2014-03-17 17:09:56

ക്ഷമയും കാരുണ്യവും സമാധാനത്തിന്‍റെ മാർഗ്ഗം


17 മാർച്ച് 2014, വത്തിക്കാൻ
ക്ഷമയും കാരുണ്യവും സമാധാനത്തിലേക്കു നയിക്കുന്ന മാർഗമെന്ന് മാർപാപ്പ. മാർച്ച് 17ന് (തിങ്കളാഴ്ച) രാവിലെ സാന്താമാർത്താ മന്ദിരത്തിലെ കപ്പേളയിൽ അർപ്പിച്ച പ.കുർബ്ബാനയിൽ വചന സന്ദേശം നൽകുകയായിരുന്നു പാപ്പ. “നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:36) എന്ന സുവിശേഷ വാക്യം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ വചനസമീക്ഷ. പരസ്പര ധാരണയും കാരുണ്യവും മാനുഷിക ഗുണങ്ങളാണ്. അതേസമയം കാരുണ്യത്തിന്‍റെ മനോഭാവം സ്വായത്തമാക്കാൻ എളുപ്പമല്ല. അന്യരെ വിധിക്കാനുള്ള പ്രവണതയാണ് നമ്മിൽ മുന്നിട്ടു നിൽക്കുന്നത്. “നിങ്ങൾ വിധിക്കരുത്;നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്കപ്പെടുകയില്ല, ക്ഷമിക്കുവിൻ; നിങ്ങളോടും ക്ഷമിക്കപ്പെടും. കൊടുക്കുവിൻ. നിങ്ങൾക്കും കിട്ടും. അമർത്തിക്കുലുക്കി നിറച്ചളന്ന് അവർ നിങ്ങളുടെ മടിയിൽ ഇട്ടുതരും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടു തന്നെ നിങ്ങൾക്കും അളന്നു കിട്ടും.” (ലൂക്കാ 6:37-38). സ്വന്തം വീഴ്ച്ചകൾ അംഗീകരിച്ച് അവയെപ്രതി ക്ഷമ ചോദിക്കാൻ നാം തയ്യാറാകണം. ‘ഞാനൊരു പാപിയാണ്’ എന്ന് സ്വയം ഏറ്റുപറയണം. കൊലപാതകം പോലെയുള്ള ഗുരുതരമായ പാപങ്ങൾ ചെയ്യുന്നില്ലെങ്കിലും നമ്മുടെ അനുദിന ജീവിതത്തിൽ ചെറിയ വീഴ്ച്ചകൾ സംഭവിക്കുന്നുണ്ട്. അവയെപ്രതി നാം ദൈവത്തോട് ക്ഷമ യാചിക്കണം. അനുതാപത്തിന്‍റെ ഈ മനോഭാവം നമ്മെ കരുണയുള്ളവരാക്കുമെന്ന് മാർപാപ്പ ഉത്ബോധിപ്പിച്ചു.

കരുണയുള്ളവരായിരിക്കാൻ ഹൃദയ വിശാലതയും ഉദാരതയും അനിവാര്യമാണ്. സ്വാർത്ഥവും സങ്കുചിതവുമായ ഹൃദയത്തിൽ കാരുണ്യത്തിന് ഇടമുണ്ടായിരിക്കില്ല. വിശാലഹൃദയമുള്ളവർ അന്യരെ കുറ്റപ്പെടുത്താതെ, അവരോട് ക്ഷമിക്കുകയും അവരുടെ തെറ്റുകൾ മറന്നുകളയുകയും ചെയ്യും. എല്ലാവരും, വ്യക്തികളും, കുടുംബങ്ങളും, സമുദായങ്ങളും, ജനതകളും കാരുണ്യത്തിന്‍റെ ഈ മാർഗത്തിലൂടെ ചരിക്കുകയാണെങ്കിൽ ലോകത്തിൽ സമാധാനമുണ്ടാകും! കാരുണ്യം നമ്മെ സമാധാനത്തിലേക്കു നയിക്കുന്നതുമൂലം മനുഷ്യ ഹൃദയത്തിലും ലോകത്തിലും സമാധാനമുണ്ടാകും. ‘അന്യനെ വിധിക്കാൻ ഞാനാരാണ്’ എന്ന് സ്വയം ചോദിച്ചുകൊണ്ട് സ്വന്തം പാപങ്ങളെപ്രതി പശ്ചാതപിക്കാൻ ജനത്തെ ക്ഷണിച്ച പാപ്പ, ഹൃദയ വിശാലതയും കാരുണ്യവും ഉള്ളവരായിരിക്കാനുള്ള കൃപ ദൈവം അവർക്ക് നൽകട്ടേയെന്നും ആശംസിച്ചു.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.