2014-03-22 09:28:39

സ്നേഹനദിയുടെ
ഉറവയിലെത്തിയ സമറിയാക്കാരി (മൂന്നാം വാരം)


RealAudioMP3
തപസ്സുകാലം 3-ാം വാരം
വി. യോഹന്നാന്‍ 4, 5-42
സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവിടുന്ന് എത്തി. യാക്കോബ് തന്‍റെ മകന്‍ ജോസഫിനു നല്കിയ വയലിനടുത്താണ് ഈ പട്ടണം. യാക്കോബിന്‍റെ കിണര്‍ അവിടെയാണ്. യാത്രചെയ്തു ക്ഷീണിച്ച ക്രിസ്തു കിണറിന്‍റെ കരയില്‍ ഇരുന്നു. അപ്പോള്‍ ഏകദേശം ആറാം മണിക്കൂറായിരുന്നു. ആ സമയം ഒരു സമരിയാക്കാരി അവിടെ വെള്ളം കോരാന്‍ വന്നു. യേശു അവളോട്, “എനിക്കു കുടിക്കാന്‍ തരുക,” എന്നു പറഞ്ഞു. അവിടുത്തെ ശിഷ്യന്മാരാകട്ടെ, ഭക്ഷണസാധനങ്ങള്‍ വാങ്ങാനായി പട്ടണത്തിലേയ്ക്ക് പോയിരുന്നു.

സരിയാക്കാരി അവിടുത്തോടു ചോദിച്ചു. “അങ്ങ് യഹൂദനായിരിക്കേ, സമരിയാക്കാരിയായ എന്നോടു കുടിക്കാന്‍ ചോദിക്കുന്നതെന്തുകൊണ്ട്? യഹൂദരും സമരിയാക്കാരും തമ്മില്‍ സമ്പര്‍ക്കമൊന്നുമില്ലല്ലോ?” യേശു അവളോടു പറഞ്ഞു. “ദൈവത്തിന്‍റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അയാള്‍ നിനക്ക് ജീവജലം തരുകയും ചെയ്യുമായിരുന്നു.” അവള്‍ പറഞ്ഞു. “പ്രഭോ, വെള്ളംകോരാന്‍ അങ്ങയുടെ പക്കല്‍ പാത്രമില്ല, കിണറോ അഴമുള്ളുതും. പിന്നെ ഈ ജീവജലം അവിടുത്തേയ്ക്ക് എവിടുന്നു കിട്ടാനാണ്.
ഈ കിണര്‍ ഞങ്ങള്‍ക്കു തന്ന പിതാവായ യാക്കോബിനെക്കാള്‍ വലിയവനാണോ അങ്ങ്?
അവനും അവന്‍റെ മക്കളും കന്നുകാലികളും ഈ കിണറ്റില്‍നിന്നാണു കൂടിച്ചിരുന്നത്.”
യേശു പറഞ്ഞു, “ഈ വെള്ളം കുടിക്കുന്ന ഏവര്‍ക്കും വീണ്ടും ദാഹിക്കും. എന്നാല്‍ ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവര്‍ക്ക് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്കുന്ന ജലം നിത്യജീവനിലേയ്ക്കു നിര്‍ഗളിക്കുന്ന അരുവിയാകും.” അപ്പോള്‍ അവള്‍ പറഞ്ഞു.
“ആ ജലം എനിക്കു തരുക. മേലില്‍ എനിക്കു ദാഹിക്കുകയില്ലല്ലോ. വെള്ളം കോരാന്‍
ഞാന്‍ ഇവിടെ പിന്നെ വരുകയും വേണ്ടല്ലോ.”

21 യേശു പറഞ്ഞു. “സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ ജരൂസലേമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. 23 എന്നാല്‍, യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍തന്നെയാണ്.”

