2014-03-30 14:47:36

അനുരഞ്ജനത്തിലൂടെ ആര്‍ജ്ജിക്കേണ്ട
ആത്മീയാനന്ദത്തെക്കുറിച്ച് പാപ്പാ


മാര്‍ച്ച് 28-ാം തിയതി വെള്ളിയാഴ്ച സായാഹ്നത്തില്‍ വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന അനുരഞ്ജന ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വംനല്കി. തപസ്സുകാലത്തിലെ നാലാം ഞായറിന്‍റെ (Rejoice Sunday) സായാഹ്നത്തില്‍ അനുരഞ്ജനത്തിന്‍റെ ജാഗരം അനുഷ്ഠിക്കണമെന്ന് നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍വഴി പാപ്പാ ഫ്രാന്‍സിസ് ആഹ്വാനംചെയ്തിരുന്നു. അനുതാപത്തിന്‍റെ കൂദാശയ്ക്കുള്ള സൗകര്യങ്ങള്‍ നഗരങ്ങളിലെ പ്രധാന ദേവാലയങ്ങളില്‍ വിശ്വാസികള്‍ക്ക് കൂടുതലായി ലഭ്യമാക്കികൊണ്ടും പരിശുദ്ധ ദിവ്യകാരുണ്യ ആരാധന നടത്തിക്കൊണ്ടും ഈ രാവ് അനുരഞ്ജനത്തിന്‍റെ ഉത്സവമായി കൊണ്ടാടണമെന്നതായിരുന്നു പാപ്പായുടെ ആഹ്വാനം. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടന്ന പ്രത്യേക അനുരഞ്ജന ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നേതൃത്വം നല്കുകയും വിശുദ്ധ യോഹന്നാന്‍റെ സുവിശേഷ ഭാഗം (യോഹ. 13, 34-35, 15, 10-13) വായിച്ചശേഷം വചനം വചനപ്രഘോഷണം നടത്തി. തുടര്‍ന്ന് ഒരു മണിക്കൂറിലേറെ പാപ്പാ കുമ്പസാരക്കൂട്ടില്‍ ഇരുന്നുകൊണ്ട് ധാരാളം പേരുടെ വിശിഷ്യ യുവജനങ്ങളുടെ പാപസങ്കീര്‍ത്തനം കേള്‍ക്കുകയും പാപമോചനം നല്കുകയും ചെയ്തു.
പാപ്പാ ഫ്രാന്‍സിസ് വൈദികന്‍റെ മുന്നില്‍ മുട്ടുകുത്തി പാപസങ്കീര്‍ത്തനം നടത്തി, കുമ്പസാരിച്ചത് ആ സായാഹ്നത്തിലെ ഹൃദയസ്പര്‍ശിയായ മാതൃകയായിരുന്നു.

പാപ്പായുടെ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:
തപസ്സുകാലത്ത് സഭ ഏവരെയും ദൈവനാമത്തില്‍ മാനസാന്തരത്തിലേയ്ക്ക് ക്ഷണിക്കുകയാണ്. ഹൃദയപരിവര്‍ത്തനത്തിലൂടെ വ്യക്തിജീവിത നവീകരണമാണ് ഇതിലൂടെ സഭ ലക്ഷൃംവയ്ക്കുന്നത്. മാനസാന്തരം നൈമിഷികമോ സമയബദ്ധമോ അല്ല, മറിച്ച് ആജീവനാന്തം നിലനില്‍ക്കേണ്ട സമര്‍പ്പണമാണ്.
നമ്മില്‍ ആരാണ് പാപം ചെയ്യാത്തത്? “നാമെല്ലാവരും പാപികളാണ്. നമ്മില്‍ പാപമില്ലെന്നു പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍ പാപങ്ങള്‍ നാം ഏറ്റുപറയുകയാണെങ്കില്‍ ദൈവം വിശ്വസ്തനും നീതിമാനുമാകയാല്‍, അവിടുന്നു നമ്മുടെ പാപങ്ങള്‍ ക്ഷമിക്കുകയും, എല്ലാ തിന്മകളില്‍നിന്നും നമ്മെ വിശുദ്ധീകരിക്കുകുയും ചെയ്യും” (1 യോഹ. 1, 8-9). എന്താണ് അനുരഞ്ജന കര്‍മ്മത്തില്‍ നമ്മില്‍ സംഭവിക്കുന്നത്? രണ്ടു പ്രധാനപ്പെട്ട ചിന്തകളാണ് അനുരഞ്ജനത്തെക്കുറിച്ചു ഇന്നത്തെ വചനം നല്കുന്നത്.

