2014-03-25 09:55:36

പുറപ്പാടു തുടരുന്നു (80)
അതിന്‍റെ ഇതിഹാസങ്ങളും


RealAudioMP3
80 ചെറിയ ഭാഗങ്ങളായി നിങ്ങള്‍ ശ്രവിച്ച പുറപ്പാടു ഗ്രന്ഥപഠന പരമ്പര, മോശയുടെ മരണം വിവരിക്കുന്ന ഈ ഭാഗത്തോടെ അവസാനിക്കുകയാണ്. അടുത്ത ആഴ്ചയില്‍ ‘സങ്കീര്‍ത്തനങ്ങളുടെ’ പഠനപരമ്പര ആരംഭിക്കും.

Fade in and out…

ഈജിപ്തില്‍നിന്നും പുറപ്പെട്ടശേഷം സീനായ് മരുപ്രദേശത്തിലൂടെ ഏറെ അലഞ്ഞ ഇസ്രായേല്‍ ജനത, അവസാനം കാനാന്‍ ദേശം അടുക്കാറായി. അവര്‍ അതിന്‍റെ എതിര്‍ഭാഗത്തുള്ള ചാവുകടലിന്‍റെ വടക്കേക്കരയില്‍ എത്തിച്ചേര്‍ന്നു. അപ്പോഴേയ്ക്കും മോശ വാര്‍ദ്ധക്യത്തിലെത്തിയിരുന്നു. തന്‍റെ മരണം അടുത്തു വരികയാണെന്നും അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ വാഗ്ദത്തനാട്ടില്‍ താന്‍ പ്രവേശിക്കുകയില്ലെന്നും മോശയ്ക്ക് അറിയാമായിരുന്നു. ജനങ്ങളുടെമേലുള്ള തന്‍റെ അധികാരമെല്ലാം ജോഷ്വയ്ക്കു നല്കുവാന്‍ ദൈവം കല്പിച്ചു. അതനുസരിച്ച് ജോഷ്വായെ അടുത്തു വളിച്ച്, ശിരസ്സില്‍ കൈവച്ച് മോശ അയാളെ അനുഗ്രഹിച്ചു. ദൈവം തന്നെ ഏല്പിച്ച ദൗത്യം അങ്ങനെ മോശ ജോഷ്വായെ ഭരമേല്പിച്ചു.

Exodus I sl. 6f വളര്‍ന്നൂ ജനനായകന്‍
അണഞ്ഞൂ രാജസന്നിധേ
തന്‍റെ ജനത്തെ നയിക്കാന്‍
ഇസ്രായേല്യരെ നയിക്കാന്‍
മോസസ്, മോസസ്......

തന്നെയും ജനത്തെയും ഇത്രയേറെ നയിച്ച യാവേയ്ക്ക് മോശ നന്ദിയര്‍പ്പിച്ചു. “മോശയുടെ കീര്‍ത്തനം,” എന്ന് അറിയപ്പെടുന്ന മനോഹരമായ സ്തുതിപ്പ് ഇന്നും ഉരുവിടാവുന്ന കൃതജ്ഞതാപ്രാര്‍ത്ഥനയാണ്. നിയമാവര്‍ത്തന പുസ്തകം 32-ാം അദ്ധ്യായം മോശയുടെ കീര്‍ത്തനം രേഖപ്പെടുത്തിയിരിക്കുന്നു.

Exodus III sl. 1 നല്കണേ ദൈവമേ, മോചനം, പൂര്‍ണ്ണമോചനം
നില്ക്കണേ കാവലയ് രക്ഷതന്‍ പാതയില്‍
പാടുന്നൂ തവമഹത്വമെന്നും ദൈവമേ,
പുകഴ്ത്തുന്നു ഞങ്ങള്‍ താവ നാമമെങ്ങും.

