2014-03-12 17:14:35

‘പാവങ്ങളോടുള്ള പ്രതിപത്തി
പാപ്പരത്വമല്ല സഭയുടെ പ്രേഷിതത്വമാണ്’


12 മാര്‍ച്ച് 2014, റോം
പാവങ്ങളോടുള്ള സമീപനത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രകടമാക്കുന്നത് പാപ്പരത്വമല്ല, സഭയുടെ പ്രേഷിതത്വമാണെന്ന് റോമിലെ കാരിത്താസ് ഉപവി പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഹെന്‍ട്രി ഫെറോച്ചി പ്രസ്താവിച്ചു. മാര്‍ച്ചാ 13-ാം തിയതി സ്ഥാനോരോഹണത്തിന്‍റെ വാര്‍ഷികത്തിലെത്തുന്ന പാപ്പാ ഫ്രാന്‍സിസിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലാണ് മോണ്‍സീഞ്ഞോര്‍ ഫെറോച്ചി തന്‍റെ വ്യക്തിപരമായ അനുഭവം ഇങ്ങനെ പങ്കുവച്ചത്.

പാവങ്ങളോടും രോഗികളായവരോടും പാപ്പാ ഫ്രാന്‍സിസ് പ്രകടിപ്പിക്കുന്ന പ്രതിപത്തിയെ സഭയുടെ ഇന്നത്തെ പാപ്പരത്തമാണെന്ന് ചിലരെങ്കിലും വിമര്‍ശിക്കുന്നുണ്ടെന്ന് മോണ്‍സീഞ്ഞോര്‍ ഫെറോച്ചി മാര്‍ച്ച് 12-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ക്രിസ്തുസ്നേഹത്തില്‍ കേന്ദ്രീകൃതമായ പാപ്പായുടെ ഉപവിപ്രവൃത്തികളും സഭയുടെ പ്രേഷിതദൗത്യം നിര്‍വ്വഹിക്കാനുള്ള തീക്ഷ്ണതയും കരിത്താസിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തറിയാന്‍ ഇടയായതുകൊണ്ടാണ് താന്‍ അഭിപ്രായം തുറന്നു പറയുന്നതെന്നും മോണ്‍സീഞ്ഞോര്‍, ഫെറോച്ചി, പാപ്പായുടെ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വാര്‍ഷികവുമായി ബന്ധപ്പെട്ടു വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

പാവങ്ങള്‍ക്കായി നിലകൊള്ളേണ്ട ക്രിസ്തുവിന്‍റെ ‘എളിയ സഭ’യുടെ ദര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസിനെ മുന്നോട്ടു നയിക്കുന്നതെന്ന്, സഭയുടെ ആഗോള ഉപവി പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന കാരിത്താസ് പ്രസ്താനത്തിന്‍റെ റോമിലെ ഡയറക്ടര്‍, മോണ്‍സീഞ്ഞോര്‍ ഫെരോച്ചി അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു. പാപ്പായുടെ ആഹ്വാനത്തില്‍ കാര്‍ത്താസ് പ്രസ്താനത്തിന് ഇന്ന് ആഗോളതലത്തില്‍ ലഭിക്കുന്ന പിന്‍തുണയും സഹായങ്ങളും പൂര്‍വ്വോപരിയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ നിര്‍ലോഭം സഹായിക്കാനെത്തുന്ന സന്നദ്ധസേവകരുടെ എണ്ണത്തിലുള്ള ഗണ്യമായ വര്‍ദ്ധനവും പാപ്പാ ഫ്രാന്‍സിസിന്‍റെ പാവങ്ങളോടും പരിത്യക്തരോടുമുള്ള സമീപനരീതിയുടെ വ്യത്യാസമാണെന്നും മോണ്‍സീഞ്ഞോര്‍ ഫെരോച്ചി പ്രസ്താവിച്ചു.

‘പാവങ്ങള്‍ക്കായ് പ്രവര്‍ത്തിക്കുന്ന എളിയ സഭ’ എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ ദര്‍ശനം മൗലികമാണെന്നും, അത് സുവിശേഷാധിഷ്ഠിതമാണെന്നും റോമാ കാരിത്താസിന്‍റെ തലവന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
____________________
Report : Nellikal, sedoc







All the contents on this site are copyrighted ©.