2014-03-18 09:09:19

അലയുന്ന ജനത (79)
പുറപ്പാടു തീരുന്നില്ല


RealAudioMP3
ഇസ്രായേല്‍ ദൈവത്തോടു കാണിച്ച അവിശ്വസ്തത മൂലമാണ് അവര്‍ ശിക്ഷിക്കപ്പെട്ടത്, അലഞ്ഞുതിരിയേണ്ടി വന്നത്. വിളിച്ച ദൈവത്തെ മറന്ന്, അവര്‍ വാര്‍ത്തുണ്ടാക്കിയ സ്വര്‍ണ്ണക്കാളക്കുട്ടി ഇസ്രായേലിനെ കീഴ്പ്പെടുത്തിയ തിന്മകളുടെയും പാപത്തിന്‍റെയും പ്രതീകമായിരുന്നു. ദൈവം അതിനു നല്കിയ ശിക്ഷ ഇസ്രായേല്യര്‍ക്ക് കനത്ത പ്രഹരവുമായിരുന്നു. ഇങ്ങനെ പിറുപിറുക്കലും വിഗ്രഹാരാധനയിലേയ്ക്കുള്ള ഊര്‍ന്നിറങ്ങലും ഉണ്ടായെങ്കിലും - യാവേയാണ് തങ്ങളുടെ ദൈവമെന്ന് ഇസ്രായേലിന് അറിയാമായിരുന്നു. അവിടുന്നു വിളിച്ച്, തിരഞ്ഞെടുത്ത ജനതയാണ് തങ്ങളെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു.

Exodus I sl. 1a ഇസ്രായേലെ നയിപ്പവന്‍ മോശയെങ്കിലും
ദൈവാത്മാവിലൂടെ തന്‍റെ ജനത്തെ നയിച്ചവന്‍
ഹാരാനിലൂടെയും കാനാനിലൂടെയും
തന്‍റെ ജനത്തെ വിളിക്കുന്നു ദൈവം
ഈ ലോകത്തെ നയിക്കുന്നു, കാക്കുന്നു.


എങ്കിലും മാനുഷികമായ ബലഹീനതകള്‍ എപ്പോഴും അവരെ തിന്മയില്‍ വീഴിക്കുകയും, ദൈവത്തില്‍നിന്ന് അകന്നുപോകുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. പാപങ്ങളെപ്രതി ദൈവം നല്കിയ ശിക്ഷകള്‍, അതിനാല്‍ തങ്ങള്‍ അര്‍ഹിക്കുന്നതാണെന്ന് ജനം എപ്പോഴും മനസ്സിലായിരുന്നു. വാഗ്ദത്ത നാട്ടിലേയ്ക്ക് ഈ തലമുറ എത്തുകയില്ലെങ്കിലും, പിതാക്കന്മാരോട് ദൈവം വാഗ്ദാനപ്രകാരം ‘തേനും പാലുമൊഴുകുന്ന നാട്ടില്‍’ പ്രവേശിക്കാന്‍ തങ്ങളുടെ മക്കള്‍ക്ക് ഭാഗ്യമുണ്ടാകുമെന്ന് ഇസ്രായേല്‍ വിശ്വസിച്ചു. വരുംതലമുറകള്‍ക്ക് ദൈവം നല്കാന്‍ പോകുന്ന സമൃദ്ധിയുടെ നാട്ടിലെ വാസം ദൈവിക ദാനവും രക്ഷയുടെ പദ്ധതിയുമായി സ്വീകരിച്ചുകൊണ്ട് പിന്നെയും പ്രത്യാശയോടെ ജനം പുറപ്പാടു തുടര്‍ന്നു.

Exodus I sl. 4d കേഴുന്നൂ ദൈവജനം രക്ഷയ്ക്കായ്
കേള്‍ക്കുന്നൂ രോദനം ഒരു ജനത്തില്‍ പ്രരോദനം
രക്ഷകാ, രക്ഷകാ, എന്നു നീ വരും
രക്ഷകാ, എന്നു നീ വരും....

