2014-03-24 17:12:22

ബാല സംരക്ഷണത്തിന് ബഹുമുഖ പദ്ധതി: ഫാ.ലൊംബാർദി


24 മാർച്ച്2014, വത്തിക്കാൻ
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനും ലൈംഗിക പീഡനം തടയാനും ബഹുമുഖ പദ്ധതിയാണ് സഭ ലക്ഷ്യമിടുന്നതെന്ന് വത്തിക്കാൻ വക്താവ് ഫാ.ഫെദറിക്കോ ലൊംബാർദി പ്രസ്താവിച്ചു. കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്താൻ ഫ്രാൻസിസ് പാപ്പ പുതിയ പൊന്തിഫിക്കൽ കമ്മീഷൻ സ്ഥാപിച്ചതിനെക്കുറിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ ജോൺ പോൾ രണ്ടാമൻ പാപ്പായും ബെനഡിക്ട് പതിനാറാമൻ പാപ്പായും നടത്തിയ പരിശ്രമങ്ങൾ ഫ്രാൻസിസ് പാപ്പ പൂർവ്വാധികം കരുത്തോടെ തുടരുകയാണെന്ന് ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു.

കുട്ടികളുടെ സംരക്ഷണത്തിന് സഭ നൽകുന്ന മുൻതൂക്കമാണ് പാപ്പാ ഫ്രാൻസിസിന്‍റെ ഈ നടപടിയിൽ തെളിയുന്നത്. ഈ രംഗത്ത് സേവനം ചെയ്തുകൊണ്ടിരിക്കുന്ന വിദഗ്ദരേയാണ് കമ്മീഷൻ അംഗങ്ങളായി പാപ്പ നിയമിച്ചിരിക്കുന്നത്. കമ്മീഷന്‍റെ നിയമാവലിയും കർമ്മശൈലിയും നിജപ്പെടുത്തിയതിനു ശേഷം ലോകത്തിന്‍റെ ഇതര ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ ഉൾപ്പെടുത്തി കമ്മീഷൻ വിപുലീകരിക്കുകയാണ് പാപ്പായുടെ ഉദ്ദേശ്യമെന്നും ഫാ.ലൊംബാർദി അറിയിച്ചു.

ചൂഷണം തടയുക, ചൂഷണത്തെക്കുറിച്ചുള്ള ബോധവത്കരണം നടത്തുക, കുറ്റം ചെയ്തവരെ ശിക്ഷണ നടപടികൾക്ക് വിധേയരാക്കുക, സഭയുടേയും രാഷ്ട്രത്തിന്‍റേയും നിയമ നടപടികൾ പിന്തുടരുക, പ്രതിരോധ മാർഗങ്ങൾ രൂപീകരിക്കുക എന്നിങ്ങനെ ബഹുമാന പദ്ധതിയാണ് കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സഭ ആവിഷ്ക്കരിക്കുന്നതെന്നും ഫാ.ലൊംബാർദി വിശദീകരിച്ചു.








All the contents on this site are copyrighted ©.