അല്പം കേരള ചരിത്രത്തോടെ ആരംഭിക്കാം. 1913-ലാണ് ശ്രീനാരായണ ഗുരു ആലുവായില്‍ അദ്വൈതാശ്രമം ആരംഭിച്ചത്. പെരിയാറിന്‍റെ തീരത്ത്, ആലുവാ പട്ടണത്തോടു ചേര്‍ന്നുള്ള ആശ്രമത്തില്‍വച്ചാണ് ഗുരുദേവന്‍ ചരിത്രപ്രസിദ്ധമായ വിളംബരം നടത്തിയത് : ‘നമുക്ക് ജാതിയില്ല.’ എന്നിട്ട് സ്വാമി ഇങ്ങനെ പാടി,
ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും,
സോദരത്വേന വാഴുന്ന മാതൃസ്ഥാനമാണിത്.

പിന്നെ ആശ്രമത്തിലെ അമ്പലത്തില്‍ സാമി കണ്ണാടി പ്രതിഷ്ഠയാണ് നടത്തിയത്.
സ്വയം കണ്ട്, സ്വയം അറിഞ്ഞ് ദൈവത്തെ പ്രാപിക്കുക, അഹഃ ബ്രഹ്മാസ്മിഃ ദൈവം നമ്മില്‍ കുടികൊള്ളുന്നു, എന്നാണ് സ്വാമികള്‍ ഉദ്ബോധിപ്പിച്ചത്. കേരളത്തില്‍ ആദ്യാമായി സര്‍വ്വമതസമ്മേളനം വിളിച്ചുകൂട്ടിയതും ശ്രീനാരായണ ഗുരുവായിരുന്നു. അത് 1922-ലാണ്.
1925-ലാണ് മഹാത്മാഗാന്ധി വര്‍ക്കലയിലെ ശിവഗിരി ആശ്രമത്തില്‍വന്ന് ഗുരുദേവനെ കണ്ട് കേരളത്തിലെ ജാതീയ പ്രശ്നങ്ങളെക്കുറിച്ച് സംവാദം നടത്തിയത്. ജാതി ഇല്ലാത്ത രണ്ടു ജാതീയരുടെ, ഒരാള്‍ ബ്രാഹ്മണനും മറ്റെയാള്‍ ഈഴവനും, തമ്മിലുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

ജാതീയ ജീവിതത്തിനെതിരായ ചിന്തകള്‍ ക്രിസ്തുവില്‍ തുടക്കമിടുന്നതാണ് ഇന്നത്തെ സുവിശേഷം. ഉയര്‍ന്ന ജാതിക്കാരെന്ന് അക്കാലത്ത് സ്വയം നടിച്ചിരുന്നവരാണ് യഹൂദര്‍. കീഴാളരെന്ന് അവര്‍ പറഞ്ഞു പരിഹസിച്ച സമരിയാക്കുരുടെ കൂട്ടത്തിലുള്ള സ്ത്രീയോടു പരസ്യമായി സംസാരിക്കാനും, അവളുടെ ഗ്രാമത്തില്‍ രണ്ടു ദിവസം താമസിക്കുവാനും ധൈര്യംകാണിച്ച ക്രിസ്തു, മനുഷ്യന് ജാതിയില്ലെന്നു പ്രഖ്യാപിക്കുകയായിരുന്നില്ലേ. ക്രിസ്തുവും സമരിയാക്കാരി സ്ത്രീയും തമ്മിലുള്ള സംഭാഷണം വെളിപ്പെടുത്തന്നത് പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ്. ആരാണ് രക്ഷകനെന്നും, എന്താണ് ദൈവികദാനമെന്നും? ദൈവികദാനം ജീവജലമാണെന്ന് സുവിശേഷത്തില്‍ യോഹന്നാന്‍ വ്യക്തമാക്കുന്നു. പ്രഥമമായ അര്‍ത്ഥത്തില്‍ ക്രിസ്തുവില്‍ ദൈവം വെളിപ്പെടുത്തിയ സത്യമാണത്. അവിടുന്ന് വചനമായ ജീവജലമാണ്. രക്ഷകനാണ് എന്നത്രേ. ദ്വിതീയാര്‍ത്ഥത്തില്‍ അത് പരിശുദ്ധാത്മാവാണ്. ക്രിസ്തുവിന്‍റെ ആത്മാവാണ്.