1. പുതിയ മനുഷ്യനെ ധരിക്കുക – അനുരഞ്ജനത്തിന്‍റെ ആദ്യഘടകം
“യഥാര്‍ത്ഥ നീതിയിലും വിശുദ്ധിയിലും നിങ്ങള്‍ ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ ധരിക്കുവിന്‍” (എഫേസിയര്‍ 4, 24) എന്നാണ് പൗലോസ് അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നത്. ജ്ഞാനസ്നാനത്തില്‍ ആരംഭിക്കുന്ന ദൈവിക ജീവനിലൂടെയാണ് ‘പുതിയ മനുഷ്യന്‍’ ഉടലെടുക്കുന്നത്. അത് നമ്മെ ദൈവപുത്രരാക്കുകയും, ക്രിസ്തുവിലും അവിടുത്തെ സഭയിലും ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു. നൈമിഷികവും, നശ്വരവും അപ്രസക്തവുമായ കാര്യങ്ങളാല്‍ പതറിപ്പോകാതെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ വ്യത്യസ്ത വീക്ഷണത്തില്‍ കാണുവാന്‍ ക്രിസ്തുവിലുള്ള നവജീവന്‍ നമ്മെ സഹായിക്കുന്നു. അതിനാല്‍ ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ പാപജീവിതം ഉപേക്ഷിക്കുവാനും മൗലികമായ കാര്യങ്ങളില്‍ ദൃഷ്ടിപതിപ്പിക്കുവാനും വിളിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ‘തനിക്ക് എന്തുണ്ട് എന്നതിനേക്കാള്‍ താന്‍ എന്തായിരിക്കുന്നു’ എന്നതിലാണ് മനുഷ്യന്‍റെ ശ്രേഷ്ഠത അടങ്ങയിരിക്കുന്നത് (GS 35). കൃപാസ്പര്‍ശമേറ്റ വ്യക്തിയും പാപത്തില്‍ കഴിയുന്നവനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. ദൈവത്താല്‍ നവീകൃതനായ മനുഷ്യന്‍റെ ഹൃദയത്തില്‍ എപ്പോഴും നന്മ വളരുന്നു: അയാള്‍ അസത്യമായത് ഒഴിവാക്കുകയും, സദാ സത്യം സംസാരിക്കുകയും ചെയ്യുന്നു. അയാള്‍ അപഹരിക്കുന്നില്ല, മറിച്ച് തനിക്കുള്ളത് പങ്കുവയ്ക്കുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യുന്നു. അയാള്‍ വിദ്വേഷത്തിനും പ്രതികാരത്തിനും കീഴ്പ്പെട്ട് ദേഷ്യപ്പെടുന്നില്ല. എന്നാല്‍ എപ്പോഴും മാന്യനും ഉദാരമതിയും ക്ഷമിക്കാന്‍ സന്നദ്ധനുമാണ്. അയാള്‍ കുറ്റം പറഞ്ഞ് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താതെ അപരന്‍റെ നന്മ കാണുകയും, അത് അംഗീകരിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. ഇതാണ് നാം അണിയേണ്ട ‘പുതിയ മനുഷ്യ’ന്‍റെ മനോഭാവം.

2. സ്നേഹത്തില്‍ വസിക്കുക - അനുരഞ്ജനത്തിന്‍റെ രണ്ടാം ഘടകം
ക്രിസ്തുവിന്‍റെ സ്നേഹം ശാശ്വതമാണ്. അത് ദൈവിക ജീവന്‍തന്നെയാണ്. ആ സ്നേഹം പാപത്തെ കീഴടക്കുകയും, പിന്നെയും ഉണര്‍ന്ന് മുന്നേറുവാന്‍ നമുക്ക് കരുത്തുനല്കുകയും ചെയ്യുന്നു. അനുരഞ്ജനത്തിലൂടെ ഹൃദയം നവീകരിക്കപ്പെട്ട് നവോന്മേഷമാര്‍ജ്ജിക്കുന്നു. ദൈവം ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്. വീടുവിട്ടിറങ്ങിയ മകന്‍റെ വരവും കാത്ത് നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, കാത്തിരിക്കുന്ന പിതാവാണ് അവിടുന്ന്. ഭവനത്തിന്‍റെ വാതിലുകള്‍ എപ്പോഴും മലര്‍ക്കെ നമുക്കായി തുറന്നുവച്ച് കാത്തിരിക്കുന്ന പിതാവായ ദൈവത്തിലുള്ള പ്രത്യാശ നാം ഒരിക്കലും കൈവെടിയരുത്.

