2014-03-17 17:09:12

ചേരികളിലെത്തിയ പേപ്പൽ സന്ദേശം


17 മാർച്ച് 2014, വത്തിക്കാൻ
ബ്യൂനെസ് എയിരെസിലെ ചേരിപ്രദേശത്തെ ജനങ്ങളോട് ഫ്രാൻസിസ് പാപ്പായുടെ സ്നേഹ സംവാദം. ബാഹോ ഫ്ലോരെസ് എഫ്.എം റേഡിയോയ്ക്ക് മാർപാപ്പ അനുവദിച്ച വീഡിയോ അഭിമുഖം പേപ്പൽ തിരഞ്ഞെടുപ്പിന്‍റെ പ്രഥമ വാർഷികമായ മാർച്ച് 13നാണ് റേഡിയോ പ്രക്ഷേപണം ചെയ്തത്. ബ്യൂനെസ് എയിരെസ് അതിരൂപതാധ്യക്ഷനായിരിക്കുമ്പോൾ പാപ്പ പതിവായി സന്ദർശിക്കാറുള്ള സ്ഥലങ്ങളിലൊന്നാണ് ഈ ചേരിപ്രദേശം. ചേരികളിലെ തന്‍റെ പ്രിയപ്പെട്ട ജനത്തോട് സ്നേഹാശംസകൾ അറിയിച്ച പാപ്പ, കത്തോലിക്കാ സഭയുടെ ജീവ കാരുണ്യ പ്രവർത്തികൾ, സാമൂഹ്യ പ്രതിബദ്ധത, ദാരിദ്ര്യാരൂപി തുടങ്ങിയ വിഷയങ്ങെക്കുറിച്ച് അവരോട് സംവദിച്ചു. ഇളം തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നൽകി, ഉത്തമ പൗരൻമാരായി അവരെ വളർത്തിക്കൊണ്ടുവരേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ അവരെ ഉത്ബോധിപ്പിച്ചു. ചേരികളിൽ വൈദികരുടെ ശുശ്രൂഷ, പ്രത്യയശാസ്ത്രപരമല്ലെന്നും അതൊരു അപ്പസ്തോലിക ശുശ്രൂഷയാണെന്നും മാർപാപ്പ വിശദീകരിച്ചു. ചേരികളിൽ ശുശ്രൂഷചെയ്യുന്ന വൈദികർ കമ്മ്യൂണിസ്റ്റുകാരല്ല, ദൈവജനത്തെ ശുശ്രൂഷിക്കുകയും അവർക്ക് നീതി ലഭ്യമാക്കാൻ പേരാടുകയും ചെയ്യുന്ന പുരോഹിതരാണ് അവരെന്നും പാപ്പ പ്രസ്താവിച്ചു. ദാരിദ്ര്യാരൂപിയെക്കുറിച്ച് പരാമർശിക്കവേ, അന്യരെ സഹായിക്കാനും ശുശ്രൂഷിക്കാനും തയ്യാറാകുന്നതുപോലെ, മറ്റുള്ളവരുടെ സഹായം സ്വീകരിക്കാനുള്ള സന്നദ്ധതയും അനിവാര്യമാണെന്ന് പാപ്പ അവരെ ഉത്ബോധിപ്പിച്ചു.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.