2014-03-26 12:50:23

മോൺ.റൊങ്കാളിയുടെ ബൾഗേരിയൻ നയതന്ത്ര ദൗത്യം


25 മാർച്ച് 2014, റോം
വാഴ്ത്തപ്പെട്ട ജോൺ ഇരുപത്തി മൂന്നാമൻ പാപ്പായുടെ വിശുദ്ധപദ പ്രഖ്യാപനത്തിന് ലോകം ഒരുങ്ങുമ്പോൾ, മോൺ.റൊങ്കാളിയുടെ, 1925 മുതൽ 1934 വരെ നീണ്ട, ബൾഗേരിയൻ നയതന്ത്ര ദൗത്യം വെളിപ്പെടുത്തുന്ന രേഖകൾ വത്തിക്കാൻ പുസ്തക രൂപത്തിൽ പ്രകാശനം ചെയ്യുന്നു.
പാപ്പാ ജോൺ ഇരുപത്തിമൂന്നാമന്‍റെ നയതന്ത്രജ്ഞതയും, സഭൈക്യ ദർശനവും രൂപപ്പെടുത്തുന്നതിൽ ബൾഗേരിയൻ ജീവിതത്തിന് ഗാഢമായ സ്വാധീനമുണ്ടെന്നാണ്, മോൺ.റൊങ്കാളിയുടെ ബൾഗേരിയൻ നയതന്ത്ര ദൗത്യത്തിൽ ഗവേഷണം നടത്തുന്ന ഗ്രന്ഥകർത്താവ്, കിരിൽ പ്ലമെൻ കർടാലോഫിന്‍റെ (Kiril Plamen Kartaloff) പ്രസ്താവന. വത്തിക്കാന്‍റെ സാമൂഹ്യ ശാസ്ത്ര കമ്മീഷന്‍റെ മേൽനോട്ടത്തിൽ വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് (Libreria Editrice Vaticana) പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ പ്രകാശനം, മാർച്ച് 27ന് വത്തിക്കാൻ റേഡിയോയുടെ മാർക്കോണി ഹാളിൽ നടക്കും. 1925ൽ പതിനൊന്നാം പീയൂസ് മാർപാപ്പയാണ് മോൺ.റൊങ്കാളിയെ ബൾഗേരിയായിലെ അപ്പസ്തോലിക വിസിറ്റേറ്ററായി നിയമിച്ചത്. ഈ നിയമനത്തോടെ മോൺ.റൊങ്കാളി വത്തിക്കാൻ നയതന്ത്രവിഭാഗത്തിൽ ശുശ്രൂഷ ആരംഭിച്ചു. ഒരു പതിറ്റാണ്ടു കാലം ബൾഗേരിയയിൽ ശുശ്രൂഷചെയ്ത അദ്ദേഹത്തിന്‍റെ കഠിദ്ധ്വാനത്തിന്‍റെ ഫലമായാണ് സോഫിയാ നഗരത്തിൽ അപ്പസ്തോലിക പ്രതിനിധിയുടെ കാര്യാലയം സ്ഥാപിക്കപ്പെട്ടത്. ബൾഗേരിയയിലെ അനുഭവങ്ങൾ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന്, ആത്മകഥാപരമായ ''ഒരു ആത്മാവിന്‍റെ നാള്‍വഴികള്‍'' എന്ന ഡയറിക്കുറിപ്പുകളിൽ പാപ്പാ റൊങ്കാളി വെളിപ്പെടുതുന്നുണ്ട്.








All the contents on this site are copyrighted ©.