2014-03-13 19:38:55

ജനാഭിമുഖ്യം പാപ്പാ ഫ്രാന്‍സിസിന്‍റെ
അജപാലന ശക്തി


13 മാര്‍ച്ച് 2014, വത്തിക്കാന്‍
ജനാഭിമുഖ്യമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന ശക്തിയെന്ന്, civilta catholica മാസികയുടെ പത്രാധിപര്‍, ഫാദര്‍ ആന്‍റെണി സ്പാദോരോ പ്രസ്താവിച്ചു. മാര്‍ച്ച് 13-ന് അനുസ്മരിച്ച പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രഥമ സ്ഥാനാരോഹണ വാര്‍ഷികം സംബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്
ഈശോ സഭാംഗമായ ഫാദര്‍ സ്പദാരോ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

എല്ലാത്തരക്കാരായ ജനങ്ങളെ കാണുവാനും അവരുമായി സംവദിക്കുവാനും ഇടപഴകുവാനുമുള്ള അഭിനിവേശം പാപ്പാ ഫ്രാന്‍സിസിന്‍റെ അജപാലന വ്യക്തിത്വത്തിന്‍റെ അടിസ്ഥാന ഭാവമാണെന്ന്, പാപ്പായുമായി ആറു മണിക്കൂര്‍ സമയം അഭിമുഖസംഭാഷണം നടത്തിയിട്ടുള്ള ഫാദര്‍ സ്പദാരോ വത്തിക്കാന്‍ റോഡിയോയോട് അഭിപ്രായപ്പെട്ടു.
അപ്പസ്തോലിക അരമനവിട്ട് ‘സാന്താ മാര്‍ത്താ’ ഭവനത്തില്‍ വന്നു പാര്‍ത്തതും, അനുദിനം ജനങ്ങള്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിക്കുവാനും, കൂടിക്കാഴ്ച നടത്തുവാനും താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന പാപ്പാ ഫ്രാന്‍സിസ് തന്‍റെ അജപാലന സ്നേഹവും സാന്നിദ്ധ്യവുമാണ് അവയിലൂടെ വെളിപ്പെടുത്തുന്നതെന്ന് പ്രസ്താവിച്ചു.

സ്ഥാനത്യാഗിയായ പാപ്പാ ബനഡിക്ടിനെ കാണുവാനും, അദ്ദേഹത്തെ സ്വീകരിക്കുവാനും കാണിച്ച താല്പര്യവും, ലാമ്പദൂസായിലെ അഭയാര്‍ത്ഥി സമൂഹത്തിലേയ്ക്കും, ‘കാസാ മാര്‍മോ’യിലെ ജെയില്‍പ്പുള്ളികളുടെ പക്കലേയ്ക്കും, കളിയാരിയിലെ ദുഃഖിതരായ ജനങ്ങളുടെ മദ്ധ്യത്തിലേയ്ക്കും പാപ്പാ നടത്തിയ യാത്രകള്‍ ആടുകളെ തേടിയിറങ്ങുന്ന നല്ലിടയന്‍റെ പ്രതിബിംബമാണ് അദ്ദേഹത്തില്‍ പ്രകാശിപ്പിക്കുന്നതെന്ന് ഫാദര്‍ സ്പദാരോ വ്യക്തമാക്കി.

ഉടനെ സംഭവിക്കാന്‍ പോകുന്ന പാപ്പായുടെ വിശുദ്ധനാടു സന്ദര്‍ശനം, ഏഷ്യിലെ യുവജനങ്ങളെ കാണുവാന്‍ കൊറിയ റിപ്പബ്ലിക്കിലേയ്ക്കുള്ള യാത്ര, എന്നിവ പ്രതിസന്ധികളിലും പതറാത്ത പാപ്പാ ഫ്രാന്‍സിസിന്‍റെ ഇടയസ്നേഹവും പ്രേഷിത തീക്ഷ്ണതയുമാണ് പ്രകടമാക്കുന്നതെന്ന്
ഫാദര്‍ സ്പദാരോ അഭിമുഖത്തില്‍ സമര്‍ത്ഥിച്ചു.

വിവിധ ഭാഷകളില്‍ പ്രസിദ്ധീകൃതമായ My doors are open, ‘എന്‍റെ വാതായനങ്ങള്‍ തുറന്നതാണ്’ എന്ന ചെറുഗ്രന്ഥം ഫാദര്‍ സ്പദാരോ പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ ആറു മണിക്കാര്‍ ദൈര്‍ഘ്യമുള്ള അഭിമുഖമാണ്.








All the contents on this site are copyrighted ©.