2014-03-26 18:20:29

വിവാദരൂപതയ്ക്ക്
പാപ്പായുടെ പ്രത്യേകനിയമനം


26 മാര്‍ച്ച് 2014, വത്തിക്കാന്‍
വിവാദത്തിലായ ജര്‍മ്മനിയിലെ ലിംബൂര്‍ഗ് രൂപതയ്ക്ക് പാപ്പാ ഫ്രാന്‍സിസ് ഭരണകര്‍ത്താവിനെ (Apostolic Adminitrator) നിയോഗിച്ചു. രൂപതാകേന്ദ്രത്തിന്‍റെ അതിരുകടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സമ്പത്തിക വിവാദത്തിലായ മുന്‍മെത്രാന്‍, ഫ്രാന്‍സ് പീറ്റര്‍ തെബാള്‍സിന്‍റെ സ്ഥാനത്യാഗം അംഗീകരിച്ചുകൊണ്ടാണ്, ബിഷപ്പ് മാന്‍ഫ്രെഡ് ഗ്രോത്തയെ ലിംമ്പൂര്‍ഗ് രൂപതയുടെ അജപാലന ശുശ്രൂഷ പാപ്പാ ഫ്രാന്‍സിസ് ഏല്പിച്ചത്.

പുതിയ നിയമനത്തെയും തന്‍റെ തീരുമാനത്തെയും വിനയപൂര്‍‍വ്വം അംഗീകരിച്ചുകൊണ്ട് അനുരഞ്ജനത്തിന്‍റെയും ക്രിസ്തുസ്നേഹത്തിന്‍റെയും അരൂപിയില്‍ രൂപതയുടെ ഭാവി പദ്ധതികള്‍ പുനരാവിഷ്ക്കരിക്കണമെന്ന് മാര്‍ച്ച് 26-ാം തിയതി ബുധനാഴ്ച അയച്ച നിയമനപത്രികയിലൂടെ രൂപതാംഗങ്ങളോടും അവിടത്തെ വൈദിക സമൂഹത്തോടും പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു.

ലിംബൂര്‍ഗ് രുപതാ മന്ദിരത്തോടു ചേര്‍ന്ന് പണിതുയര്‍ത്തിയ വിശുദ്ധ നിക്കോളസിന്‍റെ നാമത്തിലുള്ള വന്‍ കച്ചവടസമുച്ചയവും അതുമായ ബന്ധപ്പെട്ട ആഡംബര മന്ദിരങ്ങളുമാണ് വിവാദത്തിന് തുടക്കമിട്ടത്. രൂപതാ ഭരണസമിതിയുടെയോ ദേശീയ മെത്രാന്‍ സമിതിയുടെയോ അനുമതികൂടാതെയുള്ള വന്‍ നിര്‍മ്മാണ പദ്ധതി സംശയാസ്പദവും ആശങ്കാജനകവുമായിരുന്നു. തുടര്‍ന്ന് മെത്രാസന മന്ദരത്തിന്‍റെ തന്നെ സുഖാസക്തമായ ക്രമീകരണങ്ങള്‍ക്കുമൊപ്പം പൊന്തിവന്ന സാമ്പത്തിക ക്രമക്കേടുകളുമാണ് ലിംബൂര്‍ഗിനെയും ‘Luxury Bishop’ എന്നു ജനങ്ങള്‍ പേരിട്ട രുപതാദ്ധ്യക്ഷന്‍ തെബാള്‍സിനെയും വിവാദനിരയിലെത്തിച്ചത്.

2013-ല്‍ ലിംബൂര്‍ഗില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ് കാരണക്കാരനായ ബിഷപ്പ് തെബാള്‍സുമായി നേരിട്ട് പ്രശ്നങ്ങളെക്കുറിച്ച് വത്തിക്കാനില്‍ സംസാരിക്കുകയുണ്ടായി. തുടര്‍ന്ന് രൂപതാ ഭരണത്തില്‍നിന്നും താല്ക്കാലികമായി മാറിനില്ക്കുവാന്‍ പാപ്പാ അദ്ദേഹത്തോട് ആവശ്യപ്പെടുകയും അജപാലന ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ വിലക്കുകല്പിക്കകയും ചെയ്തിരുന്നു. 2013 ഒക്ടോബര്‍ 20-ന് കാനോനിക നിയമം 401-2 പ്രകാരം ബിഷപ്പ് തെബാള്‍സ് രേഖാമൂലം പാപ്പാ ഫ്രാന്‍സിസിനോട് സ്ഥാനത്യാഗം അപേക്ഷിച്ചിരുന്നു.








All the contents on this site are copyrighted ©.