മണലാരണ്യത്തില്‍ കഴിച്ചുകൂട്ടിയ അലഞ്ഞുതിരിയലിന്‍റെ കാലഘട്ടത്തില്‍ ജനം അനുഭവിച്ച അരിഷ്ടതകള്‍ അവരെ രൂപപ്പെടുത്തുവാനും ശുദ്ധിചെയ്ത് അവരെ വിശ്വസ്ത ജനതയാക്കുവാനുമുള്ള ദൈവികപദ്ധതിയായിരുന്നു. യാക്കോബിന്‍റെ പന്ത്രണ്ടു മക്കളുടെ സന്താനപരമ്പര മോശയുടെ നേതൃത്വത്തില്‍ ദൈവജനമായി രൂപപ്പെടുന്നത് അങ്ങനെയാണ്. സീനായ് മലയുടെ അടിവാരത്തില്‍ ദൈവം തന്‍റെ ജനവുമായിചെയ്ത ഉടമ്പടിയോടെയാണ് ഇസ്രായേല്‍ യഥാര്‍ത്ഥത്തില്‍ ദൈവജനമായിത്തീരുന്നത്. ഏകദൈവത്തിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ്, ദൈവപ്രമാണങ്ങള്‍ക്ക് അനുസൃതമായി സഹോദരബന്ധിയായൊരു ജീവിതം നയിക്കുവാന്‍ അങ്ങനെ അവര്‍ പ്രതിജ്ഞാബദ്ധരായിത്തീര്‍ന്നു. ഇസ്രായേല്‍ ജനതയുടെ മതാത്മകമായ ജീവിതവും, ഹെബ്രായ മതംതന്നെയും അങ്ങനെയാണ് ചരിത്രത്തില്‍ ഉടലെടുക്കുന്നത്.

Exodus IV sl. 17 ആദിയില്‍ ദൈവത്തോടൊത്തു വസിച്ചൊരു
നാദസ്വരൂപമേ, വിശ്വവിജ്ഞാനമേ,
പൃഥ്വിയെ സൃഷ്ടിച്ചു പാലിച്ചു പോരുന്ന
ത്രിത്വൈക ദൈവമേ, തവഗീതിപാടാം ഞങ്ങള്‍
തവീഗിതി പാടാം.


ഇസ്രായേല്‍ ജനതയുടെ മതാത്മ ജീവിതത്തിന്‍റെ വേരുകള്‍ നൂറ്റാണ്ടുകള്‍ക്കപ്പുറം ഇറങ്ങിച്ചെന്നിട്ടുള്ളതാണ്. തന്‍റെ ജനത്തിന് അടിമത്വത്തില്‍നിന്നും പുറപ്പാട് ഒരുക്കിയ
ദൈവം അബ്രഹാമിന്‍റെ ദൈവമാകുന്നു. യാക്കോബിന്‍റെ ദൈവമാകുന്നു. ഇസഹാക്കിന്‍റെയും ദൈവമാകുന്നു! ദൈവവും ജനവും തമ്മിലുള്ള രക്ഷണീയബന്ധമാണ് ഇസ്രായേല്യരുടെ
മതാത്മക ജീവിതം വെളിപ്പെടുത്തുന്നത്.

ഒരു തലമുറ മരിച്ചുവീഴുംവരെ മണലാരണ്യത്തില്‍ക്കൂടി അലഞ്ഞുനടക്കുക, എന്നത് ദൈവത്തോടുള്ള അവിശ്വസ്തതകൊണ്ടും തങ്ങളുടെ പാപങ്ങളെപ്രതിയും അവര്‍ ഏറ്റെടുക്കേണ്ടിവന്ന ശിക്ഷയായിരുന്നു. പക്ഷെ, അവിടവിടെ തമ്പടിച്ചുകൊണ്ടുള്ള മരുപ്രദേശത്തൂടെയുള്ള യാത്ര - ഭക്ഷണമില്ലായ്മ, ജലക്ഷാമം, ഇടയ്ക്കിടയ്ക്കുണ്ടായ ശത്രുഗോത്രങ്ങളുടെ ആക്രമണം – ഇവയെല്ലാംകൊണ്ട് അസംതൃപ്തിയുടെയും അവിശ്വസ്തയുടെയും പ്രകടനങ്ങള്‍ അവരുടെ ജീവിതത്തില്‍ തിന്മയായി പൊന്തിവന്നു.
തങ്ങളെ വിളിച്ച ദൈവത്തോട് അവര്‍ പിന്നെയും അകന്നു ജീവിച്ചു.

