2014-03-13 17:51:34

കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് അന്തരിച്ചു
പാപ്പാ അനുശോചിച്ചു


13 മാര്‍ച്ച് 2014, പോര്‍ച്ചുഗല്‍
ലിസ്ബണിന്‍റെ മുന്‍പാത്രിയര്‍ക്കിസ് കര്‍ദ്ദിനാള്‍ പോളികാര്‍പ്പ് അന്തരിച്ചു.

വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ ഹൊസ്സെ ഡിക്രൂസ് പോളിക്കാര്‍പ്പ് ശ്വാസകോശ സംബന്ധിയായ രോഗങ്ങളാല്‍ മാര്‍ച്ച് 12-ാം തിയതി ബുധനാഴ്ച വൈകുന്നേരമാണ് 78-ാംമത്തെ വയസ്സില്‍ ലിസ്ബണില്‍ അന്തരിച്ചത്.

ലിസ്ബണ്‍ പാത്രിയാര്‍ക്കേറ്റിന്‍റെ സഹായമെത്രാന്‍, പിന്നീട് ക്വാജുറ്റോര്‍ മെത്രാന്‍, പോര്‍ച്ചുഗലിന്‍റെ കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനംചെയിതിട്ടുള്ള അദ്ദേഹത്തെ 1998-ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായായിരുന്നു പോര്‍ച്ചുഗലിന്‍റെ 16-ാമത്തെ പാത്രിയര്‍ക്കിസും ലിസ്ബണ്‍ അതിരൂപതാ മെത്രാപ്പോലീത്തയായി നിയോഗിച്ചത്.

നല്ലൊരു അജപാലകന്‍, ആത്മീയനേതാവ്, സാംസ്ക്കാരിക നായകന്‍ എന്നീ നിലകളില്‍ അദ്ദേഹം നിര്‍വ്വഹിച്ച സ്തുത്യര്‍ഹസേവനങ്ങള്‍ പരിഗണിച്ച് പുണ്യശ്ലോകനായ പാപ്പാ വോയ്ത്തീവ തന്നെ ലിസ്ബണിന്‍റെ പാത്രിയാര്‍ക്കിസിനെ 2001-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി.

കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പിന്‍റെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 217-ായി കുറയുകയാണ്. അതില്‍ 120 കര്‍ദ്ദിനാള്ന്മാര്‍ മാത്രമാണ് 80-വയസ്സിനു താഴെ പ്രായവും സഭാഭരണത്തില്‍ വോട്ടവകാശവുമുള്ളത്.

കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പിന്‍റെ നിര്യാണവാര്‍ത്ത അറിഞ്ഞ് ധ്യാനത്തിലായിരുന്ന പാപ്പാ പോര്‍ച്ചുഗലിലെ സഭാമക്കളെ തന്‍റെ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.

പോര്‍ച്ചുഗീസ് പ്രധാനമന്ത്രി, പേദ്രോ പസ്സോസ് കൊയിലോയും പാത്രിയാര്‍ക്കിസ് റോഡ്രിഗസിനും വിശ്വാസസമൂഹത്തിനും രാഷ്ട്രത്തിന്‍റെ പേരില്‍ അനുശോചനം അറിയിച്ചു.









All the contents on this site are copyrighted ©.