2014-03-31 16:55:25

ക്രിസ്തീയ ജീവിതത്തിൽ ആർജ്ജവം വേണം: പാപ്പാ ഫ്രാൻസിസ്


31 മാർച്ച് 2014, വത്തിക്കാൻ
തെറ്റു പറ്റുന്നതല്ല, തെറ്റു മനസിലാക്കി, ശരിയായ മാർഗത്തിലേക്ക് തിരികെ വരാത്തതാണ് ക്രിസ്തീയ ജീവിതത്തെ സംബന്ധിച്ച് കൂടുതൽ ഗുരുതരമെന്ന് ഫ്രാൻസിസ് പാപ്പ. തിങ്കളാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലി മധ്യേ വചനസന്ദേശം നൽകുകയായിരുന്നു പാപ്പ. ക്രിസ്തു ശിഷ്യരുടെ വ്യത്യസ്ത ജീവിത ശൈലികളെക്കുറിച്ച് പാപ്പ സന്ദേശത്തിൽ വിശദീകരിച്ചു. ദൈവത്തിന്‍റെ വാഗ്ദാനത്തിൽ വിശ്വസിച്ചു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉണർത്തുന്ന ഒരു കൂട്ടം ക്രൈസ്തവരുണ്ട്. പത്തു കൽപനകളൊക്കെ പാലിച്ചു ജീവിക്കുന്ന അവരുടെ വിശ്വാസം പക്ഷേ ദുർബലമാണ്. അതിനാൽ ആത്മീയ ജീവിതത്തിൽ പുരോഗതി പ്രാപിക്കാനോ, ക്രിസ്തുവിന്‍റെ ഉപകരണങ്ങളായി വർത്തിക്കാനോ അവർക്കു സാധിക്കുന്നില്ല. രണ്ടാമതൊരു കൂട്ടർ ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ക്രൈസ്തവരാണ്. വിനോദ സഞ്ചാരികളെ പോലെ അലസമായി പ്രയാണം ചെയ്യുന്നവർ. തങ്ങൾ മുന്നോട്ടു സഞ്ചരിക്കുകയാണെന്ന മിഥ്യാബോധത്തിൽ സ്വയം വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന അവർ ഒരിക്കലും മുന്നോട്ടു പോകുന്നില്ല. വഴിതെറ്റിപ്പോകുന്ന മറ്റൊരു കൂട്ടം ക്രൈസ്തവരുണ്ട്. വഴിതെറ്റിപോകുന്നതല്ല പ്രശ്നം, വഴിതെറ്റിയെന്ന് മനസിലാക്കി, യഥാർത്ഥ മാർഗത്തിലേക്ക് മടങ്ങാതിരിക്കുന്നതാണ് കൂടുതൽ ഗുരുതരം. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് അവിടുത്തെ പക്കലേക്ക് നാം മടങ്ങണം. വിശ്വാസം നമ്മെ വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കും. വഴിതെറ്റിപ്പോയവർക്ക് മടങ്ങിവരാനുള്ള കൃപ ക്രിസ്തു നൽകട്ടെയെന്ന പ്രാർത്ഥനയോടെയാണ് മാർപാപ്പ തന്‍റെ വചന സമീക്ഷ ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.