചുപോകാതെ സൂക്ഷിക്കുന്നതിനും ഭാവി തലമുറയ്ക്ക് ഉതകുംവിധം ലഭ്യമാക്കുന്നതിനും പങ്കുവയ്ക്കുന്നതിനും ഡിജിറ്റല്‍ രൂപം സഹായിക്കുമെന്നും, വത്തിക്കാന്‍ റോഡിയോയും ലോകത്തുള്ള ആധുനിക സംവേദന സംവിധാനങ്ങള്‍ക്കൊപ്പം അറിവിന്‍റെ ക്ഷീരപഥത്തിലേയ്ക്ക് ഉയരുകയാണെന്നും ഫാദര്‍ ലൊമ്പര്‍ഡി തന്‍റെ ഉത്ഘാടന പ്രഭാഷണത്തില്‍ വിശദീകരിച്ചു.








All the contents on this site are copyrighted ©.