Exodus III, sl. 6 അവിശ്വസിച്ചൂ ജനം കര്‍ത്താവിന്‍ കരുത്തതില്‍
ഇടറിവീണവര്‍ തിന്മതന്‍ പാതയില്‍
മാസായിലും മെരീബായിലും അപഹസിച്ചവര്‍ മോശയെ
പരിഹസിച്ചവര്‍, പിറുപിറുത്തവര്‍ നിന്ദ്യമായ്

മരുപ്രദേശത്തെ താമസത്തിനിടയില്‍ ജനം ക്ഷീണിച്ച് നിരാശരായി. മലരാണ്യത്തിലെ ക്ലേശകരമായ വാസം, മെല്ലെ ദൈവത്തോടുള്ള അകല്‍ച്ചയും പിരുപിറുക്കലായി പ്രത്യക്ഷപ്പെട്ടു.
അവര്‍ ദൈവത്തിനും മോശയ്ക്കും എതിരായി സ്വരമുയര്‍ത്തി.
അത് സമൂഹജീവിതത്തില്‍ തിന്മയായി അനുദിനം പ്രതിഫലിച്ചു.
എന്നിട്ടും, തന്‍റെ ജനത്തെ തിരുത്തുവാനും തിരികെ വിളിക്കുവാനും ദൈവം മാര്‍ഗ്ഗമൊരുക്കി. ആ നാളുകളില്‍ അവരുടെ കൂടാരങ്ങളിലേയ്ക്ക് കറുത്ത വിഷസര്‍പ്പങ്ങള്‍ ഇഴഞ്ഞു കയറി. സര്‍പ്പധ്വംസനമേറ്റവര്‍ മരണമടഞ്ഞു. പിന്നെയും ഒത്തിരിപേര്‍ വിഷബാധയില്‍ വേദനിക്കുകയും രോഗഗ്രസ്ഥരാവുകയും ചെയ്തു (സംഖ്യ 21).

Exodus III, sl. 7 ജനമേ, കേള്‍പ്പൂ ഞാന്‍ നിങ്ങടെ രോദനം
നിന്ദ്യമാം പ്രരോദനം
എങ്കിലും നല്കും ഞാന്‍ നിങ്ങള്‍ക്കു ഭോജനം
എന്‍ മാംസവും മന്നയും
അപ്പോള്‍ അറിയും നിങ്ങളെന്നെ കര്‍ത്താവെന്ന്,
നിത്യനാം ദൈവമെന്ന്.

ഇസ്രായേല്യര്‍ക്കു മനസ്സിലായി തങ്ങളെ അലട്ടുന്ന സര്‍പ്പകോപം പാപങ്ങള്‍ക്കുള്ള ദൈവശിക്ഷയാണെന്ന്. അവര്‍ അനുതാപത്തോടെ ദൈവത്തിലേയ്ക്കു തിരിഞ്ഞു. ‘തങ്ങള്‍ക്കുവേണ്ടി യാവോയോട് മാപ്പിരക്കണമേ’ എന്ന് ജനം മോശയോട് കേണപേക്ഷിച്ചു. മോശ അപ്പോള്‍ വിനയാന്വിതനായി ദൈവസമക്ഷം ജനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു.

Exodus III, sl. 1 നല്കണേ ദൈവമേ, മോചനം പൂര്‍ണ്ണമോചനം
നില്ക്കണേ കാവലായ് രക്ഷതന്‍ പാതയില്‍
പാടുന്നൂ തവമഹത്വമെന്നും ദൈവമേ,
പുകഴ്ത്തുന്നു ഞങ്ങള്‍ തവനാമമെങ്ങും.

