2014-03-31 16:56:22

വെനസ്വേലൻ പ്രശ്നത്തിൽ പരിശുദ്ധ സിംഹാസനം ഇടപെടാൻ സാധ്യത


31 മാർച്ച് 2014, വത്തിക്കാൻ
ലാറ്റിനമേരിക്കൻ രാജ്യമായ വെനേസ്വലയിലെ ആഭ്യന്തര സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ പരിശുദ്ധസിംഹാസനം സഹായിച്ചേക്കുമെന്ന് സൂചന. പ്രസിഡന്‍റ് നിക്കോളാസ് മദൂറൊയുടെ അനുകൂലികളും സർക്കാർ വിരുദ്ധ പ്രക്ഷോഭകരും തമ്മിൽ ഒരാഴ്ച്ചയിലേറെയായി തുടരുന്ന സംഘർഷത്തിന് പരിഹാരം കാണാൻ സഹായിക്കണമെന്ന് പ്രസിഡന്‍റ് മദൂറോ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനോട് അഭ്യർത്ഥിച്ചിരുന്നു. രാഷ്ട്ര ക്ഷേമത്തിനുതകുന്ന രീതിയിൽ വെനേസ്വലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് കർദിനാൾ പരോളിൻ സന്നദ്ധനാണെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി അറിയിച്ചു. വെനേസ്വലയിലെ അപ്പസ്തോലിക സ്ഥാനപതിയായി സേവനമനുഷ്ഠിച്ചിട്ടുള്ള കർദിനാൾ പരോളിന് അവിടുത്തെ രാഷ്ട്രീയാവസ്ഥ പരിചിതമാണ്. വെനേസ്വലൻ ജനതയോട് അദ്ദേഹത്തിന് ആത്മാർത്ഥമായ സ്നേഹവും കരുതലുമുണ്ട്. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതിഗതികളെക്കുറിച്ചും, ഉചിതമായ ഫലപ്രാപ്തിക്ക് സഹായിക്കുന്ന രീതിയിൽ ഇടപെടാനാകുമോ എന്നും പരിശുദ്ധസിംഹാസനം വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഫാ.ലൊംബാർദി വെളിപ്പെടുത്തി.

1979ൽ അർജ്ജന്‍റീനയും ചിലിയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ പരിശുദ്ധസിംഹാസനം മാധ്യസ്ഥം വഹിച്ചതിന്‍റെ ഫലമായി ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഒഴിവായിരുന്നു.







All the contents on this site are copyrighted ©.