2014-03-12 16:45:07

സുനാമിയുടെ ദുഃഖസ്മരണയില്‍
മൊസാര്‍ട്ടിന്‍റെ വിലാപഗീതം


12 മാര്‍ച്ച് 2014, റോം
സുനാമി ദുരന്തത്തില്‍ മരണമടഞ്ഞ ജപ്പാന്‍കാരുടെ സ്മരണയില്‍ റോമിലൊരു സംഗീതാര്‍ച്ചന നടത്തി. മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്, മാര്‍ച്ച് 11-ന് ജപ്പാന്‍റെ കിഴക്കന്‍ തീരങ്ങളെ വിഴുങ്ങിയ രാക്ഷസ തിരമാലകളില്‍ ഒടുങ്ങിയ ആയിരക്കണക്കിന് ആത്മാക്കളെ അനുസ്മരിച്ചുകൊണ്ടാണ് റോമില്‍ സംഗീതാര്‍ച്ചന നടന്നത്.

മോസാര്‍ട്ടിന്‍റെ റേക്വിയേം, ‘പരേതസ്മരണ’യെന്ന 40 മിനിറ്റു നീണ്ടുനിന്ന ആപൂര്‍വ്വ സംഗീതസൃഷ്ടിയാണ് റോമന്‍ ചുവരിനു പുറത്തുള്ള വിശുദ്ധ പൗലോശ്ലീഹായുടെ ബസിലിക്കയില്‍ ദുരന്തത്തിന്‍റെ വാര്‍ഷിക ദിനത്തില്‍ അവതരിപ്പിക്കപ്പെട്ടത്. മൊസാര്‍ട്ടിന്‍റെ സൃഷ്ടികളില്‍ അത്യപൂരവ്വവും വൈകാരിക ഹൂര്‍ത്തങ്ങളുണര്‍ത്തുന്നതുമാണ്
‘Requiem’ എന്ന വിഖ്യാതമായ വിലാപഗീതം. റോമിലെ റൊസ്സീനി സിംഫണിയും, സാന്‍ കാര്‍ലോ ഗായകസംഘവും ചേര്‍ന്നാണ് സുനാമി ദുരത്തില്‍പ്പെട്ടവരുടെ സ്മരണാര്‍ത്ഥം പ്രാര്‍ത്ഥാനാന്തരീക്ഷത്തില്‍ മനോഹരമായ സംഗീതാര്‍ച്ച നടത്തിയത്. റോമിന്‍റെ പ്രഗത്ഭനായ സംഗീതസംവിധായകന്‍ മയെസ്ട്രോ ഡാനിയേലെ അജിമാനാണ് സിംഫണിയെ നയിച്ചത്.

റോമില്‍ ധാരാളമായെത്തുന്ന ജാപ്പനീസ് യുവാക്കളും, തീര്‍ത്ഥാടകരും, സംഗീതപ്രേമികളുമായി വന്‍ ജനാവലി പ്രകൃതി ദുരന്തത്തില്‍ ജീവന്‍വെടിഞ്ഞ പരേതരുടെ സ്മരണയ്ക്കു മുന്നില്‍ മൊസാര്‍ട്ടിന്‍റെ സംഗീത മാസ്മരികതയില്‍ വികാരനിര്‍ഭരരായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു.
____________________
Report : Nellikal, sedoc









All the contents on this site are copyrighted ©.