2014-03-18 17:31:22

സിനഡു സമ്മേളനത്തിന്‍റെ അധ്യക്ഷൻമാർ


17 മാർച്ച് 2014, വത്തിക്കാൻ
‘സുവിശേഷവത്ക്കരണ പാതയില്‍ കുടുംബങ്ങളുടെ വെല്ലുവിളികള്‍,’ എന്ന വിഷയം ആസ്പദമാക്കി ഒക്ടോബർ മാസത്തിൽ വത്തിക്കാനിൽ നടക്കുന്ന സിനഡു സമ്മേളനത്തിന് മേൽനോട്ടം വഹിക്കാൻ മൂന്ന് അധ്യക്ഷൻമാരെ (Presidents-Delegates) മാർപാപ്പ നിയമിച്ചു. പാരീസ് അതിരൂപതാധ്യക്ഷൻ കർദിനാൾ ആൻഡ്രേ വിങ്ക് ത്രോയി, ഫീലിപ്പീൻസിലെ മാനില അതിരൂപതാധ്യക്ഷൻ കർദിനാൾ അന്തോണിയോ ലൂയീസ് താഗ്ലെ, ബ്രസീലിലെ അപെരെസിദാ അതിരൂപതാധ്യക്ഷൻ കർദിനാൾ റെയ്മണ്ട് ഡമാഷേനോ അസീസ് എന്നിവരേയാണ് പാപ്പ സിനഡു സമ്മേളനത്തിന്‍റെ അദ്ധ്യക്ഷൻമാരായി നിയമിച്ചിരിക്കുന്നത്.
സിനഡു സമ്മേളനം ഒക്ടോബർ 5 മുതൽ 19 വരെ വത്തിക്കാനിൽ നടക്കും.
മെത്രാൻമാരുടെ സിനഡിന്‍റെ മൂന്നാമത്തെ അസാധാരണ സമ്മേളനമാണ് ഫ്രാൻസിസ് മാർപാപ്പ വിളിച്ചു കൂട്ടുന്നത്. പൗരസ്ത്യ കത്തോലിക്കാ സഭാ സമൂഹങ്ങളുടെ തലവൻമാർ, ദേശീയ മെത്രാൻ സമിതി അദ്ധ്യക്ഷൻമാർ, മൂന്ന് സന്ന്യസ്ത സമൂഹങ്ങളുടെ സുപ്പീരിയർമാർ, റോമൻ കൂരിയായിലെ കാര്യാലയങ്ങളുടെ മേലധ്യക്ഷൻമാർ എന്നിവരാണ് മെത്രാൻമാരുടെ സിനഡിന്‍റെ പ്രത്യേക സമ്മേളനത്തിൽ സംബന്ധിക്കുക.
‘പരിശുദ്ധ സിംഹാസനവും ദേശീയ മെത്രാന്‍ സമിതികളും’ എന്ന വിഷയം കേന്ദ്രീകരിച്ച് 1969 ല്‍ പോള്‍ ആറാമന്‍ മാർപാപ്പയാണ് മെത്രാന്മാരുടെ ആദ്യമായി മെത്രാൻമാരുടെ സിനഡിന്‍റെ അസാധാരണ സമ്മേളനം വിളിച്ചുകൂട്ടിയത്.
1985ൽ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു രണ്ടാമതായി അസാധാരണ സിനഡ് സമ്മേളനം നടന്നത്.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.