ദൈവത്തിന്‍റെ മഹത്വം, മറ്റെല്ലാ ശക്തികളുടേയുംമേലുള്ള അവിടുത്തെ അധികാരം, സീനായ് പ്രദേശത്തുവച്ച് ഇസ്രായേല്യരെ തന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനതയായി സ്വീകരിച്ചുകൊണ്ട് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും ചെയ്ത വാഗ്ദാനങ്ങള്‍, എന്നിവ എപ്രകാരം ദൈവം പൂര്‍ത്തീകരിച്ചുവെന്ന്, പാലിച്ചുവെന്ന് മോശ കീര്‍ത്തിനത്തില്‍ അനുസ്മരിക്കുന്നു. കര്‍ത്താവ് തന്‍റെ ജനത്തെ മോചിക്കാനും നയിക്കുവാനും ചെയ്ത എണ്ണമറ്റ നന്മകള്‍ ഇവിടെ മോശ എണ്ണിയെണ്ണി പറയുന്നു.



Exodus III sl. 2 കര്‍ത്താവു യോദ്ധാവായ്, യുദ്ധവീരനായ്
തകിടം മറിക്കുന്നൂ രഥങ്ങളും വന്‍സൈന്യവും
ഇതാ, അവ താഴുന്നൂ ചെങ്കടലിന്നാഴങ്ങളില്‍
ഫറവോയിന്‍ കുതിരകള്‍, കരുത്തുറ്റ യോദ്ധാക്കളും.

പുറപ്പാടിന്‍റെ ഇടക്കാലത്ത് ഇസായേല്‍ കാണിച്ച അവിശ്വസ്തതയെയും വീഴ്ചയെയുംപറ്റി മോശ ജനത്തെ കഠിനമായി കുറ്റപ്പെടുത്തി. ഭാവിയിലും അവരുടെ ജീവിതം വ്യത്യസ്തമായിരിക്കയില്ലെന്ന് ഓര്‍പ്പിക്കുവാനും അദ്ദേഹം മറന്നില്ല. ഇനിയും ഇസ്രായേല്‍ ദൈവസന്നിധിയില്‍ അവിശ്വസ്തരാകുമെന്നും പരാജയപ്പെടുമെന്നും മോശ പ്രസ്താവിച്ചു. അതിശക്തനും പരിശുദ്ധനുമായ ദൈവത്തിന്‍റെ കോപത്തിന് അര്‍ഹമായാല്‍ ഇനിയും അവര്‍ക്കു ലഭിച്ചേക്കാവുന്ന കനത്ത ശിക്ഷയെപ്പറ്റിയും മോശ അവസാനമായി ജനത്തിന് താക്കീതുനല്കി. എങ്കിലും പ്രതിസന്ധികളില്‍ അവരെ നയിച്ച കര്‍ത്താവിന്‍റെ കാരുണ്യാതിരേകം നിസ്സീമമാണെന്നും മോശ കീര്‍ത്തനത്തില്‍ ഏറ്റുപാടുന്നു, ജനത്തെ അനുസ്മരിപ്പിക്കുന്നു.

Exodus III sl. 8 കേഴുന്നൂ ജനം ജലത്തിനായ്
യാത്രയില്‍ വലഞ്ഞവര്‍ നിന്ദിച്ചു ദൈവത്തെ
എങ്കിലും അവിടുന്നു നല്കീ കൃപതന്‍ കുളിര്‍ജലം
ഹൊറേബിന്‍ പാറയില്‍നിന്നും സമൃദ്ധമായ്

വിശ്വസ്തയ്ക്ക് ദൈവം നല്കുന്ന നന്മയുടെ സമൃദ്ധിയെപ്പറ്റി ഇസ്രായേല്യരെ മോശ പറഞ്ഞുമനസ്സിലാക്കി. ഈ പ്രപഞ്ചത്തെ ക്രമപ്പെടുത്തുന്ന ദൈവത്തിന്‍റെ പരിപാലന അന്യൂനമാണെന്നും, അവിടുത്തെ കല്പനകള്‍ കാത്തുപാലിച്ചു ജീവിച്ചാല്‍ ദൈവത്തിന്‍റെ സ്നേഹാതിരേകവും, നിത്യാനന്ദവും അനുഭവിക്കാന്‍ ജനതകള്‍ക്ക് സാധിക്കുമെന്നും, മോശ അവസാനമായി പ്രസ്താവിക്കുന്നു.

