2014-03-14 16:31:15

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഥമവർഷം:


ആഗോള സഭയിലെ 266ാമത്തെ മാർപാപ്പയായി കർദിനാൾ ഹോര്‍ഹെ മരിയോ ബര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വർഷമാകുന്നു. പാപ്പാ ഫ്രാൻസിസിന്‍റെ പ്രഥമ വർഷത്തെ ചില പ്രധാന സംഭവങ്ങളും പേപ്പൽ സന്ദേശങ്ങളും കേൾക്കാം ഈ പരിപാടിയിൽ : RealAudioMP3

പാപ്പാ ബനഡിക്ട് 16-ാമന്‍റെ ചരിത്ര സംഭവമായ സ്ഥാനത്യാഗത്തെ തുടര്‍ന്ന്, ഒരു വര്‍ഷം മുന്‍പ് 2013 മാര്‍ച്ച 13-ാം തിയതിയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ പാപ്പാ സ്ഥാനത്തേയ്ക്ക്, പത്രോസിന്‍റെ 265-ാമത്തെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ചരിത്രത്തിലെ ‘ദരിദ്രനായ വിശുദ്ധന്‍,’ അസ്സീസിയിലെ ഫ്രാന്‍സിസിന്‍റെ നാമം സ്വീകരിച്ചതുതന്നെ കര്‍ദ്ദിനാള്‍ ബര്‍ഗോളിയോയുടെ വ്യക്തിജീവിതത്തിലെ ലാളിത്യത്തിന്‍റെയും എളിമയുടെയും അമ്പരപ്പിക്കുന്ന അടയാളമായിരുന്നു.

തിരഞ്ഞെടുപ്പിനുശേഷം മാര്‍ച്ച് 13-ന്‍റെ സായാഹ്നത്തില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മട്ടുപ്പാവില്‍ ലോകത്തെയും റോമാ നിവാസികളെയും ആദ്യമായി അഭിസംബോധ ചെയ്തശേഷം, പുതിയ പാപ്പായെ കാണാന്‍ അവിടെ സംഗമിച്ച ജനസഹസ്രങ്ങളോട് വിനയാന്വിതനായി, ‘നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം’ എന്ന് പാപ്പാ ബര്‍ഗോളിയോ അഭ്യര്‍ത്ഥിച്ചു.

പാപ്പായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ നാളുകളിൽ തന്നെ, താന്‍ സ്വപ്നം കാണുന്ന ‘പാവങ്ങള്‍ക്കായുള്ള ലാളിത്യമാര്‍ന്ന സഭ’യെക്കുറിച്ച് പാപ്പാ ബര്‍ഗോളിയോ പങ്കുവയ്ക്കുകയുണ്ടായി. ദാരിദ്ര്യത്തിനുള്ള ആഹ്വാനം വാക്കുകളേക്കാളധികമായി പ്രവർത്തികളിലൂടെയാണ് പാപ്പ നൽകിയത്. ലാളിത്യത്തിന്‍റെ ആൾരൂപമായി, വിനയത്തിന്‍റേയും എളിമയുടേയും ഉത്ബോധനങ്ങൾ പാപ്പ സ്വജീവിതത്തിലൂടെ പകർന്നു നൽകിയപ്പോൾ കത്തോലിക്കർ മാത്രമല്ല, ലോകം മുഴുവനം പാപ്പായുടെ വാക്കുകൾക്കായി കാതോർത്തു....

പേപ്പൽ ഭരണത്തിന്‍റെ ഒരുവർഷം പിന്നിടുമ്പോൾ, സഭാ ഭരണത്തിലും സാമ്പത്തിക കാര്യങ്ങളിലും റോമൻ കൂരിയായിലും വിപ്ലവകരമായ മാറ്റങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പ തുടക്കം കുറിച്ചു കഴിഞ്ഞു. പക്ഷേ പരിഷ്കരണ നടപടികളേക്കാൾ , ലളിത ജീവിതശൈലിയും ഹൃദ്യമായ ആശയസംവേദനവുമാണ് പാപ്പായുടെ ജനപ്രീതി വർദ്ധിപ്പിച്ചതെന്നു തോന്നുന്നു...എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാം...എപ്പോള്‍ വേണമെങ്കിലും വരാം. മരപ്പണിശാലയിലോ, കച്ചവടക്കാര്‍ക്കിടയിലോ, ഒരു പറ്റം തീര്‍ത്ഥാടകര്‍ക്കിടയിലോ...തുള്ളിക്കളിക്കുന്ന കുരുന്നുകള്‍ക്കിടയിലോ പാപ്പായെ കാണാം അല്ലെങ്കിൽ അപ്രതീക്ഷിതമായി പാപ്പായുടെ ശബ്ദം ഫോണിലൂടെ കേൾക്കാം, പാപ്പയുടെ കൈപടയിലെഴുതിയ കത്ത് ലഭിച്ചേക്കാം. മാധ്യമപ്രവര്‍ത്തകര്‍ക്കു ചാകര. ടൂറിസ്റ്റുകള്‍ക്ക‍് സര്‍പ്രൈസ്. എവിടെയും മാര്‍പാപ്പയാണ് താരം. മാർപാപ്പയെ കാണാൻ തിങ്ങിക്കൂടുന്നവരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെടുമ്പോൾ. അവരെ തോല്‍പ്പിക്കുന്ന സ്വാതന്ത്ര്യത്തോടെ ആൾക്കൂട്ടത്തിലേക്ക് സസ്നേഹം കടന്നുവന്ന്, കുശലം ചോദിച്ചും, തമാശ പറഞ്ഞും സ്വന്തം കുടുംബക്കാരുടെയിടയിലൂടെ എന്ന പോലെ കടന്നു പോകുന്നൊരു പാപ്പ ഞൊടിയിടയിൽ ലോക മനസിലേക്ക് നടന്നു കയറി. നിരവധി അംഗീകാരങ്ങളും ബഹുമതികളും പുരസ്ക്കാരങ്ങളും പാപ്പായെ തേടിയെത്തി! മതനിരപേക്ഷ മാധ്യമങ്ങൾപോലും പാപ്പായുടെ മുഖചിത്രത്തോടെ പുറത്തിറങ്ങുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുതൽ ചുവർ ചിത്രകാരുവരെ പാപ്പാ ഫ്രാൻസിസിനോടുള്ള ബഹുമാനാദരങ്ങൾ കലാസാഹിത്യ, ലോക നേതാക്കൾ പാപ്പായെ അനുമോദിക്കുന്നു, പ്രാർത്ഥനാ സഹായവും ഉപദേശവും തേടിയെത്തുന്നു.... അങ്ങനെ അവിസ്മരണീമായ ഒരു വർഷം പിന്നിടുമ്പോൾ, ഫ്രാൻസിസ് മാർപാപ്പായുടെ ആദ്യ ഭരണവർഷത്തെ വ്യതിരിക്തമാക്കുന്ന ചില പ്രധാനപ്പെട്ട സംഭവങ്ങള്‍ നമുക്കനുസ്മരിക്കാം.....


പാപ്പായ്ക്ക് സ്നേഹാദരങ്ങളും പ്രാര്‍ത്ഥനാശംസകളും നേരാം!









All the contents on this site are copyrighted ©.