2014-03-27 18:31:57

പ്രസിഡന്‍റ് ഒബാമയുടെ
പാപ്പായുമായുള്ള കൂടിക്കാഴ്ച


27 മാര്‍ച്ച് 2014, വത്തിക്കാന്‍
പ്രസിഡന്‍റ് ഒബാമാ പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 27-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 10.30-നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമാ പാപ്പാ ഫ്രാന്‍സിസുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തിയത്.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രറി ജോണ്‍ കെരിയുടെയും മറ്റു നയതന്ത്ര പ്രതിനിധികളുടെയും അകമ്പടിയോടെയാണ് പ്രസിഡന്‍റ് ഒബാമ വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെത്തിയത്.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, അപ്പസ്തോലിക അരമനയുടെ പ്രീഫെക്ട് ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് ജാന്‍സ്വെയിന്‍ എന്നിവര്‍ പ്രസിഡന്‍റ് ഒബാമയെയും സംഘത്തെയും സ്വീകരിച്ച് പാപ്പായുടെ സ്വീകരണമുറിയിലേയ്ക്ക ആനയിച്ചു. പാപ്പായുമായുള്ള ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കും സൗഹൃദപങ്കുവയ്ക്കലിനും ശേഷം, തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി എന്നിവരുമായിട്ടും ചര്‍ച്ചകള്‍ തുടര്‍ന്നു. അരമണിക്കൂര്‍ ചിട്ടപ്പെടുത്തിയിരുന്ന തികച്ചും സ്വകാര്യകൂടിക്കാഴ്ച 48 മിനിറ്റു സമയം നീണ്ടുനിന്നു.

മുന്തിനില്ക്കുന്ന രാജ്യാന്തര പ്രശ്നങ്ങളും വിഷയങ്ങളും നീണ്ടകൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. സാമൂഹ്യ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മാനുഷ്യാവകാശവും അന്തര്‍ദേശിയ നിയമങ്ങളും നയങ്ങളും ഇരുകക്ഷികളും മാനിക്കണമെന്ന അഭിപ്രായമുയര്‍ന്നതായി, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി ഒബാമയുടെ സന്ദര്‍ശനശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഉഭയകക്ഷി ബന്ധങ്ങളില്‍ സഭയുടെ സാന്നിദ്ധ്യം രാഷ്ട്രത്തിന്‍റെ സാമൂഹ്യഭിവൃദ്ധിക്ക് അനിവാര്യമാണെന്ന വസ്തുത അംഗീകരിക്കെ, മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയെക്കുറിച്ചും ഉചിതമായ ചര്‍ച്ചകള്‍ നടന്നതായി ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. അതുപോലെ ജീവന്‍റെയും അതുമായി ബന്ധപ്പെട്ട സാമൂഹ്യസംവിധാനങ്ങളിലും, വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ മേഖലയിലും അമേരിക്കയില്‍ ഉയരുന്ന സാമൂഹ്യ അഭിപ്രായ ഭിന്നതയെക്കുറിച്ചും, അമേരിക്കയുടെ കുടിയേറ്റ മേഖലയില്‍ ഉയര്‍ന്നുവരുന്ന പുതിയ നയങ്ങളെക്കുറിച്ചും വത്തിക്കാന്‍ അഭിപ്രായം പ്രകടിപ്പിച്ചതായി ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമങ്ങളെ അറിയിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റും പാപ്പാ ഫ്രാസിസുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇനിയും വത്തിക്കാന്‍ വെളിപ്പെടുത്താനിരിക്കെ, തന്‍റെ കുടുംബത്തിനുവേണ്ടി പാപ്പായോട് ഒബാമാ പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചതായി, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി, ജോണ്‍ കെറി വത്തിക്കാനില്‍ സന്നിഹിതരായിരുന്ന മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.

വ്യഴാഴ്ച ഉച്ചതിരിഞ്ഞ് ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജിയോ നെപ്പോളിത്താനോയും, പ്രധാനമന്ത്രി മത്തെയോ റെന്‍സിയുമായി റോമിലെ പ്രസിഡന്‍റെ മന്ദിരത്തില്‍ (Quirinale)
പ്രസിഡന്‍റ് ഒബാമ കൂടിക്കാഴ്ച നടത്തും. റോം സന്ദര്‍ശനത്തില്‍ അമേരക്കന്‍ പ്രസിഡന്‍റും സംഘവും ചരിത്രപുരാതനമായ കൊളോസവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

യൂറോപ്യന്‍ പര്യടനം അവസാനിപ്പിച്ച് വെള്ളിയാഴ്ച രാവിലെ പ്രസിഡന്‍റ് ഒബാമയും സംഘവും സൗദി അറേബ്യയിലേയ്ക്ക് പുറപ്പെടും. ഒരാഴ്ച നീണ്ട ഒബാമയുടെ യാത്രയുടെ അവസാന പരിപാടിയാണ് സൗദി അറേബ്യ. ശനിയാഴ്ച അദ്ദേഹം വൈറ്റ് ഹൗസിലേയ്ക്ക് മടങ്ങും.








All the contents on this site are copyrighted ©.