Exodus III sl. 13 അതിരുകള്‍ നല്‍അവകാശങ്ങള്‍
അരുതുകള്‍ നീതിന്യായങ്ങള്‍
പാലിച്ചനുദിനം പാര്‍ത്താം ഞങ്ങളീ-
പാരിടെ പ്രശാന്തരായ്

ഇങ്ങനെയെല്ലാം ജനത്തെ ഉദ്ബോധിപ്പിച്ചശേഷം നെബോ മലയിലേയ്ക്കു മോശ പുറപ്പെട്ടുപോയി. തിനിച്ചായിരുന്നു അദ്ദേഹം മലകയറിയത്. തന്‍റെ ജനത്തിനു ദൈവം വാഗ്ദാനംചെയ്ത അതിമനോഹരമായ പലസ്തീനാ ദേശം മലമുകളില്‍നിന്നുകൊണ്ട് കണ്‍കുളിര്‍ക്കെ മോശ നോക്കിക്കണ്ടു. അദ്ദേഹം ആത്മനിര്‍വൃതിയടഞ്ഞു. ദൈവം നല്കാന്‍പോകുന്ന സമൃദ്ധിയുടെ നാടിനെ ഓര്‍ത്തും, ജനം ആ ദൈവിക സമ്പന്നതിയില്‍ ഉടനെ എത്തിച്ചേരുമെന്ന ചിന്തയിലും മോശ ചാരിതാര്‍ത്ഥ്യമടഞ്ഞു.

Exodus IV sl. 8 നിങ്ങള്‍ക്കു മുന്‍പേ അയയ്ക്കുമെന്‍ ദൂതനെ
നയിക്കുവാന്‍ നിങ്ങളെ നന്മതന്‍ പാതയില്‍
എന്നെ ശ്രവിച്ചു ചരിക്കുകില്‍ എന്‍ ജനം
എത്തിടും വാഗ്ദത്ത നാട്ടിലന്നാള്‍.

ഈജിപ്തിലെ അടിമത്വത്തില്‍നിന്നും തന്‍റെ ജനത്തെ ദൈവം മോചിച്ച്, ഐക്യരൂപ്യമുള്ള ജനതയാക്കി അവിടുന്ന് അവരെ ഉയര്‍ത്തി. അങ്ങനെ, അവരെ ദൈവം തന്‍റെ ജനതയാക്കി. അതിനൊത്ത് ജീവിക്കേണ്ടത് എങ്ങനെയെന്നും അവിടുന്ന അവര്‍ക്ക് മനസ്സിലാക്കി കൊടുത്തു. ജീവിതത്തിന്‍റെ എല്ലാത്തുറകളിലും സ്വാധീനംചെലുത്തുന്ന പത്തുപ്രാമാണങ്ങള്‍ മോശയിലൂടെ അവര്‍ക്ക് ദൈവം വെളിപ്പെടുത്തിക്കൊടുത്തു. മാനവകകുലത്തിന് എന്നും മാര്‍ഗ്ഗദീപമാകേണ്ട, സീനായ് മലമുകളില്‍ ദൈവം നല്കിയ സ്നേഹപ്രമാണങ്ങള്‍ ജീവിതത്തിന്‍റെ അവസാനവേളയിലും മോശ നന്ദിയോടെ അനുസ്മരിച്ചു.

Exodus III sl. 11 സീനായ് മലയില്‍ അഗ്നിരൂപനായ്
പത്തുടമ്പടി ഉള്ളിലെഴുതിയ തമ്പുരാനേ
അങ്ങേ കനിവിന്‍ കല്പനകള്‍ തരണമേ നിത്യവും
ഞങ്ങള്‍ക്കു ഹൃദയവെളിച്ചമായ് സദാ മാര്‍ഗ്ഗദീപമായ്.

