2014-03-19 18:25:44

രാഷ്ട്രീയ സംവാദമല്ല
ലക്ഷൃം വിശ്വസാഹോദര്യം


19 മാര്‍ച്ച് 2014, റോം
പാപ്പാ ബര്‍ഗോളിയോ അടിസ്ഥാനപരമായും സ്നേഹമുള്ള വ്യക്തിത്വത്തിന്‍റെ ഉടമായണെന്ന്, ബ്യൂനസ് ഐരസില്‍ എട്ടു വര്‍ഷക്കാലം കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയുടെ വക്താവും സുഹൃത്തുമായിരുന്ന ഗ്വിലേര്‍മോ മാര്‍ക്കോ പ്രസ്താവിച്ചു. സ്നേഹമുള്ള പെരുമാറ്റ രീതിയും വിനയഭാവവുമാണ് പാപ്പാ ബര്‍ഗോളിയോയുടെ വ്യക്തിത്വത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ വശമെന്ന്, ബ്യൂനസ് ഐരസ് അതിരൂപതാ വക്താവും, അറിയപ്പെട്ട മാധ്യമപ്രവര്‍ത്തകനുമായ മാര്‍ക്കോ പങ്കുവച്ചു.

പാപ്പായുടെ വിശുദ്ധനാടു സന്ദര്‍ശനത്തിനുള്ള വത്തിക്കാന്‍റെ ഡെലഗേഷനില്‍ തന്നെ ഉള്‍പ്പെടുത്തിയത് വ്യക്തിപരമായി അറിയുന്നതുകൊണ്ടാണെന്നും, തന്‍റെ കാര്യക്ഷമത മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടുമാണെന്ന് മാര്‍ക്കോ വ്യക്തമാക്കി. പാപ്പാ സന്ദര്‍ശിക്കാന്‍ പോകുന്ന ബെതലഹേം, ജരൂസലേം, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ച്ചെന്ന് പരിപാടികള്‍ ക്രമപ്പെടുത്തിയെന്നും, പലസ്തീനിയന്‍ അധികാരികളുമായും ഇസ്രായേലിന്‍റെ പ്രധാനമന്ത്രി ശീമോണ്‍ പേരെസ്സുമായും കൂടിക്കാഴ്ചകള്‍ നടത്തി സന്ദര്‍ശന ക്രമങ്ങള്‍ ചിട്ടപ്പെടുത്തിയെന്നും ഗ്വിലേര്‍മോ മാര്‍ക്കോ അഭിമുഖത്തില്‍ വിവരിച്ചു.

രാഷ്ട്രീയ ചര്‍ച്ചകളോ, ദൈവശാസ്ത്ര സംവാദമോ ലോകത്ത് അവതരിപ്പിക്കുവാനല്ല എവിടെയും പാപ്പാ ബര്‍ഗോളിയോ ആഗ്രഹിക്കുന്നതെന്നും, സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശം പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്‍റെ പരമമായ ലക്ഷൃമെന്നും ഗ്വിലേര്‍മോ മാര്‍ക്കോ വത്തിക്കാന്‍റെ ദിനപത്രം, ‘ലൊസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരി 29-ാം രാത്രി 9 മണിക്ക് തന്‍റെ ടെലിഫോണ്‍ മന്ത്രിച്ചത് ജന്മദിനാശംസകള്‍ നേരുവാനുള്ള പാപ്പാ ബര്‍ഗോളിയോയുടെ ‘വിളി’യായിരുന്നെന്ന് ഒരിക്കലും കരുതിയില്ലെന്നും, പിന്നീട് ഫെബ്രുവരിയില്‍ വത്തിക്കാനില്‍ വന്ന് പാപ്പായെ നേരില്‍ കാണ്ട് ഒരു മണിക്കൂര്‍ വ്യക്തിപരമായി സംസാരിക്കാന്‍ വത്തിക്കാനിലെത്തിയപ്പോള്‍ മൂന്നു സെക്യൂരിറ്റി കടമ്പകള്‍ കടക്കേണ്ടിവന്നതും മാര്‍ക്കോ സന്തോഷപൂര്‍വ്വം അഭിമുഖത്തില്‍ പങ്കുവച്ചു.
സ്ഥാനോരോഹണത്തിന്‍റെ പ്രഥമ വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പായെ വളരെ അടുത്തറിയുന്ന, ബ്യൂനസ് ഐരസ് അതിരൂപതാ വക്താവ് ഗ്വിലേര്‍മോ മാര്‍ക്കോ അനുഭവങ്ങള്‍ തുറന്നു പങ്കുവച്ചത്.








All the contents on this site are copyrighted ©.