ജനത്തിന്‍റെ നിലവിളി ദൈവം ശ്രവിച്ചു. അവിടുന്ന് മോശയോട് ആജ്ഞാപിച്ചു.
“മോസസ്, മോസസ്, ഒരു പിത്തളസര്‍പ്പത്തെ ഉണ്ടാക്കി മരുപ്രദേശത്തു നാട്ടുക. സര്‍പ്പധ്വംസനമേറ്റവര്‍ അനുതാപത്തോടെ അതിനെ നോക്കട്ടെ. അപ്പോള്‍ രക്ഷപ്രാപിക്കും.” അപ്പോള്‍ മോശ ജനനേതാക്കളെ വിളിച്ച് ദൈവം ആജ്ഞാപിച്ചതുപോലെ പ്രവര്‍ത്തിച്ചു.
ജനം തങ്ങളുടെ കൂടാരങ്ങള്‍ക്കു വെളിയില്‍വന്ന് മരുഭൂമിയില്‍ ഉയര്‍ത്തിയ പിത്തിളസര്‍പ്പത്തെ നോക്കി. അനുരജ്ഞിതരായി ദൈവസന്നിധിയില്‍ മാപ്പിരന്നവര്‍ സൗഖ്യപ്പെട്ടു, രക്ഷപ്രാപിച്ചു.

Exodus III, sl. 3 കാറ്റുവിതച്ചവന്‍, കടല്‍ പകുത്തു മാറ്റിയവന്‍
കാരുണ്യത്തോടെ തന്‍ ജനത്തെ നയിപ്പവന്‍
തന്‍ കരുത്തിനാല്‍ ജനത്തെ മോചിപ്പവന്‍
കാട്ടിടും കാരുണ്യാതിരേകം തന്‍ കരത്തിനാല്‍

കാലം കടന്നുപോയി. നാല്പതു വര്‍ഷക്കാലം ഇസ്രായേല്‍ ജനം മരുഭൂമിയില്‍ അലഞ്ഞതിന്‍റെ വിവരണങ്ങള്‍ സംഖ്യാപുസ്തകത്തില്‍ നാം വായിക്കുന്നു.

അഹറോന്‍ അന്തരിച്ചു. മോശയുടെ സഹോദരി മറിയവും മരണമടഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനത കാനാന്‍ ദേശം അടുക്കാറായപ്പോഴേയ്ക്കും ഇസ്രായേല്‍ ഇളംപ്രായക്കാരുടെ കൂട്ടമായി മാറിക്കഴിഞ്ഞിരുന്നു. പിതാക്കന്മാരുടെ കഷ്ടതകളും വീഴ്ചകളും കണ്ടിരുന്നതിനാല്‍ അവര്‍ കര്‍ത്താവില്‍ വിശ്വസമര്‍പ്പിക്കാന്‍ പഠിച്ചു. ദൈവം പൂര്‍വ്വപിതാക്കളോടു വാഗ്ദാനംചെയ്ത നാടിനായി പുതിയതലമുറ കാത്തിരുന്നു. അതിനുവേണ്ടി പടപൊരുതുവാനും അവര്‍ സന്നദ്ധരായി നിന്നു. ജനം കാനാന്‍ ദേശത്തോട് അടുത്തു. എന്നാല്‍ ദൈവനിശ്ചയപ്രകാരം മോശ വാഗ്ദത്ത ഭൂമിയില്‍ പ്രവേശിച്ചില്ല. തന്‍റെ പൂര്‍വ്വീകരോടു വാഗ്ദാനംചെയ്ത നാടു ദൈവം മോശയ്ക്കു കാണിച്ചുകൊടുക്കുക മാത്രമാണ് ചെയ്തത്. (നിയമാവര്‍ത്തനം 34, 4).

Exodus III sl. 10 സീനായ് മരുപ്പച്ച താണ്ടെ അന്നൊരുനാള്‍
മോശതന്‍ സ്മരണയില്‍ തെളിയുന്നൂ സേന്ഹമായ്
ജെത്രോയില്‍ കുലവും കുടുംബവും
കര്‍ത്താവു കാട്ടിയ കൃപതന്‍ കേതാരമായ്.

മോശയുടെ മരണം വിവരിക്കുന്ന അടുത്ത ഭാഗത്തോടെ വത്തിക്കാന്‍ റോഡിയോയുടെ പുറപ്പാടുപരമ്പര സമാപിക്കുകയാണ്. തുടര്‍ന്ന് ‘സങ്കീര്‍ത്തനങ്ങളെ’ക്കുറിച്ചുള്ള പരമ്പര ആരംഭിക്കും.









All the contents on this site are copyrighted ©.