2014-03-12 16:38:29

ലോകം മുഴുവനേയും ആകർഷിക്കുന്ന പേപ്പൽ പ്രഭാവം


11 മാർച്ച് 2014, വത്തിക്കാൻ
മാർപാപ്പയായി ഒരു വർഷം പിന്നിടുമ്പോൾ പാപ്പാ ഫ്രാൻസിസിന് ലഭിക്കുന്ന സ്വീകാര്യതയും ജനപ്രീതിയും അഭൂതപൂർവ്വം വർദ്ധിക്കുകയാണെന്ന് വത്തിക്കാൻ വാർത്താ കാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാർദി എസ്.ജെ.. ഫ്രാൻസിസ് മാർപാപ്പായുടെ പേപ്പൽ സ്ഥാനാരോഹണത്തിന്‍റെ പ്രഥമ വാർഷികത്തോടനുബന്ധിച്ച് വത്തിക്കാൻ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വത്തിക്കാൻ റേഡിയോയുടെ ഡയറക്ടർകൂടിയായ ഫാ.ലൊംബാർദി. സഭാംഗങ്ങൾക്കിടയിൽ മാത്രമല്ല, സഭയിൽ നിന്ന് അകന്നു നിൽക്കുന്നവരുടെ ഇടയിൽപോലും പാപ്പാ ഫ്രാൻസിസിന് വലിയ സ്വാധീനമുണ്ട്. ലോകം മുഴുവനും സശ്രദ്ധം മാർപാപ്പയെ വീക്ഷിക്കുകയും പാപ്പായുടെ സന്ദേശങ്ങൾക്കായി കാതോർക്കുകയും ചെയ്യുന്നു. പാപ്പായുടെ സന്ദേശങ്ങൾ ജനങ്ങളെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ടെന്ന് ഫാ.ലൊംബാർദി അഭിപ്രായപ്പെട്ടു. ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും ദൈവസാമീപ്യവും മാർപാപ്പയിലൂടെ ജനം സ്പർശിച്ചറിയുന്നു.
മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ പാപ്പ ആദ്യമായി വിശ്വാസസമൂഹത്തെ അഭിവാദ്യം ചെയ്തത്, പെസഹാ വ്യാഴാഴ്ച റോമിലെ ദുർഗുണ പരിഹാര പാഠശാലയിലെ കാൽകഴുകൽ ചടങ്ങ്, അഭയാർത്ഥി കേന്ദ്രമായ ലാമ്പെദൂസാ ദ്വീപ് സന്ദർശനം, റിയോ ദി ജനീറോയിലെ ആഗോള യുവജന സംഗമം, പാപ്പായുടെ കർമ്മശൈലി അവതരിപ്പിക്കുന്ന സുവിശേഷത്തിന്‍റെ സന്തോഷം എന്ന അപ്പസ്തോലിക ആഹ്വാനത്തിന്‍റെ പ്രകാശനം, പുതിയ കർദിനാൾമാരെ വാഴിച്ച കൺസിസ്റ്ററി എന്നിങ്ങനെ പാപ്പായുടെ പ്രഥമ വർഷത്തെ അവിസ്മരണീയമാക്കുന്ന അനവധി മുഹൂർത്തങ്ങളും ഫാ.ലൊംബാർദി സംഭാഷണത്തിൽ അനുസ്മരിച്ചു. പാപ്പാ ഫ്രാൻസിസിന്‍റെ നേതൃത്വം തീർത്ഥാടകയായ സഭയ്ക്ക് പുത്തനുണർവ്വും ഉന്മേഷവും പകരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Reported: Vatican Radio, T.G








All the contents on this site are copyrighted ©.