2014-03-18 17:31:40

ദൈവാനുഭവം സുവിശേഷ പ്രഘോഷണത്തിന്‍റെ യഥാർത്ഥ അടിസ്ഥാനം: പാപ്പാ ഫ്രാൻസിസ്


18 മാർച്ച് 2014, വത്തിക്കാൻ
ദൈവാനുഭവം സുവിശേഷപ്രഘോഷണത്തിന്‍റെ യഥാർത്ഥ അടിസ്ഥാനമെന്ന് മാർപാപ്പ. ആദ് ലിമിന സന്ദർശനത്തിനെത്തിയ ഈസ്റ്റ് ടിമോറിലെ കത്തോലിക്കാ മെത്രാൻമാർക്കു നൽകിയ സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം പരാമർശിച്ചത്. ഈസ്റ്റ് ടിമോറിൽ സുവിശേഷവത്കരണം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് മെത്രാൻമാരോട് സംസാരിച്ച മാർപാപ്പ, ആർദ്രതയാണ് സുവിശേഷപ്രഘോഷണത്തിന്‍റെ ഭാഷയെന്ന് അവരെ ഓർമ്മിപ്പിച്ചു. മുറിപ്പെട്ട മനുഷ്യരുടെ ലോകത്ത് സുവിശേഷപ്രഘോഷണത്തിനായി ഇറങ്ങിച്ചെല്ലുമ്പോൾ, അവരുടെ വേദന മനസിലാക്കാനും സ്നേഹപൂർവ്വം അവരെ ശുശ്രൂഷിക്കാനും സഭ സന്നദ്ധയായിരിക്കണം. സുവിശേഷത്തിന്‍റെ ആനന്ദം എന്ന അപ്പസ്തോലിക ആഹ്വാനത്തിൽ സൂചിപ്പിക്കുന്ന ‘ആർദ്രതയുടെ വിപ്ലവം’ യാഥാർത്ഥ്യവത്കരിക്കാൻ പാപ്പ മെത്രാൻമാരെ ക്ഷണിച്ചു. സുവിശേഷവത്കരണത്തിന് മികച്ച പരീശിലനം സഭിച്ച വൈദികരും സമർപ്പിതരും അൽമായരും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. അതേസമയം, യോഗ്യതയുള്ള സുവിശേഷപ്രഘോഷകർക്കു മാത്രം സാധ്യമാകുന്ന ഒന്നല്ല സുവിശേഷപ്രഘോഷണമെന്നും പാപ്പ നിരീക്ഷിച്ചു. ഗാഢമായ ദൈവാനുഭവം ലഭിച്ച ഒരു വ്യക്തിക്ക് നീണ്ട പരിശീലനമോ ദൈർഘ്യമേറിയ ക്ലാസുകളോ ആവശ്യമായിരിക്കില്ല. യേശുക്രിസ്തുവിൽ ദൈവസ്നേഹം അനുഭവിച്ചറിയുന്നതാണ് ഓരോ ക്രിസ്ത്യാനിയേയും പ്രേഷിതനാക്കി മാറ്റുന്നതെന്നും പാപ്പ പ്രസ്താവിച്ചു.


Reported: Vatican Radio, T.G







All the contents on this site are copyrighted ©.