നൂറ്റിഇരുപതു വര്‍ഷത്തിലേറെ മോശ ജീവിച്ചുവെന്ന് നിയമാവര്‍ത്തനപുസ്തകം രേഖപ്പെടുത്തുന്നു (അദ്ധ്യായം 32). എന്നാല്‍ അവസാനംവരെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍മങ്ങുകയോ ശരീരികശക്തി ക്ഷയിക്കുകയോ ചെയ്തില്ലെന്നും വിശുദ്ധ ലിഖിതം സാക്ഷൃപ്പെടുത്തുന്നു. യാവേയുടെ നിശ്ചയപ്രകാരം നെബോ മലയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവേ, മോശ മരണമടഞ്ഞു. അത് ക്രിസ്തുവിനുമുന്‍പ്
1272-മാണ്ടിലായിരുന്നു.

Exodus I sl. 5e ഒഴുകിയെത്തു കൃപാതിരേകം
രക്ഷതന്‍ നവധാരയായ്
നൈല്‍നദിതന്‍ നീര്‍ധാരയില്‍
ജനിച്ചവന്‍ ഇസ്രായേലിന്‍ രക്ഷകന്‍
മോസസ്, മോസസ്....

ദൈവജനത്തിന്‍റെ ചരിത്രം പുതിയ മോശ, ക്രിസ്തുവിലൂടെയാണ് തുടരുന്നത്. അവിടുന്നു നല്കിയ ഗിരിപ്രഭാഷണങ്ങളും സാരോപദേശങ്ങളും ഉപമകളും മോശയിലൂടെ ദൈവം വെളിപ്പെടുത്തിയ കല്പനകളുടെ സത്തയും സാരാംശവുമാണെന്നു കാണാം. മോശയില്‍ ദൈവം സമാരംഭിച്ചത്, പുതിയ മോശ, ക്രിസ്തു നവീകരിക്കകയും പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു.
അങ്ങനെ ഇസ്രായേലിന്‍റെ വിമോചകനായ മോശ ക്രിസ്തുവിന്‍റെ മുന്നോടിയും പ്രതിരൂപവുമായി രക്ഷാകര ചരിത്രത്തില്‍ തെളിഞ്ഞുനില്ക്കുന്നു, തിളങ്ങിനില്കുന്നു.

Exodus I sl. 1a ഇസ്രായേലെ നയിപ്പവന്‍ മോശയെങ്കിലും
ദൈവാത്മാവിലൂടെ തന്‍റെ ജനത്തെ നയിച്ചവന്‍
ഹാരാനിലൂടെയും കാനാനിലൂടെയും
തന്‍റെ ജനത്തെ വിളിക്കുന്നു ദൈവം
ഈ ലോകത്തെ നയിക്കുന്നു, കാക്കുന്നു.

Song : പുറപ്പാട്

ഈ ഭാഗത്തോടെ പുറപ്പാടുപരമ്പര അവസാനിക്കുകയാണ്. ഇതിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ
സിബി നായരമ്പലത്തിനും, ശ്ലോകങ്ങള്‍ ആലപിച്ച അനു മരിയ റോസ്, ചിത്ര അരുണ്‍,
ഗാഗുല്‍ ജോസഫ്, രമേഷ്മുരളി, ഗണേഷ് സുന്ദരം എന്നിവര്‍ക്കും നന്ദിയര്‍പ്പിക്കുന്നു.
പരമ്പരയുടെ നിര്‍മ്മാണത്തിനുവേണ്ട നിര്‍ദ്ദശങ്ങള്‍ നല്കിയ ബൈബിള്‍
പണ്ഡിതനും അദ്ധ്യാപകനുമായ ഫാദര്‍ അഗസ്റ്റിന്‍ മുള്ളൂര്‍ ഒ.സി.ഡി-ക്കും
കൃതജ്ഞതയര്‍പ്പിക്കുന്നു.
The End








All the contents on this site are copyrighted ©.