2014-03-25 15:36:56

എളിമ രക്ഷയിലേക്കുള്ള മാർഗ്ഗം


25 മാർച്ച് 2014, വത്തിക്കാൻ
രക്ഷ പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ എളിമയുടെ മാർഗത്തിൽ ചരിക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ. സുരക്ഷിതത്വത്തിന്‍റെ നടുവിലേക്ക് ദൈവം നമ്മെ തേടിവരുകയില്ലെന്ന് വിശ്വാസികളെ ഉത്ബോധിപ്പിച്ച പാപ്പ, എളിമയുടേയും ആത്മപരിത്യാഗത്തിന്‍റേയും മാർഗ്ഗത്തിലൂടെ ചരിച്ചെങ്കിൽ മാത്രമേ രക്ഷ പ്രാപിക്കാനാവൂ എന്നും പ്രസ്താവിച്ചു. തിങ്കളാഴ്ച രാവിലെ സാന്താ മാർത്താ മന്ദിരത്തിലെ കപ്പേളയിൽ ദിവ്യബലി മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ദിവ്യബലിയിൽ വായിച്ച സുവിശേഷ ഭാഗം (ലൂക്ക 4:24-30) ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചന സമീക്ഷ. ഏലീശാ പ്രവാചകൻ മുഖാന്തരം കുഷ്ഠരോഗത്തിൽ നിന്ന് സുഖപ്രാപ്തി കൈവരിച്ച സിറിയാക്കാരാനായ നാമാന്‍റേയും, ഏലിയാ പ്രവാചകന്‍റെ സഹായത്താൽ, ക്ഷാമത്തിൽ നിന്ന് രക്ഷനേടിയ സറെപ്തായിലെ വിധവയേയും കുറിച്ച് യേശു അനുസ്മരിക്കുന്ന സുവിശേഷഭാഗമാണിത്. തിരസ്കൃതരുടെ പ്രതിനിധികളായ അവരിരുവരും എളിമയോടെ പ്രവാചക വചനം സ്വീകരിച്ചതുകൊണ്ടാണ് രക്ഷ നേടിയത്. എന്നാൽ, സ്വന്തം നാടായ നസ്രത്തിൽ യേശു സ്വീകരിക്കപ്പെടുന്നില്ല. സ്വന്തം വിശ്വാസത്തിലും, നിയമാനുഷ്ഠാനങ്ങളിലും അമിതമായ ആത്മവിശ്വാസമുള്ളതിനാൽ, മറ്റൊരു രക്ഷയും തങ്ങൾക്ക് ആവശ്യമില്ലെന്ന് അവർ കരുതുന്നു. അവരുടെ അവിശ്വാസം മൂലം, താൻ ജനിച്ചു വളർന്ന നാട്ടിൽ യേശു അത്ഭുതമൊന്നും പ്രവർത്തിച്ചില്ല. രക്ഷ നേടാൻ ആഗ്രഹിക്കുന്നവർ ആത്മപരിത്യാഗത്തോടെ സ്വയം എളിമപ്പെടുത്തണമെന്ന് അവിടുന്ന് അവരെ ഉത്ബോധിപ്പിച്ചു. സ്വയം പാർശ്വവത്കരിക്കപ്പെട്ടവനും തിരസ്കൃതനുമായി അനുഭവപ്പെടാത്തിടത്തോളം ആർക്കും രക്ഷ പ്രാപിക്കാനാവില്ല. അതേസമയം, ക്രിസ്തീയ ദർശനത്തിൽ എളിമയെന്നാൽ, ‘താൻ ഒന്നിനും കൊള്ളാത്തവനാണെന്ന’ അപകർഷതാ ബോധമല്ലെന്നും പാപ്പ വിശദീകരിച്ചു. അഹംഭാവം തന്നെയാണ് അത്തരം ചിന്താഗതിയിൽ മറഞ്ഞിരിക്കുന്നത്. ക്രൈസ്തവരെ സംബന്ധിച്ച് എളിമയെന്നാൽ ‘സത്യം ഏറ്റു പറയുക’ എന്നതാണ്. “ഞാനൊരു പാപിയാണ്”, എന്ന, സ്വജീവിതത്തെ സംബന്ധിച്ച സത്യം ഏറ്റുപറയുക. അതോടൊപ്പം, ദൈവം നമ്മെ രക്ഷിക്കുമെന്നതും സത്യമാണ്. നമ്മുടെ സുരക്ഷിതത്വത്തിലല്ല, നാം തിരസ്കൃതരായിരിക്കുമ്പോഴാണ് ദൈവം നമ്മുടെ രക്ഷയ്ക്കെത്തുന്നത്. എളിമയുടെ ഈ മാർഗത്തിൽ ചരിക്കാൻ വേണ്ട ദൈവകൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.







All the contents on this site are copyrighted ©.