ദൈവഹിതം നിറവേറ്റുകയാണ് യഥാര്‍ത്ഥ ജീവിതലക്ഷൃം. എന്താണ് ദൈവഹിതം? എല്ലാവരും ദൈവമക്കളാണെന്ന് പ്രഘോഷിക്കുക, അതാണ് ദൈവഹിതം. അയിത്ത ജാതിക്കാരെന്ന് യഹൂദര്‍ കണക്കാക്കിയ, തൊട്ടുകൂടാത്തവരെന്ന് ലോകം കരുതിയവര്‍, ഗാന്ധിജിയുടെ ഭാഷയിലെ –ഹരിജനങ്ങളാണ്, ഹരി, ദൈവമാണ്... അതിനാല്‍ അവരും, സകലരും ദൈവമക്കളാണെന്ന് പഠിപ്പിക്കുകയാണ് ക്രിസ്തു. ഇതൊരു വിപ്ലവമാണ്. ഇത് സ്നേഹവിപ്ലവമാണ്. അന്ധമായ മതചിന്തയില്‍നിന്നുള്ള മോചനമാണ് രക്ഷ എന്നതാണ് ഇന്നത്തെ വചനം പകര്‍ന്നുതരുന്ന വെളിച്ചം.
ഈ രക്ഷയില്‍ പങ്കുചേരാന്‍ നമുക്ക് ആത്മബലമാവശ്യമാണ്. ഇന്ന് ലോകത്തെ അസമാധാനത്തിനും സാഹോദര്യമില്ലായ്മയ്ക്കും കാരണമാകുന്നത് അമിതമായ മതമൗലിക ചിന്തകളാണെന്നോര്‍ക്കണം.

ജലസാന്നിധ്യം സ്ത്രീ സാന്നിധ്യമാണെന്ന താത്വികനായ നീഷേയുടെ നിരീക്ഷണമുണ്ട്, ചിന്താധാരയുണ്ട്. നിരന്തരമായ അലച്ചിലിലായിരുന്ന സ്ത്രീ! ജീവിതത്തിലുടനീളം കുടവുമായി കിണറുകള്‍തേടി പോവുകയാണ് അവളുടെ തലവര. കിണറുകള്‍ വറ്റുമെന്നും ദാഹം വീണ്ടും ഉണ്ടാകുമെന്നും അവളെ ഓര്‍മ്മിപ്പിക്കുന്നത് ക്രിസ്തുവാണ്. ഈശ്വരാന്വേഷണമെന്ന ദാഹത്തെക്കുറിച്ച് അവളില്‍ അവബോധം ഉളവാക്കുന്നത് രക്ഷകനായ ക്രിസ്തുവാണ്. മറിച്ചായിരുന്നെങ്കില്‍, അവളുടെ അഞ്ചു പുരുഷന്മാരില്‍ അവിടുന്നും പെട്ടുപോകുമായിരുന്നു. ഇന്ദ്രിയങ്ങളുടെ തൊടിയും തൊട്ടിയും കയറും ആവശ്യമില്ലെന്നു പറഞ്ഞ്, അവളുടെ ജീവിതത്തില്‍‍ ഇടപെട്ട ഏകപുരുഷന്‍ ക്രിസ്തുവാണ്. ഉറവയിലേയ്ക്ക് പോകാനാണ് ക്രിസ്തു അവളെ പഠിപ്പിക്കുന്നത്. നമ്മെ പഠിപ്പിക്കുന്നത്. അത്തരമൊരു ദാഹം നമ്മില്‍ ഉണര്‍ത്താന്‍ ക്രിസ്തുവിനു കഴിയുന്നു എന്നതാണ് രക്ഷാകര്‍മ്മം.

