2014-03-18 17:32:01

നോമ്പുകാലം മാനസാന്തരത്തിനുള്ള ക്ഷണം


18 മാർച്ച് 2014, വത്തിക്കാൻ
നോമ്പുകാലം മാനസാന്തരത്തിനുള്ള ക്ഷണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ചൊവ്വാഴ്ച രാവിലെ പ.കുർബ്ബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. ജീവിതം പുനരുദ്ധരിക്കാനും, ഹൃദയ പരിവർത്തനത്തിലൂടെ ദൈവത്തോട് കൂടുതൽ അടുക്കാനുമുള്ള അവസരമാണ് തപസ്സുകാലം. കർത്താവിൽ നിന്ന് അകന്നിരിക്കുന്നവരുടെ അടയാളം കപടനാട്യമാണെന്ന് പറഞ്ഞ പാപ്പ, സ്വയം മേന്മനടിച്ച്, അന്യരേക്കാൾ മെച്ചപ്പെട്ടവരാണ് തങ്ങൾ എന്ന ഭാവത്തിൽ കഴിയുന്നവരാണ് അത്തരക്കാരെന്നും വ്യക്തമാക്കി. കപടനാട്യക്കാർക്ക് ദൈവത്തെ ആവശ്യമില്ല, സ്വയം രക്ഷിക്കാൻ കഴിവുണ്ടെന്ന് കരുതുന്നവരാണവർ.

കർത്താവിനോട് അടുത്തു നിൽക്കുന്നവർ നന്മ പ്രവർത്തിക്കുന്നവരും, നീതിമാൻമാരും, അനാഥരേയും വിധവകളേയും ശുശ്രൂഷിക്കുന്നവരുമായിരിക്കുമെന്ന് വിശുദ്ധ ഗ്രന്ഥ ഭാഗം (ഏശയ്യ 1:17) ഉദ്ധരിച്ചുകൊണ്ട് പാപ്പ പ്രസ്താവിച്ചു. സ്വന്തം പാപങ്ങളെപ്രതി അനുതപിച്ച്, ക്ഷമയാചിച്ച് ദൈവത്തോട് അടുക്കുന്നവർ സഹോദരന്‍റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ശുശ്രൂഷിക്കും. സ്വന്തം ആന്തരീകാവസ്ഥ മനസിലാക്കാൻ വേണ്ട പ്രകാശവും ഹൃദയ പരിവർത്തനത്തിനുള്ള കരുത്തും ദൈവം നമുക്കു നൽകുന്നുണ്ട്. ദൈവത്തോടൊപ്പം ആയിരിക്കുന്നത് അതിമനോഹരമായ അനുഭവമാണെന്നും മാർപാപ്പ സഭാംഗങ്ങളെ ഓർമ്മിപ്പിച്ചു.

Reported: Vatican Radio, T.G







All the contents on this site are copyrighted ©.