2014-03-20 20:15:28

അലക്സ് വടക്കുംതല അഭിഷിക്തനായി
കണ്ണൂരിന്‍റെ രണ്ടാമത്തെ മെത്രാന്‍


23 മാര്‍ച്ച് 2014, വത്തിക്കാന്‍
കണ്ണൂര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മോണ്‍സീഞ്ഞോര്‍ അലക്സ് വടക്കുംതല മാര്‍ച്ച് 23-ാം തിയതി ഞായറാഴ്ച അഭിഷിക്തനായി.

കേരളത്തില്‍ കൊച്ചി-പനങ്ങാട് സ്വദേശിയും വരാപ്പുഴ അതിരൂപതാംഗവുമാണ് കണ്ണൂരിന്‍റെ നിയുക്തമെത്രാന്‍ അലക്സ് വടക്കുംതല. അതിരൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിക്കവെ 2014 ഫെബ്രുവരി 2-ാം തിയതിയാണ് കണ്ണൂര്‍ രൂപതയുടെ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് മോണ്‍സീഞ്ഞോര്‍ വടക്കുംതലയെ നിയോഗിച്ചത്.

ഭാരതത്തിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് സാല്‍വത്തോര്‍ പെനാക്കിയോയാണ് ബുര്‍ണാശ്ശേരിയിലുള്ള പരിശുദ്ധ ത്രിത്വത്തിന്‍റെ കത്തീഡ്രല്‍ ദേവാലയത്തില്‍വച്ച് മാര്‍ച്ച്
23-ാം തിയതി ഞായറാഴ്ച, വൈകുന്നേരം 3 മണിക്ക് മോണ്‍സീഞ്ഞാര്‍ വടക്കുംതലയെ മെത്രാനായി അഭിഷേചിച്ചത്.

കേരളത്തിലെ വിവിധ റീത്തുകളില്‍നിന്നുള്ള കര്‍ദ്ദിനാളന്മാരും മെത്രാന്മാരും വൈദികരും കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികരായിരിന്നു. വൈകുന്നേരം കത്തീഡ്രല്‍ അങ്കണത്തില്‍ രുപതാംഗങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്ന നവാഭിഷിക്തന്‍റെ അനുമോദിക്കുന്ന ചടങ്ങില്‍ ഭാരതത്തിലെ ദേശീയ മെത്രാന്‍ സമിതിയുടെയും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും പ്രസിഡന്‍റും തിരുവനന്തപുരം മലങ്കര കത്തോലിക്കാ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ ബസീലിയോസ് മാര്‍ ക്ലീമിസ് ബാവാ അദ്ധ്യക്ഷതവഹിച്ചു.

അന്‍പതിനായിരത്തോളം കത്തോലിക്കരും അതിലേറെ ഹൈന്ദവരും മുസ്ലീംങ്ങളുമുള്ള മത-സാംസ്ക്കാരിക-രാഷ്ട്രീയ വൈവിധ്യങ്ങളുള്ള കണ്ണൂര്‍ സംസ്ഥാനത്ത് ‘ക്രിസ്തുവിന്‍റെ കാരുണാര്‍ദ്ര സ്നേഹം പങ്കുവയ്ക്കാന്‍’ എന്ന ആപ്തവാക്യവുമായിട്ടാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. കണ്ണൂര്‍ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ കോഴിക്കോട് മെത്രാനായി 2012 മെയ് 15-ന് നിയമിതനായതിനെ തുടര്‍ന്നാണ് പാപ്പാ ഫ്രാന്‍സിസ് മോണ്‍സീഞ്ഞോര്‍ അലക്സ് വടക്കുതലയെ കണ്ണൂര്‍ രൂപതാസാരഥ്യം ഭരമേല്പിച്ചത്.

വരാപ്പുഴ അതിരൂപതയുടെ കളമശ്ശേരിയിലെ മൈനര്‍ സെമിനാരി രൂപീകരണത്തിനും, കോളെജ് വിദ്യാഭ്യാസത്തിനുംശേഷം പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1984-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴിസിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി.

ആലുവ കാര്‍മ്മല്‍ഗിരി സെമിനാരിയില്‍ സഭാനിയമം പ്രഫസര്‍, ദേശീയ മെത്രാന്‍ സമിതിയുടെ ജനാരോഗ്യക്ഷേമ വിഭാഗം കമ്മിഷന്‍ സെക്രട്ടറി, റാഞ്ചി രൂപതാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വടക്കെ ഇന്ത്യയുടെ വൈദ്യശാസ്ത്ര വികസന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടര്‍, വരാപ്പുഴ അതിരൂപതാ മാധ്യമകേന്ദ്രം ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുള്ള പരിചയസമ്പത്തും പാണ്ഡിത്യവുമായിട്ടാണ് മോണ്‍സീഞ്ഞോര്‍ അലക്സ് വടക്കുംതല കേരളത്തിന്‍റെ വടക്കെ അതിര്‍ത്തിയിലുള്ള കണ്ണൂരിന്‍റെ അജപാലന ഉത്തരവാദിത്വം ഏറ്റെടുക്കുന്നത്.
നല്ല അദ്ധ്യാപകന്‍, സംഘാടകന്‍, ഭരണകര്‍ത്താവ് ഗാനരചയിതാവ് എന്നീ നീലകളിലും മോണ്‍സീഞ്ഞോര്‍ വടക്കുംതല കഴിവുകള്‍ പ്രകടമാക്കിയിട്ടുണ്ട്.

വത്തിക്കാന്‍ റേഡിയോയുടെ പ്രാര്‍ത്ഥനനിറഞ്ഞ ആശംസകള്‍!








All the contents on this site are copyrighted ©.