കോരിച്ചൊരിയുന്ന മഴയത്തോ, നിറച്ചുവച്ച മണ്‍കോപ്പകള്‍ക്കിടയിലോ നില്‍ക്കുമ്പോഴും നമുക്ക് ദാഹം അനുഭവപ്പെടാം. ആ ദാഹത്തിന്‍റെ തീവ്രത പിന്നീട് ഒരിക്കല്‍ ക്രിസ്തു പ്രകടമാക്കുന്നുണ്ട്. ഒരു നിമിഷാര്‍ദ്ധം ദൈവത്തിനും അവിടുത്തേയ്ക്കും ഇടയില്‍ തിരശ്ശീല വീണപ്പോഴാണത്. “എനിക്കു ദാഹിക്കുന്നു!” മനുഷ്യരക്ഷയുടെയും വിമോചനത്തിന്‍റെയും ദാഹമായിരുന്നു അത്. നീര്‍പ്പഞ്ഞി വച്ചുനീട്ടുന്നവര്‍ എന്തറിയുന്നു!

ഒടുവില്‍ മരിച്ചിട്ടും ക്രിസ്തുവിനോട് പകതീരാതിരുന്ന ഒറ്റക്കണ്ണനായ പടയാളി കുന്തംകൊണ്ട് അവിടുത്തെ വിലാവ് കുത്തിപ്പിളര്‍ന്നു. ഉടനെ അവിടുത്തെ നെഞ്ചില്‍നിന്ന് രക്തവും ജലവും ഒഴുകിയെന്നത് വിശുദ്ധ യോഹന്നാന്‍ സാക്ഷൃപ്പെടുത്തുന്നു. എന്നാല്‍ യുക്തിഭദ്രമല്ലിത്, കാരണം മരണം എല്ലാ പ്രവാഹങ്ങളെയും നിലപ്പിക്കുന്ന ഒന്നാണ്. എന്നിട്ടും ക്രിസ്തു തന്‍റെ ഹൃദയത്തിലെ സ്നേഹനിര്‍ഝരിയില്‍ കുരുടനായ പടയാളിക്ക് കാഴ്ച നല്കി. ഉറവപൊട്ടി എന്ന യോഹന്നാന്‍റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത്, ജീവന്‍ വീണ്ടും പ്രസരിക്കുന്നു എന്നാണ്.
കില്ലാഡി പാറ പൊട്ടിച്ച് പൊട്ടിച്ച്,
ഏതോ ഒരിടത്ത് തട്ടുമ്പോള്‍ ഇതാ, പെട്ടന്ന് ഉറവ പൊട്ടി, അയാളെ കോരി ക്കുളിപ്പിച്ചുകൊണ്ട് ജലപ്രവാഹമുയരുന്നു. അതുപോലെ മരിച്ചിട്ടും ക്രിസ്തുവിന്‍റെ സ്നേഹപ്രവാഹങ്ങള്‍ നിലയ്ക്കുന്നില്ല! അത് ജീവിച്ചിരുന്നതിനെക്കാള്‍ ശക്തമായി നിര്‍ഗ്ഗളിക്കുന്നു!!

വില്യം വൈലിന്‍റെ ഐതിഹാസിക സിനിമ ‘ബെന്‍ഹര്‍’ ചിലരെങ്കിലും ഓര്‍മ്മിക്കും. 1959-ല്‍ ചാള്‍ട്ടണ്‍ ഹെസ്റ്റണെ നായകനാക്കിക്കൊണ്ടാണ് സിനിമ പുറത്തുവന്നത്. ക്രിസ്തുവര്‍ഷം 26-ന്‍റെ പശ്ചാത്തലത്തിലാണ് Hollywood മനോഹരമായ സിനിമ. രോഗികളായ അമ്മയെയും സഹോദരിയെയുംകൊണ്ട് സൗഖ്യത്തിനായി ക്രിസ്തുവിനെ തേടിയിറങ്ങിയ ബെന്‍ഹര്‍... അറിയുന്നത് അവിടുന്ന് കാല്‍വരിലെ കഴുമരത്തിലേയ്ക്ക് ആനയിക്കപ്പെട്ടുവെന്നാണ്. പിന്നെയുണ്ടായ ഇരുട്ടിലും പേമാരിയിലും ബന്‍ഹര്‍ നിസ്സഹായനായി, നിര്‍വ്വികാരനായി കുഷ്ഠം പിടിപെട്ട അമ്മയെയും സഹോദരിയെയും താങ്ങി അങ്ങകലെ നില്ക്കവേ, കാല്‍വരിയില്‍നിന്ന് ഒലിച്ചിറങ്ങിയ ചോര കലര്‍ന്ന നിര്‍ഝരിയില്‍ ഇതാ, ആ അമ്മയും മകളും അത്ഭുതകരമായി സൗഖ്യംപ്രാപിക്കുന്നു.

