2014-03-25 15:36:36

പേപ്പൽ പര്യടനത്തിനൊരുക്കമായി പ്രാർത്ഥനാ യജ്ഞം


25 മാർച്ച് 2014,
മാർപാപ്പയുടെ വിശുദ്ധനാട് തീർത്ഥാടനത്തിന്‍റെ വിജയത്തിനുവേണ്ടി യുവജനങ്ങളുടെ പ്രാർത്ഥനാ യജ്ഞം. ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധനാട് സന്ദർശനത്തിന് ഒരുക്കമായി ചില കത്തോലിക്കാ യുവജന പ്രസ്ഥാനങ്ങൾ സംയുക്തമായി തുടക്കം കുറിച്ച www.terrasanctapax.org എന്ന വെബ്സൈറ്റിലൂടെ ആഹ്വാനം ചെയ്തിരിക്കുന്ന പ്രാർത്ഥനാ യജ്ഞത്തില്‍ ആർക്കും പങ്കുചേരാം. മെയ് മാസം 24 മുതൽ 26 വരെ തിയതികളിൽ പാപ്പ വിശുദ്ധനാട്ടിൽ തീർത്ഥാടനം നടത്തുന്നതോടനുബന്ധിച്ച്, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ 24,25,26 തിയതികളിൽ ഉപവാസ പ്രാർത്ഥനയും സമൂഹ പ്രാർത്ഥനായോഗങ്ങളും സംഘടിപ്പിച്ചുകൊണ്ടാണ് പ്രാർത്ഥനാ യജ്ഞം ആസൂത്രണം ചെയ്തിരിക്കുന്നത്. പ്രാർത്ഥനാ യോഗങ്ങളിൽ ഉപയോഗിക്കാനുള്ള പ്രാർത്ഥനയും സ്തോത്രഗീതങ്ങളും വൈബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വിശുദ്ധനാട്ടിൽ സമാധാനം പുലരാൻവേണ്ടിയുള്ള പ്രാർത്ഥനാ സംഗമങ്ങൾക്കു നേതൃത്വം നൽകുന്ന യുവജനങ്ങൾ തന്നെയാണ് പേപ്പൽ പര്യടനത്തിന്‍റെ വിജയത്തിനായി പ്രാർത്ഥനാ യജ്ഞമെന്ന ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ഇക്കൊല്ലം ജനുവരി മാസത്തിൽ വിശുദ്ധനാടിന്‍റെ ശാന്തിക്കുവേണ്ടി ഈ യുവജനങ്ങൾ നേതൃത്വം നൽകിയ പ്രാർത്ഥനാ സംഗമത്തിൽ ലോകത്തിന്‍റെ നാനാഭാഗത്തുള്ള അയ്യായിരം നഗരങ്ങൾ പങ്കുചേർന്നിരുന്നു.







All the contents on this site are copyrighted ©.