തന്‍റെ മക്കളുടെ തിരിച്ചുവരവ് പാര്‍ത്തിരിക്കുന്നവനാണ് അവിടുന്ന്. കൂടെയുള്ള മറ്റൊരു മകന്‍ പിതാവിന്‍റെ കാരുണ്യത്തിലും സ്നേഹത്തിലും പങ്കുചേരുന്നില്ലെങ്കിലും അതില്‍ അവിടുത്തെ മനം തകരുന്നില്ല.
ദൈവം സ്നേഹത്തിന്‍റെ ഉറവിടം മാത്രമല്ല, ക്രിസ്തുവിലൂടെ അത് സകലരുമായി പങ്കുവയ്ക്കുകയും, ലോകത്തിന് പകര്‍ന്നു നല്കുകയും ചെയ്യുന്നു. “ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്വോന്യം സ്നേഹിക്കുവിന്‍” (യോഹ. 13, 34). അങ്ങനെ സ്നേഹത്തില്‍ വസിക്കുന്നവര്‍ ഈ ലോകത്ത് ക്രിസ്തുവിന്‍റെ വിശ്വസ്ത ദാസരായിത്തീരുന്നു. യഥാര്‍ത്ഥ സ്നേഹം ഒരിക്കലും ഒളിച്ചുവയ്ക്കാനാവില്ല. സത്തയില്‍ അത് തുറവുള്ളതും പങ്കുവയ്ക്കുന്നതും ഫലമണിയുന്നതും ഒരോ പ്രഭാതത്തിലും പുതിയ സ്നേഹമായി വിരിയുന്നതുമാണ്.

പ്രിയ സുഹൃത്തുക്കളേ, ദൈവത്തിലുള്ള നവജീവന്‍റെ പ്രേഷിതരാകാന്‍ ഈ അനുരഞ്ജന ശുശ്രൂഷയിലേയ്ക്ക് നിങ്ങളെ ക്ഷണിക്കുകയാണ്. ദൈവവുമായും സഹോദരങ്ങളുമായും രമ്യപ്പെടുന്ന ഈ രാവ്, റോമാ രൂപതയില്‍ അനുഷ്ഠിക്കപ്പെടുന്നതുപോലെ തന്നെ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള രൂപതകളും ആചരിക്കുന്നുണ്ട്.
നിങ്ങള്‍ സ്വീകരിക്കുന്നതും അനുഭവിക്കുന്നതുമായ പിതാവിന്‍റെ ക്ഷമയും കാരുണ്യവും സ്നേഹവും നിങ്ങളുടെ സുഹൃത്തുക്കളുമായും പങ്കുവയ്ക്കുക. പിതാവ് കാരുണ്യവാനും ക്ഷമാശീലനുമാണെന്നും, നിങ്ങളുടെ അനുതാപത്തില്‍ സന്തോഷിച്ച് വിരുന്നൊരുക്കുന്നവനാണെന്നും സകലരെയും അറിയിക്കുക. പറ്റുന്നവരോടെല്ലാം ഈ സന്തോഷവും സദ്വാര്‍ത്തയും നിങ്ങള്‍ ഇന്നുതന്നെ പങ്കുവയ്ക്കുക. ദൈവികകാരുണ്യം അനുഭവിക്കുന്നവര്‍ കാരുണ്യപൂര്‍ണ്ണരായി മാറും, വിശിഷ്യാ എളിയവരോടും പാവങ്ങളോടും അവര്‍ അനുകമ്പയുള്ളവരായി തീരും. പാവങ്ങളും പീഡിതരുമായവരില്‍ ക്രിസ്തു നിങ്ങള്‍ക്കായ് കാത്തിരിക്കുന്നുണ്ട്. “എന്‍റെ ഏറ്റവും എളിയ
ഈ സഹോദരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്”
എന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു (മത്തായി 25, 40). ദൈവത്തില്‍നിന്ന് അനുദിനം അതിരില്ലാതെ നാം കാരുണ്യം സ്വീകരിക്കുന്നവരാണ്. ദൈവിക കാരുണ്യവും സ്നേഹവും ഈ വിശുദ്ധമായ നാളിലും ഈസ്റ്റര്‍ കാലത്തും നമുക്ക് അനുദിനജീവിതത്തില്‍ പങ്കുവയ്ക്കാം, പ്രഘോഷിക്കാം.








All the contents on this site are copyrighted ©.