എസെക്കിയേലിന്‍റെ പ്രവചനത്തില്‍ ആ സ്നേഹനദിയുടെ നിഴല്‍ ഇവിടെയുണ്ട്. ആരംഭത്തില്‍ പാദം മാത്രം നനച്ച നദി... പിന്നെ കാണക്കാണെ അത് ഉയര്‍ന്നു പൊങ്ങുകയാണ്. ആദ്യം മുട്ടോളം, അരയോളം, പിന്നെ തോളോളം... ഒടുവില്‍ ഇതാ, എന്‍റെ ചെറിയ ജീവന് ജലസമാധിയുണ്ടാകുംവരെ അതു നിറയുകയാണ്, നിറഞ്ഞു കവിയുകയാണ്, അത് പ്രവഹിക്കുകയാണ്! (എസെക്കിയേല്‍ 47, 1-12).

കിണറുകള്‍ മാത്രം പരിചയമുതിര്‍ന്ന സ്ത്രീ ക്രിസ്തുവിന്‍റെ ഉറവയില്‍നിന്ന് തന്‍റെ ജീവിതകുംഭം നിറച്ചു. അതു നിറയെ അവബോധത്തിന്‍റെ പ്രകാശവും സ്നേഹവും സ്വാതന്ത്ര്യവുംകൊണ്ട് നിറച്ചു. ഇനി ജീവിത നിലപാടുകളുടെ പാതയിലൂടെ അവള്‍ ശിരസ്സുയര്‍ത്തി നടന്നുപോകും. വെള്ളം കോരാന്‍ കൊണ്ടുവന്ന കുടം കിണറ്റിന്‍ കരയില്‍ അവള്‍ മറന്നുവച്ചതല്ല - ബോധപൂര്‍വ്വം ക്രിസ്തുവിന്‍റെ പാദങ്ങളില്‍ സമര്‍പ്പിചതാണ്.
പല സംസ്ക്കാരങ്ങളിലും കുംഭം ജീവിതത്തിന്‍റെ പ്രതീകമാണല്ലോ. ശ്രാദ്ധക്രിയയില്‍ കുംഭം ഉടയ്ക്കാറില്ലേ. ഉള്ളിലെ ഉറവകളെ കണ്ടെത്തിയവര്‍ക്ക് പിന്നെ കുംഭങ്ങള്‍ അല്ലെങ്കില്‍ പാത്രങ്ങള്‍ ആവശ്യമില്ല. സമരിയക്കാരി സ്ത്രീയുടെ കുടം ഇപ്പോഴും സിക്കാറിലെ യാക്കോബിന്‍റെ കിണറ്റിന്‍ ചുവട്ടില്‍ ഉണ്ടാകും. അവളുടെ ചപലതകളുടെയും അലച്ചിലുകളുടെയും ഭൂതകാല ശേഷിപ്പായി അതവിടെ അവശേഷിക്കുന്നു. അത് ക്രിസ്തുവിനോടു ചേര്‍ന്ന അവളുടെ ജീവിതത്തിന്‍റെ തപസ്സായിരുന്നു, പിന്നെ തപസ്സിലെ കണ്ടെത്തലും.... ആത്മീയ രക്ഷയുമാണ്.








All the contents on this site are copyrighted ©.